Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രത്യേക ഹജ് വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ, 19,000 തീര്‍ഥാടകരെ എത്തിക്കും

കൊച്ചി- എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, ജയ്പൂര്‍, ചെന്നൈ എന്നീ നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കും മദീനയിലേക്കും ഏകദേശം 19,000 ഹജ് തീര്‍ഥാടകരെ എത്തിക്കും.

ആദ്യ ഘട്ടത്തില്‍, മെയ് 21 മുതല്‍ ജൂണ്‍ 21 വരെ ജയ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും എയര്‍ ഇന്ത്യ 46 വിമാന സര്‍വീസുകള്‍ നടത്തും. രണ്ടാം ഘട്ടത്തില്‍ തീര്‍ത്ഥാടകരെ തിരികെ കൊണ്ടുവരുന്നതിനായി ജിദ്ദ, മദീന എന്നിവിടങ്ങളില്‍ നിന്ന് ജയ്പൂരിലേക്കും ചെന്നൈയിലേക്കും ജൂലൈ 3 മുതല്‍ ഓഗസ്റ്റ് 2 വരെ 43 വിമാന സര്‍വീസുകള്‍ നടത്തും. ജയ്പൂരില്‍ നിന്ന് 27 വിമാനങ്ങളിലായി 5871 തീര്‍ഥാടകരും ചെന്നൈയില്‍ നിന്ന് 19 വിമാനങ്ങളിലായി 4447 തീര്‍ഥാടകരുമാണ് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ എത്തുക. ബോയിംഗ് 787, എയര്‍ബസ് 321 നിയോ വിമാനങ്ങളിലായി ആകെ 10318 യാത്രക്കാരെയാണ് എയര്‍ ഇന്ത്യ സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുന്നത്.

ജൂണ്‍ 4 മുതല്‍ 22 വരെ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബി737-800 വിമാനമാണ് ഉപയോഗിക്കുന്നത്. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 6363 യാത്രക്കാര്‍ക്കായി 44 വിമാന സര്‍വീസും കണ്ണൂരില്‍ നിന്ന്  ജിദ്ദയ്ക്ക് 1873 യാത്രക്കാര്‍ക്കായി 13 സര്‍വീസും നടത്തും. ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ആകെ 8236 തീര്‍ത്ഥാടകര്‍ക്കായി 57 വിമാനങ്ങള്‍ സര്‍വീസുകളാണ് നടത്തുക. രണ്ടാം ഘട്ടത്തില്‍ ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 2 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മദീനയില്‍ നിന്ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടകരെ തിരികെ കൊണ്ടുവരും.

പവിത്രമായ ഹജ് തീര്‍ത്ഥാടനത്തിനായി ചെന്നൈ, ജയ്പൂര്‍ നഗരങ്ങളില്‍ നിന്നുള്ള വാര്‍ഷിക പ്രത്യേക വിമാനങ്ങള്‍ പുനരാരംഭിക്കുന്നതില്‍ എയര്‍ ഇന്ത്യ സന്തുഷ്ടരാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. ഈ തീര്‍ത്ഥാടനത്തില്‍ യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത സൗകര്യങ്ങള്‍ നല്‍കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ചേര്‍ന്ന് ശ്രമിക്കുന്നത്.  ഈ ഫ്‌ളൈറ്റുകളിലെ അതിഥികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്നതിന്, ബന്ധപ്പെട്ട വിമാനത്താവളങ്ങളില്‍ ഓണ്‍-ഗ്രൗണ്ട് ടീമുകളെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ, മംഗളൂരു, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ഹജ്ജ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും എംഡി അലോക് സിംഗ് പറഞ്ഞു.

ഹജ് വിമാനങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് സുഗമവും തടസ്സമില്ലാത്തതുമായ യാത്രാ അനുഭവം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും നടത്തിയിട്ടുണ്ട്.

