മോഡി ഷോ ആകും, പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

ന്യൂദല്‍ഹി - പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്‌കരിക്കും. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തുന്നതിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സവര്‍ക്കറുടെ ജന്മദിനത്തില്‍ ചടങ്ങ് നടത്തുന്നതിലും എതിര്‍പ്പുണ്ട്. മേയ് 28 ഞായറാഴ്ചയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ബഹിഷ്‌കരണം സംബന്ധിച്ച വിവരം ഔദ്യോഗികമായി പത്രക്കുറിപ്പായി പുറത്തിറങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസും (ടി.എം.സി) സി.പി.ഐയും പരിപാടി ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ട്ടികള്‍ക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചതിനു പിന്നാലെ ബുധനാഴ്ചത്തന്നെ അന്തിമ തീരുമാനം ഉണ്ടാകും. പ്രതിപക്ഷം ഒന്നടങ്കമാണ് ചടങ്ങ് ബഹിഷ്‌കരിക്കുക എന്നാണ് വിവരം.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്നതിലാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്. രാഷ്ട്രപതി ദൗപദി മുര്‍മു വേണം ഉദ്ഘാടനം നടത്താനെന്ന് പ്രതിപക്ഷം പറയുന്നു. ദലിത് വിഭാഗത്തില്‍നിന്നുള്ള വനിതാ രാഷ്ട്രപതിയെ ഈ നടപടിയിലൂടെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.

2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടുന്ന ചടങ്ങും പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിച്ചിരുന്നു. കര്‍ഷകരുടെ പ്രതിഷേധം, കോവിഡ് മഹാമാരി, ലോക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി എന്നിവക്കിടയില്‍ ഇത്തരമൊരു ചടങ്ങ് നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ ബഹിഷ്‌കരണം.

 

Latest News