Sorry, you need to enable JavaScript to visit this website.

25,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചതില്‍ വ്യക്തതയില്ലാതെ എന്‍.സി.ബി; കോടതിയുടെ വിമര്‍ശനം

കൊച്ചി- ആഴക്കടലില്‍ 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്ക് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം. ലഹരിമരുന്ന് എവിടെനിന്ന് പിടികൂടിയെന്നതില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ വിശദമാക്കി ചൊവ്വാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ക്കു കോടതി നിര്‍ദേശം നല്‍കി. കേസില്‍ അറസ്റ്റിലായ പാക് പൗരന്‍ സൂബൈറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിശിത വിമര്‍ശനം. പ്രതിയെ അഞ്ച് ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍സിബിയുടെ ആവശ്യം.

കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെയും കസ്റ്റഡി അപേക്ഷയിലെയും പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രണ്ട് റിപ്പോര്‍ട്ടുകളിലും സുബൈറിന്റെ ഇറാനിലെ മേല്‍വിലാസമാണു നല്‍കിയിരുന്നത്. അതിനാല്‍ സുബൈര്‍ പാക്ക് പൗരനല്ലെന്നും ഇറാനിലെ അഭയാര്‍ഥിയാണെന്നും പ്രതിഭാഗം വാദിച്ചു. ഇതോടൊപ്പം പിടികൂടിയ സ്ഥലം സംബന്ധിച്ച വ്യക്തതക്കുറവും പ്രതിഭാഗം ആയുധമാക്കി. ലഹരി പിടികൂടിയത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍നിന്നല്ലെന്നു വാദിച്ച പ്രതിഭാഗം ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അന്വേഷണം നടത്താന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി.

ഇതില്‍ വ്യക്തമായ മറുപടി നല്‍കാന്‍ എന്‍സിബിക്ക് കഴിഞ്ഞില്ല. നാവികസേനയാണ് ബോട്ട് പിടികൂടിയതെന്നും അത്തരം വിവരങ്ങള്‍ കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് എന്‍സിബിയുടെ വിശദീകരണം. ഈ മാസം പതിമൂന്നിനാണ് പാക്ക് ബോട്ടില്‍ കടത്തിയ 2,525 കിലോ മെത്താംഫെറ്റമിന്‍ നേവിയുടെ സഹായത്തോടെ എന്‍സിബി പിടികൂടിയത്.

 

Latest News