ഡെഡിക്കേറ്റഡ് ഓണ്‍-ഗ്രൗണ്ട് ടീമുകള്‍: ഇന്ത്യയിലെ നാല് സ്റ്റേഷനുകളിലും ജിദ്ദ, മദീന എന്നിവിടങ്ങളിലും പരിചയസമ്പന്നരായ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി എയര്‍ലൈനുകള്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. പുറപ്പെടല്‍ മുതല്‍ എത്തിച്ചേരല്‍ വരെയുള്ള പ്രവര്‍ത്തനങ്ങളുടെ എല്ലാ വശങ്ങളിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, വിമാനങ്ങളുടെ നിരന്തരമായ നിരീക്ഷണത്തിനും ഏകോപനത്തിനുമായി ഒരു പ്രത്യേക കണ്‍ട്രോള്‍ സെന്ററും സ്ഥാപിച്ചിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍: പ്രായമായ തീര്‍ഥാടകര്‍ക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുഗമമായ ചെക്ക്-ഇന്‍: എല്ലാ തീര്‍ഥാടകര്‍ക്കും ചെക്ക്-ഇന്‍ നടപടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്, എയര്‍ ഇന്ത്യ അവര്‍ക്ക് ബോര്‍ഡിംഗ് പാസുകള്‍ ഒരു കസ്റ്റമൈസ്ഡ് എന്‍വലപ്പില്‍ മറ്റ് പ്രധാന രേഖകളോടൊപ്പം നല്‍കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയില്‍ ചെക്ക്-ഇന്‍ ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ക്ക് അവരുടെ യാത്രയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്കുമുള്ള ബോര്‍ഡിംഗ് കാര്‍ഡുകള്‍ കൊണ്ടുപോകാന്‍ കളര്‍-കോഡുള്ള പൗച്ചുകള്‍ നല്‍കും. കൂടാതെ, എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി പുറപ്പെടല്‍ സ്ഥലവും ലക്ഷ്യസ്ഥാനവും സൂചിപ്പിക്കുന്ന ബോള്‍ഡ് അക്ഷരങ്ങളുള്ള, ലഗേജ് ടാഗുകള്‍ രണ്ട് എയര്‍ലൈനുകളും ലഭ്യമാക്കും.

ബാഗേജ് കൈകാര്യം ചെയ്യാനുള്ള സൗകര്യം: മദീനയിലെ യാത്രക്കാരില്‍ നിന്ന്, ജിദ്ദയിലെ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ വഴി ചെക്ക്-ഇന്‍ ബാഗുകള്‍ ശേഖരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബാഗേജുകള്‍ വിമാനത്താവളത്തില്‍ എത്തിക്കും.

റിഫ്രഷ്മെന്റ് ക്രമീകരണങ്ങള്‍: ഇന്ത്യയില്‍ നിന്ന് പ്രി ചെക്ക്-ഇന്‍ മുതല്‍ ബോര്‍ഡിംഗ് വരെയുള്ള യാത്രയ്ക്കിടയിലും വിമാനത്തിനുള്ളിലും ജിദ്ദയിലും മദീനയിലും ഇറങ്ങുന്ന സമയത്തും മീല്‍ ബോക്‌സുകള്‍ നല്‍കുന്നതിന് തിരഞ്ഞെടുത്ത കാറ്ററര്‍മാരുമായി മതിയായ ക്രമീകരണങ്ങള്‍ രണ്ട് എയര്‍ലൈനുകളും ഒരുക്കിയിട്ടുണ്ട്.

സംസം വെള്ളത്തിന്റെ ലഭ്യത: എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ത്യയിലേക്കുള്ള മടക്ക വിമാനങ്ങളില്‍ സംസം വെള്ളം കൊണ്ടുവരും. നാല് ലക്ഷ്യസ്ഥാനങ്ങളില്‍ ഇത് സംഭരിക്കും. തീര്‍ത്ഥാടകര്‍ ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം വിശുദ്ധജലം കൈമാറും.

 

 

 

 

Latest News