മല്‍സ്യ വിപണി ഇടിഞ്ഞു: കോഴിക്ക് വില കൂടി

മലപ്പുറം-ഫോര്‍മാലിന്‍ വിവാദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മല്‍സ്യ വിപണി ഇടിഞ്ഞു. ജനങ്ങള്‍ മല്‍സ്യം വാങ്ങുന്നത് നിര്‍ത്തി കോഴിയിലേക്ക് തിരിഞ്ഞതോടെ കോഴിയിറച്ചിക്ക് വില കൂടി. മല്‍സ്യ വിപണി ഇപ്പോള്‍ കടുത്ത മാന്ദ്യത്തിലാണ്. ഡിമാന്റ് ഇല്ലാതായതോടെ മല്‍സ്യത്തിന്റെ വരവ് കുറഞ്ഞു. കുറഞ്ഞ വിലയിലും മല്‍സ്യം വാങ്ങാന്‍ ആളില്ല. ചെറു മല്‍സ്യങ്ങളാണ് ഇപ്പോഴും വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇവയുടെ വില കുറഞ്ഞിട്ടും ആരും വാങ്ങാന്‍ തയാറാകുന്നില്ല. ഫോര്‍മാലിന്‍ എന്ന രാസവസ്തു ചേര്‍ത്താണ് മല്‍സ്യമെത്തുന്നതെന്ന് കണ്ടെത്തിയതോടെയാണ് പരിഭ്രാന്തി പരന്നത്. മത്തിയുടെ വില പകുതിയായി കുറഞ്ഞിട്ടുണ്ട്. നേരത്തെ കിലോക്ക് 200 രൂപ വരെ ഉയര്‍ന്നത് ഇപ്പോള്‍ 100-80 രൂപയായി കുറഞ്ഞു. എന്നിട്ടും വില്‍പപ്പന നടക്കുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.
അതേ സമയം, മീന്‍ വിപണിയിലെ ഇടിവ് കോഴി മാര്‍ക്കറ്റിന് വളമായി. കോഴി വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി വര്‍ധിക്കുകയാണ്. കോഴിയുടെ വില കിലോക്ക് 130 രൂപ വരെയും ഇറച്ചിക്ക് 210 രൂപ വരെയും ഉയര്‍ന്നു. ഡിമാന്റ് വര്‍ധിച്ചത് മുതലെടുത്ത് കോഴിക്കച്ചവടക്കാര്‍ വിപണിയില്‍ കൃത്രിമ വിലവര്‍ധവുണ്ടാക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

 

Latest News