മോഡി ഡോക്യുമെന്ററി അപകീര്‍ത്തി; ബി.ബി.സിക്ക് ദല്‍ഹി ഹൈക്കോടതി സമന്‍സ്

ന്യൂദല്‍ഹി- ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി പുറത്തിറക്കിയ ഡോക്യുമെന്ററിക്കെതിരായ ഹരജിയില്‍ ബി.ബി.സിക്ക് ദല്‍ഹി ഹൈക്കോടതിയുടെ സമന്‍സ്. ഡാക്യുമെന്ററി ഇന്ത്യയുടെയും ജുഡീഷ്യറിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും യശസ്സിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി കാണിച്ച് ഗുജറാത്ത് ആസ്ഥാനമായ സന്നദ്ധ സംഘടന (എന്‍ജിഒ) നല്‍കിയ മാനനഷ്ടക്കേസിലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന് ദല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചിരിക്കുന്നത്.
ഗുജറാത്ത് ആസ്ഥാനമായുള്ള എന്‍ജിഒ ജസ്റ്റിസ് ഫോര്‍ ട്രയല്‍ ഫയല്‍ ചെയ്ത കേസില്‍ പ്രതികരണം ആവശ്യപ്പെട്ട് ജസ്റ്റിസ് സച്ചിന്‍ ദത്ത ബിബിസി യു.കെ ഓഫീസിനും ഇന്ത്യയിലെ ഓഫീസിനും നോട്ടീസ് അയച്ചു.
രണ്ട് എപ്പിസോഡുകളുള്ള 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി ബി.ബി.സി യുകെയാണ് പുറത്തിറക്കിയതെന്നും ബി.ബി.സി ഇന്ത്യ പ്രാദേശിക കേന്ദ്രമാണെന്നും  ഹരജിയില്‍ പറഞ്ഞിരുന്നു. എന്‍ജിഒക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്.  ഇന്ത്യയെയും ജുഡീഷ്യറി ഉള്‍പ്പെടെയുള്ള മുഴുവന്‍ സംവിധാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഡോക്യുമെന്ററിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രിക്കെതിരായ സൂചനകളുണ്ടെന്നും അദ്ദേഹം വാദിച്ചു.
അനുവദനീയമായ എല്ലാ രീതികളിലൂടെയും പ്രതികള്‍ക്ക് നോട്ടീസ് നല്‍കുകയെന്ന് നിര്‍ദേശിച്ച  ഹൈക്കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി സെപ്തംബര്‍ 15 ലേക്ക് മാറ്റി.

 

Latest News