യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടു; പിന്നീട് തുണ്ടങ്ങളാക്കി കനാലില്‍ എറിഞ്ഞു

അമൃത്സര്‍- പഞ്ചാബില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കുഴിച്ചിട്ട ശേഷം വീണ്ടും പുറത്തെടുത്ത് തുണ്ടമാക്കി കനാലില്‍ എറിഞ്ഞു. ഹോഷിയാര്‍പുര്‍ ജില്ലയിലെ ദസുവ ടൗണിലാണ് സംഭവം. 30 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുദാസ്പുര്‍ സ്വദേശിയായ ലാഡ്ഡിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. തര്‍സിക്കയിലെ ഖുജാല ഗ്രാമത്തില്‍ താമസിക്കുന്ന അമ്മാവന്‍ മസൂര്‍ അലിയെ സന്ദര്‍ശിക്കുന്നതിന്് മേയ് 19നാണ് ലാഡ്ഡി ഇവിടെ എത്തിയത്.
ഗുര്‍ദാസ്പുര്‍ ജില്ലയിലെ കഹ്്‌നുവാന്‍ സ്വദേശി ബാഗ് ഹുസൈന്‍, ധിനാപുര്‍ ഗ്രാമത്തിലെ ശരിഫ് മുഹമ്മദ് എന്ന സിയ, ലുധിയാനയിലെ യാക്കൂബ് ഖാന്‍, ജഹൂറയിലെ ബിയാസ്, ഗുര്‍ദാസ്പുരിലെ ജന്നത്ത് അലി, തരണ്‍ തരണിലെ യാക്കൂബ് അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അമ്മാവനെ കാണാന്‍ പോയ മകന്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ലാഡ്ഡിയുടെ പിതാവ് ഖസംദീന്‍ മേയ് 20ന് പരാതി നല്‍കിയിരുന്നുവെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് പരംപാല്‍ സിംഗ് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ തന്റെ മകനെ തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്ന് പിന്നീട് ഖസംദീന്‍ പോലീസിനെ അറിയിച്ചു. അന്വേഷണം നടത്തി ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. ഇന്നലെയാണ് പ്രതികളെ അവരുടെ വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്തത്. ലാഡ്ഡിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. മറവു ചെയ്ത് മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കുശേഷം പുറത്തെടുത്ത് കഷണങ്ങളാക്കി ഹോഷിയര്‍പുര്‍ ജല്ലയിലെ ഉച്ചി ബാസി ഗ്രാമത്തിലുള്ള കനാലില്‍ എറിഞ്ഞുവെന്നും പ്രതികള്‍ വെളിപ്പെടുത്തി.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

 

 

Latest News