Sorry, you need to enable JavaScript to visit this website.

മനോഹരം സോമാലിലാന്റ്‌

നീണ്ട രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സോമാലിയൻ മണ്ണിൽ കാല് കുത്തുമ്പോൾ അഭൂതപൂർവമായ വളർച്ചയാണ് കാണാനായത്. ചില കാഴ്ചകൾ കേട്ടറിവിനേക്കാൾ സുന്ദരമായിരിക്കും. പ്രതീക്ഷയേക്കാൾ വലിയ ആസ്വാദനമായിരിക്കും. എമിഗ്രേഷൻ കൗണ്ടറിൽ അറുപത് ഡോളർ അടച്ച് പത്ത് മിനിട്ടിനുള്ളിൽ പുറത്തിറങ്ങി. ടെലി സോമിന്റെ പഴയ സിം കാർഡ് തന്നെ ഉപയോഗപ്രദമാക്കി.  വളരെ ചെറിയ ഒരു എയർപോർട്ടാണ്. ഒരു ചെറിയ ഉദ്യാനത്തിന്റ പ്രതീതി. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കുള്ള വഴി അതിലേറെ കൗതുകകരവും.  


കിഴക്കൻ ആഫ്രിക്കയിലെ സോമാലിയൻ റിപ്പബ്ലിക്കായ മേഖലയാണ് സോമാലിലാന്റ്. 1991 ൽ സ്വതന്ത്രമായി രൂപപ്പെട്ട രാജ്യമാണ്. വിവിധ രാജ്യങ്ങളുടെയും  അന്താരാഷ്ട്ര സംഘടനകളുടെയും അംഗീകാരത്തിനായി കാത്തിരിക്കുന്നു. ഹെർജയ്‌സ തലസ്ഥാനവും ഔദ്യോഗിക ഭാഷ സോമാലിയയും തുടർഭാഷകളായി ഇംഗ്ലീഷും അറബിയും ഉപയോഗിക്കുന്നു. നിലവിൽ പ്രസിഡന്റ് ഭരണവും ഇസ്‌ലാമിക നിയമ വ്യവസ്ഥയുമാണ്. 50 ലക്ഷത്തിനടുത്ത് വരും ജനസംഖ്യ. 


കറൻസി സോമാലിലാന്റ് ഷില്ലിംഗാണ്. കൂടുതലായും വിനിമയം നടത്തുന്നത് അമേരിക്കൻ ഡോളറിലും പേടിഎം വഴിയുമാണ്. സോമാലിലാന്റിന്റെ തെക്ക് പടിഞ്ഞാറ് എത്യോപ്യയും ജിബൂത്തി പടിഞ്ഞാറും ഏതൻ കടലിടുക്ക് വടക്ക് ഭാഗത്തായും പുണ്ട്‌ലാന്റ് കിഴക്കായും സ്ഥിതി ചെയ്യുന്നു. പ്രൈമറി വിദ്യാഭ്യാസം സർക്കാർ സൗജന്യമായി നൽകി വരുന്നു. ലോകത്തുള്ള എല്ലാവരെയും രാഷ്ട്ര പുനർനിർമാണത്തിനും കച്ചവടത്തിന് മുതൽ മുടക്കാനും സർക്കാർ ക്ഷണിക്കുന്നു. പ്രധാനമായും കൃഷിയെ ആശ്രയിക്കുന്നു. ആട്, ഒട്ടകം കയറ്റുമതിയാണ് വരുമാന മാർഗം. വിശാലമായ തെരുവുകൾ, നടപ്പാതകൾ, ഭംഗിയുള്ള വിളക്ക് കാലുകൾ, തണൽ മരങ്ങൾ പൂന്തോട്ടങ്ങൾ ഇതൊക്കെ നിർമാണ ഘട്ടത്തിലാണ്.


ഹെർജയ്‌സ, ബർബറ, ബോർമ, വൊചാലെ, ബുറോ, ഗിബീലി, ലാസ് സനൂപ് എന്നിവ പ്രധാന പട്ടണങ്ങളാണ്. പ്രധാന നഗരമായ ഹെർജയ്‌സയിലാണ്  വിമാനത്താവളം. ബർബറയിൽ കപ്പൽ ചരക്ക് നീക്കങ്ങളും നടക്കുന്നു. സമശീതോഷ്ണമാണ് കാലാവസ്ഥ.
വികസന കുതിപ്പിലാണ് ആഫ്രിക്കയിലെ ഈ കൊച്ചു രാജ്യം. ബാർബറ തുറമുഖം മുതൽ എത്യോപ്യൻ ബോർഡറായ വചാല വരെയുള്ള മുന്നൂറോളം കിലോ മീറ്റർ റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരെ പെട്ടെന്ന് എത്തിപ്പെട്ടത് ഏവരെയും അത്ഭുതപ്പെടുത്തും. ബാർബറ തുറമുഖത്തിനടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള എയർപോർട്ടും നിലവിൽ വന്നിട്ടുണ്ട്.

