Sorry, you need to enable JavaScript to visit this website.

ജിദ്ദ പ്രഖ്യാപനം അറബ് സഹകരണത്തില്‍ പുതിയ അധ്യായമാകുമെന്ന് സൗദി മന്ത്രിസഭ

ജിദ്ദ- ജിദ്ദയില്‍ സമാപിച്ച 32-ാമത് അറബ് ഉച്ചകോടി ഫലങ്ങളെ സൗദി മന്ത്രിസഭായോഗം പ്രകീര്‍ത്തിച്ചു. ഉച്ചകോടിയുടെ സമാപനത്തില്‍ പുറത്തിറക്കിയ ജിദ്ദ പ്രഖ്യാപനം അറബ് ലോകം നേരിടുന്ന വെല്ലുവിളികള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കുമെതിരെ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുകയും അറബ് രാജ്യങ്ങള്‍ തമ്മിലെ സഹകരണത്തിന്റെ പുതിയ അധ്യായം തുറക്കുകയും ചെയ്യുന്നതായി മന്ത്രിസഭ വിലയിരുത്തി.
അറബ് രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ സൗദി അറേബ്യ നിരന്തരമായി താല്‍പര്യപ്പെടുന്നു. മേഖലയില്‍ സ്ഥിരതക്കും അഭിവൃദ്ധിക്കും സാഹചര്യമൊരുക്കുന്ന എല്ലാ കാര്യങ്ങളിലും അതീവ താല്‍പര്യമുണ്ട്.
സുഡാനിലെ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തിയ മന്ത്രിസഭാ യോഗം സുഡാനില്‍ പോരാട്ടത്തിലുള്ള കക്ഷികള്‍ ഹ്രസ്വകാല വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്തു. സുഡാന്‍ കക്ഷികള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ശാശ്വത വെടിനിര്‍ത്തലിനും രാഷ്ട്രീയ പ്രക്രിയ സജീവമാക്കാനും ഊന്നല്‍ നല്‍കണമെന്ന് പ്രത്യാശിക്കുന്നു. സൗദി അറേബ്യയുടെ അഭിലാഷങ്ങളും വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങളും കൈവരിക്കാനും മാനവരാശിയെ സേവിക്കുന്ന ശാസ്ത്രീയ ഫലങ്ങളില്‍ എത്തിച്ചേരാനും സഹായകമെന്നോണം രണ്ടു സൗദി ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ശാസ്ത്ര യാത്ര ആരംഭിച്ചതിനെ സൗദി മന്ത്രിസഭ പ്രശംസിച്ചതായും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി പറഞ്ഞു.

 

Latest News