ടെല്‍ അവീവ്- പശ്ചിമേഷ്യയുടെ സമുദ്രമേഖലയില്‍ ഒഴുകുന്ന ഭീകരതാവളങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഇറാന്‍, വ്യാപാര കപ്പലുകളെ സൈനിക കപ്പലുകളാക്കി മാറ്റുന്നതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ആരോപിച്ചു. അഞ്ച് വ്യത്യസ്ത കപ്പലുകളുടെ ചിത്രങ്ങള്‍ അവതരിപ്പിച്ചാണ് മന്ത്രി യോവ് ഗാലന്റിന്റെ രുരുതര ആരോപണം. യുദ്ധവിമാനങ്ങളും ആയുധങ്ങളും കപ്പലുകളില്‍ രഹസ്യമായി സജ്ജീകരിച്ച് ഇറാന്‍ ഇവയെ സൈനിക കപ്പലുകളാക്കി മാറ്റിയതായി ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
'മേഖലയിലുടനീളം അതിന്റെ കരങ്ങള്‍ നീട്ടുന്നതിനും ഇസ്രായേലിനെതിരെ 'ഒരു പുതിയ മുന്നണി സ്ഥാപിക്കുന്നതിനും ടെഹ്‌റാന്‍ ആ സായുധ നാവിക കപ്പലുകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഗള്‍ഫിലും അറബിക്കടലിലും സമുദ്ര ഭീകരതനടപ്പാക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും പിന്നീട് ചെങ്കടലിലേക്കും മെഡിറ്ററേനിയന്‍ കടലിലേക്കും അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു- ഇസ്രായേല്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
'മേഖലയുടെയും ലോകത്തിന്റെയും സ്ഥിരതയ്ക്ക് ഇറാന്‍ ഏറ്റവും വലിയ ഭീഷണിയാണ്. അത് ഇസ്രായേലിനെതിരെ യുദ്ധം നടത്തുകയാണ്- ഗാലന്റ് പറഞ്ഞു
ഇറാനും ഇസ്രയേലും തമ്മിലുള്ള കടല്‍ സംഘര്‍ഷങ്ങള്‍, ഇറാന്‍ ആണവ കരാറിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍, മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള മിലിഷ്യകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ, ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള നിലവിലുള്ള സംഘര്‍ഷം എന്നിവയുള്‍പ്പെടെ വിശാലമായ ഭൗമ-രാഷ്ട്രീയ മത്സരങ്ങളുടെ വിപുലീകരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍ കപ്പലുകള്‍ പിടിച്ചെടുക്കല്‍, കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം, കടല്‍ ആക്രമണ ആരോപണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന നിരവധി സംഭവങ്ങള്‍ ഈയിടെ ഉണ്ടായി. ഇരു കൂട്ടരും തമ്മിലുള്ള സമുദ്ര തര്‍ക്കങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ യാഥാര്‍ഥ്യമായി. ഓരോ കക്ഷിയും പരസ്പരം അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും സമുദ്ര സുരക്ഷക്ക് ഭീഷണിയുമാണെന്ന് ആരോപിക്കുന്നു.