Sorry, you need to enable JavaScript to visit this website.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; മോഡിക്കെതിരെ പ്രതിപക്ഷം, വിവാദം കൊഴുക്കുന്നു

ന്യൂദൽഹി- പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. ബി.ജെ.പിയുടെ ഏറ്റവും വലിയ ഐക്കണുകളിൽ ഒന്നായ വി.ഡി സവർക്കറുടെ ജന്മദിനമായ മെയ് 28-നാണ് പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നത്. ഭരണഘടനയുടെ പരമോന്നത അധികാരി എന്ന നിലയിൽ രാഷ്ട്രപതിയാണ് പാർലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വി.ഡി സവർക്കറുടെ ജന്മദിനം പാർലമെന്റ മന്ദിരം ഉദ്ഘാടനം ചെയ്യാനായി തെരഞ്ഞെടുത്തത് രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാർക്ക് സമ്പൂർണ അപമാനമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.  
    2020 ഡിസംബറിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രഖ്യാപിച്ചത് മുതൽ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയർന്നിരുന്നത്. കർഷകരുടെ പ്രതിഷേധവും കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തിരുന്ന സാഹചര്യത്തിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി കോൺഗ്രസും മറ്റ് നിരവധി പ്രതിപക്ഷ പാർട്ടികളും തറക്കല്ലിടൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ശിലാസ്ഥാപനം പ്രധാനമന്ത്രി തന്നെയാണ് നിർവഹിച്ചത്. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പാർലമെന്റിന്റെ സർവാധികാരിയായ രാഷ്ട്രപതിയാണെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനേയും അവരുടെ മുൻഗാമി രാംനാഥ് കോവിന്ദിനേയും ക്ഷണിക്കാത്ത നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഉന്നയിക്കുന്നത്.
    ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതി ദ്രൗപദി മുർമുവിനേയും മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും ക്ഷണിക്കാത്തതിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. ബിജെപി സർക്കാർ ഭരണഘടനാപരമായ ഔചിത്യങ്ങളോട് തുടർച്ചയായി അനാദരവ് കാണിക്കുകയാണെന്നും ബിജെപി-ആർഎസ്എസ് സർക്കാരിന് കീഴിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസ് നോക്കുകുത്തിയായി മാറിയെന്നും ഖാർഗെ കുറ്റപ്പെടുത്തി. ഗോത്രവർഗത്തിൽ നിന്നും ദളിത് വിഭാഗത്തിൽ നിന്നുമുള്ളവരെ ബിജെപി സർക്കാർ രാഷ്ട്രപതിയാക്കുന്നത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണെന്നും ഖാർഗെ ട്വിറ്ററിൽ കുറിച്ചു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും പുതിയ പാർലമെന്റ് ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. സവർക്കറുടെ ജന്മവാർഷികത്തിൽ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ പോകുന്നുവെന്നറിഞ്ഞതോടെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. രാഷ്രീയ നേട്ടത്തിനായി ആർഎസ്എസും ബിജെപിയും പാർലമെന്റിനെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. സവർക്കറുടെ ജന്മവാർഷികം ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഷയം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
    പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തുറന്നടിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി മോദിയുടെ പൊങ്ങച്ച പദ്ധതിയെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, സിപിഐ നേതാവ് ഡി.രാജ, ആർജെഡി നേതാവ് മനോജ് കുമാർ ഝാ, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അടക്കമുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


 

Latest News