Sorry, you need to enable JavaScript to visit this website.

കുരുമുളകിനും ഏലയ്ക്കക്കും ഡിമാന്റ്; വില ഉയർന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുരുമുളകിന് ആവശ്യം ഉയർന്നത് വ്യാപാര രംഗം ചൂടുപിടിക്കാൻ അവസരമൊരുക്കി. ഒരാഴ്ചയിൽ ഏറെ തളർച്ചയിൽ നീങ്ങിയ മുളക് വിപണിയുടെ തിരിച്ചു വരവിന് വഴിതെളിച്ചത് അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള ഡിമാന്റാണ്. 
ഉത്തരേന്ത്യക്കാർ ഉത്സവകാല വേളയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ചരക്ക് സംഭരണത്തിന് തുടക്കം കുറിച്ചത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കാൻ അവസരം ഒരുക്കും. വൻകിട പൗഡർ യൂനിറ്റുകളും മുളക് വിപണിയിലേയ്ക്ക് തിരിയാനുള്ള സാധ്യതകൾ ഉൽപന്നത്തിന് കൂടുതൽ കരുത്ത് പകരാം. കേരളത്തിലെയും കർണാടകത്തിലെയും കർഷകരും സ്‌റ്റോക്കിസ്റ്റുകളും കുരുമുളക് വിൽപനയിൽ ഈ വാരം സ്വീകരിക്കുന്ന നിലപാടിനെ ആസ്പദമാക്കിയാവും ഇനിയുള്ള മുന്നേറ്റം. ഇന്ത്യൻ കുരുമുളക് വിപണിയിലെ ചലനങ്ങളെ ഇതര ഉൽപാദന രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഗാർബിൾഡ് കുരുമുളക് 48,600 ൽ നിന്നും 49,100 രൂപയായി. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6350 ഡോളർ. വിയറ്റ്‌നാം ടണ്ണിന് 3950 ഡോളറിനും ഇന്തോനേഷ്യ 4000 ഡോളറിനും ശ്രീലങ്ക 5200 ഡോളറിനും ബ്രസീൽ 3700 ഡോളറിനും ചരക്ക് ഇറക്കി. സത്ത് നിർമാതാക്കൾ കുരുമുളകിൽ താൽപര്യം കാണിച്ചു. ശ്രീലങ്കയിൽ മൂപ്പ് കുറഞ്ഞ മുളകിന്റെ വിളവെടുപ്പ് പുരോഗമിക്കുന്നു. എണ്ണയുടെ അംശം ഉയർന്ന മുളകിന് വില 5500 ഡോളർ. ആഗോള വിപണിയിൽ ലൈറ്റ് പെപ്പർ ലഭ്യത ചുരുങ്ങുമെന്ന സൂചന വിലക്കയറ്റം ശക്തമാക്കാം.
ഏലക്കയുടെ താഴ്ന്ന വിലയിൽ ആകൃഷ്ടരായി വാങ്ങലുകാർ സംഘടിതമായി രംഗത്ത് ഇറങ്ങിയത് ശരാശരി ഇനങ്ങളെ വീണ്ടും ആയിരം രൂപയ്ക്ക് മുകളിലെത്തിച്ചു. ശരാശരി ഇനങ്ങൾ 1066 രൂപയിലും മികച്ചയിനം ഏലക്ക കിലോ 1500 രൂപയിലും ലേലം നടന്നു. അറബ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി മുന്നിൽ കണ്ടുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നു. 
മധ്യകേരളത്തിലെ വിപണികൾ കേന്ദ്രീകരിച്ച് ജാതിക്ക, ജാതിപത്രി തുടങ്ങിയവ ശേഖരിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. വിപണിയിൽ ചരക്ക് വരവ് കുറവായതിനാൽ നിരക്ക് ഉയർത്തി വാങ്ങലുകാർ ഉൽപന്നം സംഭരിക്കുമെന്ന നിഗമനത്തിലാണ് കർഷകർ. ഇതിനിടയിൽ വിദേശ രാജ്യങ്ങളുമായി കച്ചവടങ്ങൾ ഉറപ്പിച്ചവരും ജാതിക്ക വിപണിയിലുണ്ട്. ജാതിക്ക കിലോ 320 രൂപയിലും ജാതിപ്പരിപ്പ് 500 രൂപയിലും വിപണനം നടന്നു.  
നാളികേര വിപണി തളർച്ചയിലാണ്. കൊച്ചി വിപണിയിൽ കൊപ്ര 8350 രൂപയായി വാരാന്ത്യം ഇടിഞ്ഞു. 2510 രൂപയുടെ നഷ്ടത്തിലാണ് ഉൽപാദകർ ചരക്ക് കൈമാറുന്നത്. കൊപ്രയ്ക്ക് 10,860 രൂപ കേന്ദ്രം താങ്ങുവില പ്രഖ്യാപിച്ചെങ്കിലും അതിന്റെ നേട്ടം ഉൽപാദകരിൽ എത്തിക്കുന്നിൽ സംസ്ഥാന കൃഷി വകുപ്പിന് വൻ വീഴ്ച സംഭവിച്ചു. 
റബർ വിപണിയുടെ നിയന്ത്രണം കൈപ്പിടിയിൽ നിന്നും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ടയർ ലോബി. ടയർ കമ്പനികൾ മാർക്കറ്റിൽ സജീവമെങ്കിലും വിലക്കയറ്റം തടയാനുള്ള തന്ത്രങ്ങൾ മെനയുകയാണവർ. കർഷകരും സ്‌റ്റോക്കിസ്റ്റുകളും കാര്യമായി ഷീറ്റ് ഇറക്കുന്നില്ല. നാലാം ഗ്രേഡ് 161 വരെ കയറി ഇടപാടുകൾ നടന്നു. കഴിഞ്ഞ മാസം കിലോ 150 ൽ നീങ്ങിയ അവസരത്തിൽ വ്യക്തമാക്കിതാണ് വില 164-167 റേഞ്ചിലേയ്ക്ക് ഉയരുമെന്ന്. അഞ്ചാം ഗ്രേഡ് 152-157 ലേയ്ക്ക് ഉയർന്നു. ഒട്ടുപാൽ 96 ൽ സ്‌റ്റെഡിയായി നീങ്ങിയപ്പോൾ ലാറ്റക്‌സ് 108 രൂപയിൽ നിന്ന് 112 രൂപയായി. 
സ്വർണ വില പല അവസരത്തിലും കയറി ഇറങ്ങി. വാരത്തിന്റെ തുടക്കത്തിൽ പവൻ 45,320 ൽ നിന്നും 45,400 ലേയ്ക്ക് ഉയർന്നെങ്കിലും പിന്നീട് പവൻ 44,640 ലേയ്ക്ക് ഇടിഞ്ഞ സന്ദർഭത്തിൽ പല ആഭരണ കേന്ദ്രങ്ങളളിലും വിവാഹ പാർട്ടികളുടെ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ നിരക്ക് 45,040 രൂപയിലാണ്. 

Latest News