ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾ 26, 27, 28 തീയതികളിൽ തൃശൂരിൽ വെച്ച് നടക്കുകയാണ്. ഈ സാഹചര്യത്തിൽ പരിഷത്ത് പ്രവർത്തനങ്ങളെ കുറിച്ചുള്ള ഒരു അവലോകനം വളരെ പ്രസക്തമാണ്.
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന ആകർഷകമായ മുദ്രാവാക്യം മുന്നോട്ടുവെച്ച്, ശാസ്ത്രത്തെ ലളിതമായ രീതിയിൽ വിശദീകരിക്കുന്ന പുസ്തകങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന പ്രവർത്തനമായിരുന്നു ആദ്യഘട്ടങ്ങളിൽ പരിഷത്ത് പ്രധാനമായും ചെയ്തത്. ഇപ്പോൾ ആ മുദ്രാവാക്യം തന്നെ പുനþഃപരിശോധിക്കേണ്ടതാണെങ്കിലും അന്നത് പ്രസക്തമായിരുന്നു. കേവലമായ ശാസ്ത്രമുണ്ടെന്നും ഉപയോഗിക്കുന്നവരുടെ നിലപാടനുസരിച്ചാണ് അത് പോസറ്റീവോ നെഗറ്റീവോ ആകുക എന്നുമുള്ള വീക്ഷണം കാലഹരണപ്പെട്ടു കഴിഞ്ഞു. ശാസ്ത്രത്തിനും ഒരു രാഷ്ട്രീയമുണ്ട്. പല ശാസ്ത്രമാത്രവാദികളും യുക്തിവാദികളും പറയുന്ന പോലെ ശാസ്ത്രം ചോദ്യം ചെയ്യലുകൾക്ക് അതീതമോ അവസാന വാക്കോ അല്ല. എന്നാൽ പരിഷത്തിപ്പോഴും പഴയ നിലപാടിൽ തന്നെയാണ്. അതെന്തായാലും അന്ന് ശാസ്ത്ര പ്രചാരണത്തിനായി കുട്ടികൾക്കായി യൂറീക്ക, ശാസ്ത്രകേരളം, മുതിർന്നവർക്കായി ശാസ്ത്രഗതി തുടങ്ങിയ ആനുകാലികങ്ങളും പരിഷത്ത് പ്രസിദ്ധീകരിച്ചു. പിന്നീട് സംസ്ഥാനത്തെ തന്നെ വലിയ പ്രസാധകരായി പരിഷത്ത് മാറി. 'എന്തുകൊണ്ട്, എന്തുകൊണ്ട്' പോലുള്ള പുസ്തകങ്ങൾ സ്വയം ഒരു ചരിത്രമാണ്. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാൻ പരിഷത്ത് പുസ്തകങ്ങൾ കുട്ടികളെ സഹായിച്ചു. പ്രവർത്തനത്തിനാവശ്യമായ പണത്തിന്റെ സിംഹഭാഗവും സമാഹരിക്കുന്നത് പുസ്തക വിൽപനയിലൂടെയാണെന്നാണ് പരിഷത്ത് അവകാശപ്പെടുന്നത്. ശാസ്ത്രകലാജാഥ പോലുള്ള പരിപാടികളിലൂടെയും തങ്ങളുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാനായി ശ്രമിച്ചു.
