Sorry, you need to enable JavaScript to visit this website.

അമ്മയുടെ അവിഹിത ബന്ധം; നാടു വിടാന്‍ പെണ്‍കുട്ടി കണ്ടെത്തിയത് വിചിത്ര വഴി, ഒടുവില്‍ അറസ്റ്റില്‍

തിരുപ്പതി- ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ സ്വന്തം വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്ക് തീയിട്ട 19 കാരി അറസ്റ്റില്‍. അമ്മയുടെ അവിഹിത ബന്ധങ്ങള്‍ കാരണം നാണം കെട്ടതിനാല്‍ അവരേയും കൊണ്ട് നാടുവിടാനാണ് യുവതി ഈ വഴി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ അമ്മയ്ക്ക് ചില അവിഹിത ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതുകാരണം കുടുംബത്തിന് ചീത്തപ്പേരുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ഗ്രാമം വിട്ട് വേറെ എവിടെയെങ്കിലും പോയാല്‍ കുപ്രിസിദ്ധിയില്‍നിന്ന് രക്ഷപ്പെടാമെന്നാണ് പെണ്‍കുട്ടി കരുതിയത്.  
19 വയസ്സായ കീര്‍ത്തിയാണ്  തിരുപ്പതി ജില്ലയില്‍ ചന്ദ്രഗിരി മണ്ഡലത്തിലുള്ള  ന്യൂ സനാംബറ്റ്‌ല ഗ്രാമത്തില്‍ 12 വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ അറസ്റ്റിലായതെന്ന് തിരുപ്പതി ജില്ലാ എ.എസ്.പി  വെങ്കട്ട് റാവു പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഗ്രാമത്തിലെ നിരവധി വീടുകളില്‍ തീപിടുത്തമുണ്ടായത്.
ഗ്രാമവാസികളില്‍ പരിഭ്രാന്തി പരന്നതിനെ  തുടര്‍ന്ന് കേസെടുത്ത പോലിസ് ഇവിടെ മഫ്തിയില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
ക്യാമറകള്‍ ക്രമീകരിച്ചു കൊണ്ടായിരുന്നു അന്വേഷണം. കേസ് അന്വേഷിക്കുന്നതിനിടയില്‍  അന്ധവിശ്വാസത്തില്‍ പെടാതിരിക്കാനും  ഗ്രാമവാസികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും ശ്രമം നടത്തി. ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായി ഉന്നത അധികാരികളും ജില്ലാ കലക്ടറും എംഎല്‍എയും ഗ്രാമം സന്ദര്‍ശിച്ചിരുന്നുവെന്ന് വെങ്കട്ട് റാവു പറഞ്ഞു.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഗ്രാമത്തിലുള്ള ഒരു കുടുംബത്തെ പോലീസ് സംശയിച്ചതായി വെങ്കട്ട് റാവു പറഞ്ഞു. ആ കുടുംബത്തിലെ ഒരു പുരുഷനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അയാളെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ സമയത്തും  തീപ്പിടിത്തം നിലച്ചില്ല. പിന്നീട് ഓരോരുത്തരെ ചോദ്യം ചെയ്താണ് കീര്‍ത്തിയിലെത്തയത്. ചെയ്യലില്‍ അവള്‍ കുറ്റം സമ്മതിച്ചുവെന്ന് വെങ്കട്ട് റാവു പറഞ്ഞു.
ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതിനാല്‍ അവള്‍ കൂടുതലും വീട്ടിലിരിക്കുകയായിരുന്നു. ഗ്രാമം സുരക്ഷിതമല്ലെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്താനാണ് പല വീടുകളിലും തീയിടാന്‍ തീരുമാനിച്ചത്. മൂന്ന് തീപ്പിടിത്തം കീര്‍ത്തിയുടെ വീട്ടില്‍ തന്നെ ആയിരുന്നു.
കോപാകുലയായ കീര്‍ത്തി ഉറങ്ങുകയായിരുന്ന അമ്മയുടെ സാരിയില്‍ തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എല്ലാ കത്തിയ വസ്തുക്കളുടെയും സാമ്പിളുകള്‍ എടുത്ത് പരിശോധനക്ക് അയച്ചിരുന്നു. രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടെന്നും വെങ്കട്ട് റാവു പറഞ്ഞു.

 

Latest News