അമേരിക്കൻ എയർ ബേസിന്റെ ജോലി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സാധ്യതകളുള്ള പുത്തൻ മേച്ചിൽപുറങ്ങൾ തേടുന്നവർക്ക് സോമാലിലാന്റ് പോലെയുള്ള സ്ഥലങ്ങൾ ഭാവിയിൽ അനുയോജ്യമാകുമെന്നാണ് വിലയിരുത്തൽ. അംബരചുംബികളായ ഹോട്ടലുകളും അതിനനുസൃതമായ മാളുകളുടെയും പ്രവർത്തന പുരോഗതി ആരെയും അത്ഭുതപ്പെടുത്തും.  പിന്നിട്ട വാരത്തിൽ തുടങ്ങിയ സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിലാണ് നാടിപ്പോഴും. സോമാലിലാന്റ് ജനത ആഘോഷത്തിമിർപ്പിലാണ്. പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മുപ്പത്തിരണ്ടാം വാർഷിക ദിനമായിരുന്നു മെയ് 18.  സിയാദ് ബറെയുടെ കിരാതമായ അടിച്ചമർത്തലുകൾക്കെതിരെ സന്ധിയില്ലാതെ പോരാടി.  നിരവധി  മനുഷ്യരുടെ ജീവനും ജീവിതവും അപഹരിക്കപ്പെട്ട ദീർഘകാല ആഭ്യന്തര യുദ്ധത്തിന് ശേഷം 1991 മെയ് 18 ന് ആണ് സോമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് റിപ്പബ്ലിക് ഓഫ് സോമാലിലാന്റ് രൂപം കൊള്ളുന്നത്.
 ആഹ്ലാദാരവങ്ങളാണ് റിപ്പബ്ലിക് ഓഫ് സോമാലിലാന്റിന്റെ തലസ്ഥാനമായ ഹർജയ്‌സ നഗരത്തിലെങ്ങും.  മൂവർണക്കൊടി പുതച്ച കാറുകൾ മുതൽ ട്രക്കുകൾ വരെ, വൻ പതാകകൾ തൂക്കിയ ബഹുനില കെട്ടിടങ്ങൾ മുതൽ കുഞ്ഞുകച്ചവട ഷെഡുകൾ വരെ,  ആൺ-പെൺ ഭേദമില്ലാതെ, ദേശീയക്കൊടി പുതച്ച് നഗരത്തിരക്കിൽ എങ്ങോട്ടെന്നില്ലാതെ  ഉലാത്തുന്ന വയോധികർ മുതൽ കുഞ്ഞുമക്കൾ വരെ...
കാറുകളിലും പിക്കപ്പ് വാനുകളിലും ആരവങ്ങൾ മുഴക്കി ഓടി നടക്കുന്ന യുവത.


രാത്രിയായതോടെ നഗരം പെരുന്നാൾ രാവ് പോലെ ജന നിബിഢമാകുന്നു. എങ്ങും ജനത്തിരക്ക്, ദിവസങ്ങളായി രാവുകളിൽ ആഘോഷ പരിപാടികൾ നടക്കുന്ന 'ഫ്രീഡം പാർക്ക്' മൈതാനത്തിന് പുറത്ത് യുവാക്കളുടെ വലിയൊരു സംഘം പാട്ടു പാടി നൃത്തം ചെയ്യുന്നു. 
ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന, ഭൂമിശാസ്ത്രപരമായി അനേകം പ്രത്യേകതകളുള്ള ഒരു മേഖലയാണ് സോമാലിയൻ തീരം. അതിലുപരി ലോക രാജ്യങ്ങളുടെ ശാക്തിക ബലാബലത്തിൽ തന്ത്രപ്രധാനമാണ് ഏദൻ കടലിടുക്ക.് ഇന്ത്യൻ സമുദ്രത്തിൽ ചേരുന്ന മേഖലയാണിത്. 


പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾ ലോകത്തെല്ലായിടത്തുമെന്ന പോലെ ഈ കിഴക്കനാഫ്രിക്കൻ മേഖലയെയും പങ്കിട്ടെടുത്തിരുന്നു. 1950-60 കളിലാണ് അവർ ഇവിടം വിട്ടുപോയത്. ബ്രിട്ടനും ഇറ്റലിക്കും ഫ്രാൻസിനുമെല്ലാം താൽപര്യമുണ്ടായിരുന്ന പ്രദേശമാണിത്. 
സമ്പന്നമായ ഭൂതകാലവും ഏറ്റവും മോശം വർത്തമാന കാലവുമുള്ള ജനതയാണ് സോമാലി  ജനത. സാമ്പത്തികമായും സാംസ്‌കാരികമായും സമ്പന്നമായിരുന്നു അവരുടെ ഭൂതകാലം. ലാസ്ഗീൽ, ദഗാഹ്ഗുറെ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയ,  ചരിത്രാതീത കാലത്തെ മനുഷ്യർ വരച്ച ഗുഹാ ചിത്രങ്ങൾ അതിന് തെളിവാണ്.
പുരാതന കാലഘട്ടത്തിലും മധ്യകാലഘട്ടത്തിലും ലോകത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു സോമാലിയൻ തീരമേഖല എന്നത് അതിശയിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. കുന്തിരിക്കം, കരിങ്ങാലി തുടങ്ങിയവയുടെയും ആടുമാടുകളുടെയും മറ്റും കച്ചവടത്തിന് പുരാതന കാലത്തു തന്നെ പേരുകേട്ടവരാണ് സോമാലി ജനത. പുരാതന ഈജിപ്തും മറ്റുമായി അവർക്ക് വാണിജ്യ ബന്ധമുണ്ടായിരുന്നു.
1969 ൽ ഭരണത്തിലെത്തിയ ദറോദ് ഗോത്രക്കാരനായ സിയാദ് ബാരെ ആദ്യ വർഷങ്ങളിൽ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് രീതിയിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോയത്. 1980 കളിൽ സമ്പൂർണ ഏകാധിപത്യത്തിലെത്തുകയും ഗോത്ര ഏറ്റുമുട്ടലുകൾ രൂക്ഷമാകുകയും ചെയ്തു. 1985 ൽ ആഭ്യന്തര സംഘർഷങ്ങൾ വൻ ആഭ്യന്തര യുദ്ധമായി മാറിയതോടെ ഇസാഖ് ഗോത്രക്കാരുടെ അധീന പ്രദേശമായ സോമാലിലാന്റിനെ പൂർണമായി നശിപ്പിക്കാൻ സയീദ് ബാരെയുടെ സൈന്യം ഇറങ്ങിത്തിരിച്ചു. സോമാലിലാന്റിലെ 90 ശതമാനം പ്രദേശങ്ങളും ബോംബിട്ട് തകർത്തു. കണ്ണിൽ കാണുന്നവരെയെല്ലാം വെടിവെച്ചു കൊന്നു. ഇസാഖുകളെ ക്രൂരമായി കൂട്ടക്കൊല ചെയ്തു. രണ്ടര ലക്ഷത്തോളം ഇസാഖുകളെ കൊന്നൊടുക്കി. പത്തു ലക്ഷത്തോളം പേർക്ക് പരിക്കേറ്റു.  ബാക്കിയുള്ളവർ ജീവനും കൊണ്ട് ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലേക്ക് ഒളിച്ചോടി. കുറേയധികം പേർ അഭയാർത്ഥികളായി യൂറോപ്പിലെയും മറ്റു ഭൂഖണ്ഡങ്ങളിലെയും വിവിധ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടു. രക്ഷപ്പെട്ടവർക്ക് കുടുംബങ്ങളില്ലാതായി. കുടുംബങ്ങൾ വിവിധ രാജ്യങ്ങളിൽ ചിന്നിച്ചിതറി. 
പോരാട്ടങ്ങളുടെ ഫലമായി 1991 മെയ് 18 ന് സ്വതന്ത്ര സോമാലിലാന്റ് നിലവിൽ വന്നു. 
അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഒരു രാജ്യമല്ലാത്ത രാജ്യമാണിന്നും. ഇന്നാട്ടിലെ ശുദ്ധമനസ്‌കരായ ജനതയുടെ സോമാലിലാന്റ് ദേശീയത ബോധം ആത്മാഭിമാനത്തിൽ അധിഷ്ഠിതമാണ്. ഇതരരോടുള്ള വെറുപ്പിന് ഒരിടവുമില്ലാത്ത ഒരു ജനതയുടെ ദേശീയ ചിന്ത നേരിൽ അനുഭവിച്ചറിയുകയാണ് ഇപ്പോൾ.

Latest News