Sorry, you need to enable JavaScript to visit this website.

സംസ്ഥാന അധ്യക്ഷനെച്ചൊല്ലിയുള്ള പോര്:  ബി.ജെ.പിയും ആർ.എസ്.എസും ഇടയുന്നു

തിരുവനന്തപുരം-  സംസ്ഥാന അധ്യക്ഷനെച്ചൊല്ലിയുള്ള പോര് മൂക്കുന്നതിനിടെ സംസ്ഥാനത്ത് ആർ.എസ്.എസും ബി.ജെ.പിയും തമ്മിൽ ഇടയുന്നു.
കേരളത്തിന്റെ ചുമതലകളിൽ നിന്ന്  ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ സന്തോഷിനെ മാറ്റണമെന്ന് ആർ.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടു. അല്ലെങ്കിൽ ആർ.എസ്.എസ് നിയോഗിച്ചിട്ടുള്ള സംഘടനാ സെക്രട്ടറിമാരെ ബി.ജെ.പിയിൽ നിന്ന് പിൻവലിക്കുമെന്നാണ് ആർ.എസ്.എസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനാകാതെ തമ്മിലടിക്കുന്ന ബി.ജെ.പി കേരള ഘടകത്തിന് ആർ.എസ്.എസിന്റെ നിലപാട് കടുപ്പിക്കൽ കൂടുതൽ വെല്ലുവിളിയായി. കേരളത്തിലെ ഒരു വിഭാഗത്തിന് പാർട്ടി പിടിച്ചെടുക്കാനുള്ള ഒത്താശകൾ ചെയ്യുന്നത് സന്തോഷ് ആണെന്നാണ് ആർ.എസ.്എസിന്റെ നിലപാട്. സംഘടനയോട് ആലോചിക്കാതെ കുമ്മനം രാജശേഖരനെ മാറ്റണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകിയതും സന്തോഷ് ആണെന്നാണ് ആർ.എസ്.എസിന്റെ ആരോപണം. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുമ്മനത്തെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് കെ. സുരേന്ദ്രനെ അവരോ ധിക്കാനാണെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം. ആറുവർഷമായി കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ സഹസംഘടനാ സെക്രട്ടറിയാണ് കർണാടകക്കാരനായ ബി.എൽ സന്തോഷ്. വി. മുരളീധരൻ അധ്യക്ഷനായിരിക്കുമ്പോഴാണ് ഇദ്ദേഹം കേരളത്തിന്റെ ചുമതല കൂടി ഏറ്റെടുക്കുന്നത്. മുരളീധരനുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹം കൃഷ്ണദാസ് പക്ഷത്തെ വേട്ടയാടാൻ കൂട്ട് നിൽക്കുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്ന സന്തോഷ് തന്റെ ഇംഗിതത്തിന് കൂട്ടുനിൽക്കാത്തവരെ പാർടിയിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇപ്പോഴത്തെ പ്രധാന ആരോപണം. 
സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി സമവായം രൂപീകരിക്കുന്നതിനെന്ന പേരിൽ സന്തോഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. കെ. സുരേന്ദ്രൻ മാത്രമാണ് യോഗത്തിന് എത്തിയത്. ബാക്കിയുള്ളവരെ ആർ.എസ്.എസ് നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് ചെങ്ങന്നൂരിൽ വച്ച് വിളിച്ച യോഗത്തിൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമാണ് ചർച്ച ചെയ്തത്. അധ്യക്ഷന്റെ കാര്യം അടുത്ത മാസം കേരളത്തിലെത്തുന്ന ദേശീയ പ്രസിഷന്റ് അമിത്ഷാ തീരുമാനിച്ചാൽ മതിയെന്ന് ആർ.എസ്.എസ് നിർദേശിക്കുകയായിരുന്നു. വിഭാഗീയത്ക്കും നേതാക്കളുടെ വഴിവിട്ട ജീവിതത്തിനും കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് രണ്ട് ജില്ലകളിലെ വിഭാഗ് പ്രചാരകരെ ആർ.എസ്.എസ് സ്ഥലംമാറ്റി. തിരുവനന്തപുരത്ത്‌നിന്ന് കിരൺ, പാലക്കാട് നിന്ന് മഹേഷ് എന്നിവരെയാണ് മാറ്റിയത്. ആദ്യമായാണ് ആർ.എസ്.എസിൽ 'പണിഷ്‌മെന്റ് ട്രാൻസ്ഫർ' നടപ്പാക്കുന്നത്. പത്തനംതിട്ടയിൽ നടക്കുന്ന ആർ.എസ്.എസ് സംസ്ഥാന ഭാരവാഹി യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ കേരളത്തിന്റെ ചുമത ലകളിൽനിന്ന് സംഘടനാ ജനറൽ സെക്രട്ടറി എൽ. ഗണേശൻ, സഹ. സംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവരെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്.


 

Latest News