മരണവീട്ടില്‍ സഹായത്തിനെത്തി മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍


തൃശൂര്‍ - മരണവീട്ടില്‍ സഹായത്തിനായി എത്തി മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. അഞ്ച് മാസത്തിലേറെക്കാലമായി നടത്തിയ അന്വേഷണത്തിലാണ് ഞമനേങ്ങാട് വൈദ്യന്‍സ് റോഡിന് സമീപം കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജനുവരി രണ്ടിന് വൈകിട്ടാണ് സംഭവം. ഞമനേങ്ങാട് ഒന്നരക്കാട്ട് പത്മനാഭന്റെ ഭാര്യ അംബികയുടെ മൂന്ന് പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്. പത്മനാഭന് അസുഖം ബാധിച്ച്  ആശുപത്രിയില്‍ പോകുന്നതിനിടെ അടുക്കളയിലെ സ്ലാബിന് മുകളില്‍ പാത്രത്തിനകത്ത് സൂക്ഷിച്ചിരുന്നതായിരുന്നു മാല. പിന്നീട് പത്മനാഭന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാനും മറ്റും വന്നതായിരുന്നു ഷാജി. സ്വര്‍ണ്ണമാല കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ഒടുവില്‍ ഷാജിയെ മാസങ്ങളോളം നിരീക്ഷിക്കുകയും തെളിവുകള്‍ കണ്ടെത്തുകയും ചെയ്തതിന് ശേഷമാണ് അറസ്റ്റ് നടത്തിയത്.

 

Latest News