Sorry, you need to enable JavaScript to visit this website.

അപകീര്‍ത്തിപ്പടെുത്തി സംസാരിച്ചു; ട്രംപിനെതിരെ വീണ്ടും മാനനഷ്ടക്കേസ്

വാഷിംഗ്ടണ്‍- അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചെന്ന് ആരോപിച്ച് കോളമിസ്റ്റ് ഇ ജീന്‍ കരോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പത്ത് മില്യന്‍ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 

നേരത്തെ ട്രംപിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത ഇ ജീന്‍ കരോളിന് അഞ്ച് മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപിനോട് കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധിക്കു ശേഷം ട്രംപ് സി. എന്‍. എന്‍ ചാനലില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചെന്നാണ് കരോളിന്റെ ആരോപണം. 

വിദ്വേഷം, ദുരുദ്ദേശം, വെറുപ്പ് എന്നിവയിലൂന്നിയ അപകീര്‍ത്തിപ്പെടുത്തല്‍ സങ്കല്‍പ്പിക്കാന്‍ തന്നെ ബുദ്ധിമുട്ടാണെന്നും ഇത്തരത്തിലുള്ള അപകീര്‍ത്തിപ്പെടുത്തലില്‍ നിന്നും ട്രംപിനെ തടയുന്നതിനും മറ്റുള്ളവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും കരോളിന് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് അവരുടെ അഭിഭാഷകന്‍ മാന്‍ ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ബോധിപ്പിച്ചു.
 
1996ല്‍ മാന്‍ ഹട്ടനിലെ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ അപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കരോള്‍ നേരത്തെ കേസ് കൊടുത്തിരുന്നത്. ഡ്രസിംഗ് റൂമില്‍ വെച്ച് കടന്നു പിടിക്കുകയും പുറത്തുപറഞ്ഞാല്‍ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും കരോള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നും കരോള്‍ വിശദീകരിച്ചു.
 
ട്രംപിനെതിരെ 2019ല്‍ കരോള്‍ ആദ്യം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തപ്പോള്‍ ബലാത്സംഗം ചെയ്തുവെന്ന് ഉന്നയിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലാത്സംഗത്തിന് ഇരയായവര്‍ക്ക് കേസ് കൊടുക്കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിക്കുന്ന നിയമം ന്യൂയോര്‍ക്കില്‍ വന്നപ്പോഴാണ് കരോള്‍ ബലാത്സംഗ കേസുമായി രംഗത്തെത്തിയത്. കരോളിനെ അറിയില്ലെന്ന് പറഞ്ഞ ട്രംപ് തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പറഞ്ഞിരുന്നത്. ട്രംപിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാതിരുന്ന ഒന്‍പതംഗ ജൂറി മുന്‍ പ്രസിഡന്റ് കുറ്റക്കാരനാണെന്ന് വിധിക്കുകയും കരോളിന്റെ പദവി ഇല്ലാതാക്കാനുള്ള ശ്രമം നടത്തിയെന്നും നിരീക്ഷിക്കുകയും നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയുമായിരുന്നു.

Latest News