കേരള സ്റ്റോറി കണ്ട ശേഷം തമ്മില്‍ തെറ്റി; പരാതി നല്‍കി യുവാവിനെ പിടിപ്പിച്ചു

ഇന്‍ഡോര്‍- വിദ്വേഷം വിളമ്പുന്ന സിനിമയായ കേരള സ്റ്റോറി കണ്ടശേഷം കാമുകിയും കാമുകനും തമ്മില്‍ വാക്കേറ്റം. ഒടുവില്‍ യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. ബലാത്സംഗം, മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അറസ്റ്റ് ചെയ്തത്.
ദി കേരള സ്‌റ്റോറി കണ്ടതിന് ശേഷം യുവാവുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് യുവതി പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് തടയുന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) എന്നിവ  പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് ഖജ്‌രാന പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ദിനേശ് വര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രണയത്തിന്റെ കെണിയില്‍ വീണതിന് ശേഷം മതം മാറാന്‍ പ്രതി സമ്മര്‍ദ്ദം ചെലുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ ആരോപിച്ചു.
താനും യുവാവും അടുത്തിടെ 'ദി കേരള സ്‌റ്റോറി' കാണാന്‍ പോയതായി യുവതി പറഞ്ഞു. സിനിമ കണ്ടതിന് ശേഷം തര്‍ക്കം ഉണ്ടായെന്നും മര്‍ദിച്ച ശേഷം യുവാവ് തന്നെ  ഉപേക്ഷിച്ചുവന്നും യുവതി പറയുന്നു. മേയ് 19 നാണ്  പോലീസിനെ സമീപിച്ച് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
12ാം ക്ലാസ് വരെ പഠിച്ച യുവാവ് തൊഴില്‍ രഹിതനാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. നാല് വര്‍ഷം മുമ്പ് കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുമ്പോഴാണ് യുവതിയെ പരിചയപ്പെട്ടത്. എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് ഖജ്‌രാന പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ദിനേശ് വര്‍മ പറഞ്ഞു.

 

Latest News