ചണ്ഡീഗഢ്- സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അവളുടെ സ്‌കൂളിലെ അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പ്രതികളിലൊരാള്‍ അവളുടെ സഹപാഠിയാണെങ്കില്‍ മറ്റ് നാല് പേര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
കുറ്റകൃത്യത്തിന് ശേഷം വിദ്യാര്‍ത്ഥികളിലൊരാള്‍ തന്റെ സുഹൃത്തുക്കളെ കൂടി അറിയിക്കുകയായിരുന്നു. അവര്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. ഒരു പാര്‍ക്കില്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു. മേയ് 18 ന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കേസിന്റെ സൂക്ഷ്മത ചൂണ്ടിക്കാണിച്ച് പോലീസ് വെളിപ്പെടുത്തിയിരുന്നില്ല.
മോഷണക്കുറ്റം ചുമത്തപ്പെട്ടതിനാല്‍ കുറ്റകൃത്യത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ട അമ്മ സ്‌കൂള്‍ അധികൃതരെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
അധികൃതര്‍ ഉടന്‍ തന്നെ ചണ്ഡീഗഡ് വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പോലീസിനെ അറിയിക്കുകയായിരുന്നു.