Sorry, you need to enable JavaScript to visit this website.

വിഷം ചീറ്റി രാജാസിംഗ് വീണ്ടും; 2025 ല്‍ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കും

കോട്ട- ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിലും പ്രസംഗത്തിലും ഒട്ടും കുറവു വരുത്താതെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗോഷാമഹല്‍ ബിജെപി എംഎല്‍എ താക്കൂര്‍ രാജ സിംഗ്. രാജസ്ഥാനിലെ കോട്ടയില്‍ മഹാറാണാ പ്രതാപ് ജയന്തിയോട് അനുബന്ധിച്ച് നടന്ന ശൗര്യവാഹന്‍ റാലിയിലും സ്വാഭിമാന്‍ സഭാ സമ്മേളനത്തിലും അദ്ദേഹം വിദ്വേഷ പ്രസംഗം നടത്തി.
ഹിന്ദു മതവും രാഷ്ട്രവും സംരക്ഷിക്കാനും ലൗ ജിഹാദും തീവ്രവാദവും  അവസാനിപ്പിക്കാനും നിലവില്‍ ഓരോ യുവാക്കളും മഹാറാണാ പ്രതാപ് ആകേണ്ടതുണ്ടെന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് രാജ സിംഗ് പറഞ്ഞു.
 തീവ്രവാദ സംഘടനകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല. മഹാറാണാ പ്രതാപിന്റെ കാലത്ത് രാജ്യദ്രോഹികള്‍ ജയ്ചന്ദ് വേഷം കെട്ടി മതത്തെ തകര്‍ക്കുന്ന ജോലി ചെയ്തിരുന്നു. ഇപ്പോഴും ചില ജയ്ചന്ദുകള്‍ സമാനമായ ജോലി ചെയ്യുന്നു. ഇത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണം. മതവും രാഷ്ട്രവും സംരക്ഷിക്കുന്ന യുവാക്കള്‍ക്ക് മാത്രമേ ഈ ജോലി നിര്‍വഹിക്കാന്‍ കഴിയൂ-  കരഘോഷം മുഴക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ രാമനവമി റാലിക്ക് നേരെ കല്ലേറുണ്ടായത് അദ്ദേഹം ചൂണ്ടിഅന്യരാജ്യത്തുനിന്നുള്ള കയ്യേറ്റക്കാര്‍ ഇവിടെയെത്തുന്നത് ഇവിടുത്തെ നിയമത്തില്‍ അലംഭാവം ഉള്ളതുകൊണ്ടാണ്. രാജ്യത്തെ ഹിന്ദുക്കളുടെ ആവശ്യം അനുസരിച്ച് 2025-26 ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും- അദ്ദേഹം പറഞ്ഞു.
രാജ്യത്തെയും മതത്തെയും സമൂഹത്തെയും സംരക്ഷിക്കാനാണ് മഹാറാണാ പ്രതാപ് മുഗള്‍ രാജാവായ അക്ബറുമായി പോരാടിയതെന്ന് എംഎല്‍എ പറഞ്ഞു. അസ്ത്രങ്ങളെയും വാളിനെയും ഭയപ്പെട്ടിരുന്നില്ല. മഹാറാണാ പ്രതാപിനെയാണ് അക്ബര്‍ ഭയപ്പെട്ടിരുന്നത്. രാജ്യത്തിനെതിരായി ആരെങ്കിലും നിന്നാല്‍ അതിന് തക്കതായ മറുപടി നല്‍കണം. ഹല്‍ദിഘട്ടി യുദ്ധത്തിന്റെ ധീരത നാം എപ്പോഴും ഓര്‍ക്കണം. യുവാക്കളുടെ ആവേശം മതം, രാഷ്ട്രം, പശു മാതാവ് എന്നിവയുടെ സംരക്ഷണത്തിനായി ഉപയോഗിക്കണം- രാജ സിംഗ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നിരോധിക്കപ്പെട്ടിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക്  റാലി നടത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്ന്  സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി എംഎല്‍എ ആരോപിച്ചു. ഹല്‍ദിഘട്ടിയിലെ യുദ്ധഭൂമിയിലെ മഹാറാണാ പ്രതാപിന്റെ പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടന്നാക്രമിച്ച് അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ പ്രതിമകളില്‍ സ്പര്‍ശിച്ചവര്‍ ആരായാലും അവരെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജസ്ഥാനിലും ലൗ ജിഹാദ് പ്രശ്‌നം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്'. നമുക്ക് ഗ്രൂപ്പിസത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. എല്ലാവര്‍ക്കും ഒരു നിയമത്തിന് കീഴില്‍ ജീവിക്കാന്‍ കഴിയുന്ന ഏകീകൃത സിവില്‍ കോഡ് ഉണ്ടാക്കാന്‍ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിക്കണം- അദ്ദേഹം  പറഞ്ഞു.

 

 

Latest News