കേരളത്തിൽ പാരിസ്ഥിതികാവബോധം ഉണ്ടാക്കിയെടുക്കുന്നതിൽ തീർച്ചയായും പരിഷത്തിനു വലിയ പങ്കുണ്ട്. എന്നാൽ ഇന്നും ശാസ്ത്രീയമായ ലോകവീക്ഷണമില്ലാതെ, അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും തിരിച്ചുനടക്കുന്ന ജനതയാണ് മലയാളി എന്നതാണ് യാഥാർത്ഥ്യം. പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ വികസന സങ്കൽപവും പൊതുവിൽ നമുക്കില്ലാതായിപോയി. ഒരു ഭാഗത്ത് കേവല പരിസ്ഥിതിവാദവും മറുവശത്ത് കേവല വികസന വാദവുമാണ് ശക്തമായത്. മാത്രമല്ല, കേവല വികസന വാദികൾ ധൈഷണികമായ ആധിപത്യവും നേടിക്കഴിഞ്ഞിരിക്കുന്നു. നിരോധിക്കപ്പെട്ട മരുന്നുകൾ പോലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടും ഇന്നും കേരളത്തിലെ ആരോഗ്യ മേഖലയിൽ നടക്കുന്നത് ഏറ്റവും വലിയ ചൂഷണമാണ്. തദ്ദേശീയ വികസനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിനുമായി പരിഷത്ത് ഏറെ സംസാരിച്ചെങ്കിലും അധികാരമെല്ലാം കേന്ദ്രീകരിക്കുന്നതായാണ് കാണുന്നത്. ഊർജ മേഖലയിൽ പരിഷത്ത് മുന്നോട്ടുവെച്ച താപനിലയം തികഞ്ഞ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പരിഷത്ത് പലതും ചെയ്തു. എന്നാൽ ഉന്നത വിദ്യാഭ്യാസം വളരെ മോശപ്പെട്ട അവസ്ഥയിലായി. അങ്ങനെയൊക്കെ പരിശോധിച്ചാൽ പരിഷത്ത് പ്രവർത്തനം എത്രമാത്രം വിജയകരമാണെന്നത് തർക്കവിഷയമാണ്. വലിയ വീടും കാറും ആർഭാട വിവാഹവും വലിയ സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസവും വൻകിട ആശുപത്രികളിലെ ചികിത്സയും മറ്റുമാണ് മലയാളിയെ കടക്കെണിയിലാക്കുന്നത് എന്ന് പരിഷത്ത് സർവേ നടത്തി കണ്ടെത്തി. എന്നാൽ അതെല്ലാം കൂടുതൽ രൂക്ഷമാകുകയാണ് ഉണ്ടായത്.
രൂപീകരിച്ച് അധികം വൈകാതെ പരിസ്ഥിതി, ആരോഗ്യം വിദ്യാഭ്യാസം, ഊർജം, ഉപഭോക്തൃ പ്രസ്ഥാനം, വികേന്ദ്രീതാസൂത്രണം, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ പരിഷത്ത് ഇടപെടാനാരംഭിച്ചു. അക്കാലഘട്ടത്തിലെ പരിഷത്തിന്റെ ഏറ്റവും പ്രധാന ഇടപെടൽ സൈലന്റ് വാലിക്കെതിരായ പ്രക്ഷോഭത്തിലായിരുന്നു. അതിൽ നേതൃത്വപരമായ പങ്കായിരുന്നു പരിഷത്ത് വഹിച്ചത്. പ്രക്ഷോഭം വിജയിച്ചെങ്കിലും പരിഷത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടികൾക്കത് കാരണമായി. തുടക്കം മുതലേ സിപിഎമ്മിന് പരിഷത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു എങ്കിലും മറ്റുള്ളവരും സജീവമായിരുന്നു. സൈലന്റ് വാലി പദ്ധതിക്കായി ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് സിപിഎമ്മും സിഐടിയുവുമായിരുന്നു. സ്വാഭാവികമായും പരിഷത്തും സിപിഎമ്മും തമ്മിൽ വലിയ സംഘർഷത്തിനു അതു കാരണമായി. പതുക്കെ പതുക്കെ പരിഷത്തിനെ തങ്ങളുടെ പോഷക സംഘടനയാക്കി മാറ്റാനായിരുന്നു തുടർന്നു സിപിഎം നീക്കം. കാലാകാലങ്ങളിൽ അതിനെ പ്രതിരോധിക്കാനുള്ള നീക്കം സംഘടനക്കുള്ളിൽ നിന്നു തന്നെയുണ്ടായി. എം.പി. പരമേശ്വരനും മറ്റും അതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ പിടിമുറുക്കൽ തുടർന്നുകൊണ്ടിരുന്നു. അതിരപ്പിള്ളി പോലുള്ള സമരങ്ങളിൽ പരിഷത്ത് കാഴ്ചക്കാരായിപ്പോയതിനും കരിമണൽ ഖനനത്തിൽ നിശ്ശബ്ദരാകാനും കാരണം മറ്റൊന്നല്ല. എന്തിന്, സിൽവർ ലൈനിനെതിരെ ലഘുലേഖയൊക്കെ തയാറാക്കിയെങ്കിലും ആർ വി ജി മേനോനെ പോലുള്ളവർ നിലപാടെടുത്തെങ്കിലും പരിഷത്ത് പതുക്കെ നിശ്ശബ്ദമാകുകയായിരുന്നു. ഇടതു അനുകൂലികളായ, റിട്ടയർ ചെയ്തവരും ചെയ്യാനിരിക്കുന്നവരുമായ, സവർണരും സമ്പന്നരുമായ ഉന്നത ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സംഘടനയാണ് ഇന്നു പരിഷത്ത്.
