ബഷീര്‍ പഠനഗ്രന്ഥം പ്രകാശനം ചൊവ്വാഴ്ച

കൊച്ചി- മലയാള സാഹിത്യത്തിലെ ഇതിഹാസമായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ അസാധാരണ ജീവിതത്തെയും അനശ്വര കൃതികളെയും സമഗ്രശോഭയോടെ അവതരിപ്പിക്കുന്ന ''ബഷീര്‍: വര്‍ത്തമാനത്തിന്റെ ഭാവി'' എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനം ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് വൈ. എം. സി. എ. ഹാളില്‍ പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയായ പ്രഫ. എം. കെ. സാനു മാസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കും. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്' നോവലിലെ കഥാപാത്രങ്ങളായ ഖദീജയും സെയ്ദു മുഹമ്മദും പുസ്തകം ഏറ്റുവാങ്ങും.

എറണാകുളം എം. എല്‍. എ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്യുന്ന പ്രകാശന സമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. എ. ഐ. സി. സി. മൈനോറിറ്റി വകുപ്പ് ദേശീയ ഉപാധ്യക്ഷന്‍  ഇഖ്ബാല്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിക്കും. സതീശ് ചന്ദ്രന്‍, ഡോ. ബി. ആര്‍. അജിത്, ജോഷി ജോര്‍ജ്, പി. ജി. ഷാജിമോന്‍, അഡ്വ. നസീബ ഷുക്കൂര്‍, വി. വി. എ. ശുക്കൂര്‍ എന്നിവര്‍ സംസാരിക്കും.
 
എം. ടിയുടെ അവതാരികയും എം. മുകുന്ദന്റെ മുഖലേഖനവും ഉള്ള ഗ്രന്ഥം മലയാളത്തിലെ 75-ലധികം സാഹിത്യ, സാംസ്‌കാരിക പ്രതിഭകളുടെ സ്മരണകളും പഠനങ്ങളും ബഷീറിന്റെ അപൂര്‍വ ഫോട്ടോകളും ഉള്‍കൊള്ളുന്നു. ആശയം ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Latest News