പരിഷത്തിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചാൽ ഇക്കാര്യം ബോധ്യമാകും. കേരളത്തിന്റെ വികസനത്തെ കുറിച്ച് പരിഷത്ത് ഏറെ സംസാരിച്ചിട്ടുണ്ട്. സർവേകൾ നടത്തിയിട്ടുണ്ട്, പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ വികസനത്തിന്റെ ഒരു വിഹിതവും ലഭിക്കാത്ത ആദിവാസികൾ, ദളിതർ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്കായി എന്തെങ്കിലും ചെയ്‌തോ എന്നു ചോദിച്ചാൽ ഉത്തരം ലഭിക്കാൻ എളുപ്പമല്ല. ഈ വിഭാഗങ്ങൾ നടത്തിയ, ഇപ്പോഴും നടത്തുന്ന പോരാട്ടങ്ങളിലൊന്നും പരിഷത്ത് ഭാഗഭാക്കായിട്ടില്ല. സംഘടനയുടെ വർഗ, വർണ താൽപര്യം തന്നെയാണ് അതിനു കാരണം. കേരളത്തിൽ വൻകിട തോട്ടം ഉടമകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കർ ഭൂമി തിരിച്ചുപിടിക്കുന്നതിനെ കുറിച്ചും പരിഷത്ത് മിണ്ടിയിട്ടില്ല. സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് ഏറെ തടസ്സമായ ജാതി എന്ന സംവിധാനം പരിഷത്തിന്റെ അജണ്ടക്കു പുറത്താണ്. 60 ാം വാർഷികത്തിനു മുന്നോടിയായി തൃശൂരിൽ നടക്കുന്ന, വിവിധ വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങളിൽ ജാതി കടന്നുവരാത്തതിനു കാരണവും മറ്റൊന്നല്ല.
പരിഷത്തിൽ സി.പി.എമ്മിന്റെ നിയന്ത്രണം ശക്തമാകുംതോറും പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ഇടപെടുന്ന പ്രക്ഷോഭ സംഘടന എന്ന നിലയിൽ നിന്ന് അതേറെ അകന്നു. മാത്രമല്ല ഇടതുപക്ഷം ഭരിക്കുമ്പോൾ സർക്കാർ പദ്ധതികളുടെ നടത്തിപ്പുകാർ മാത്രമായി സംഘടന മാറാനും തുടങ്ങി. ജനകീയാസൂത്രണ പ്രവർത്തനങ്ങളിലും ഡിപിഇപിയിലും സാക്ഷരത പ്രസ്ഥാനത്തിലുമൊക്കെ അതായിരുന്നു കണ്ടത്. അതോടൊപ്പം നവ ലിബറൽ നയങ്ങൾക്കനുസൃതമായി ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കുന്ന എൻ ജി ഒ ആയി പരിഷത്ത് മാറുന്നു എന്ന വിമർശനവും വ്യാപകമായി ഉയർന്നു. എം എൻ വിജയൻ മാഷും എം പി പരമേശ്വരനും രണ്ടുപക്ഷത്തായി നടന്ന സംവാദം ശ്രദ്ധേയമായിരുന്നു.
ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ പരിഷത്തിനു കേരളത്തിൽ ഇനി കാര്യമായ റോളില്ലെന്നു തന്നെ പറയേണ്ടിവരും. മുകളിൽ സൂചിപ്പിച്ച പോലെ ചെറുപ്പക്കാരുടെ തരി പോലും ഇല്ലാത്ത സംഘടനയാണ്, മറ്റുപല സംഘടനകളെയും പോലെ, ഇന്നു പരിഷത്ത്. അതിനാൽ തന്നെ ഇനിയൊരിക്കലും അത് സമര സംഘടനയായി മാറില്ല. 30 - 40 വർഷം മുമ്പ് പ്രവർത്തിച്ചിരുന്നവർ തന്നെയാണ് ഇപ്പോഴുമതിന്റെ സജീവ പ്രവർത്തകർ. അവർ മിക്കവരും അപ് ടു ഡേറ്റുമല്ല. അതിനാൽ തന്നെ ആധുനിക കാലത്തിന്റെ ഭാഷയോ ഭാവമോ രൂപമോ അവർക്ക് മനസ്സിലാകുകയില്ല. മുമ്പ് തൊഴിലിനു വേണ്ടിയായിരുന്നു ചെറുപ്പക്കാർ നാടുവിട്ടതെങ്കിൽ ഇപ്പോൾ മികച്ച വിദ്യാഭ്യാസത്തിനു വേണ്ടി പോലും നാടുവിടുന്നതിന്റെ കാരണം പോലും പരിഷത്ത് മനസ്സിലാക്കുമെന്നു തോന്നുന്നില്ല.






