135 വർഷത്തെ ദീർഘ ചരിത്രമുണ്ട് കേരള നിയമസഭക്ക്. ആ ചരിത്രത്തിലെ ഒരു കണ്ണിയാവുകയാണ് പാളയത്തെ നിയമസഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം. അലക്‌സാണ്ടർ പറമ്പിത്തറയിൽ തുടങ്ങുന്നു ജനാധിപത്യകാല സ്പീക്കർമാരുടെ നിര. പുതിയ സഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ നായകത്വം വഹിക്കാനുള്ള ഭാഗ്യം എ.എൻ. ഷംസീറിനാണ്. ഷംസീർ ദൗത്യം നന്നായി നിർവഹിക്കുന്നുണ്ട്.
കേരള നിയമസഭയുടെ പുതിയ മന്ദിരം 25 വയസ്സിന്റെ നിറവിലാണിപ്പോൾ. 1998 മെയ് 22 നായിരുന്നു പുതിയ അസംബ്ലി മന്ദിരത്തിന്റെ ഉദ്ഘാടനം പ്രൗഢചടങ്ങിൽ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ നിർവഹിച്ചത്. കേരള നിയമസഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ നിയമസഭ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ നിർവഹിക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, പട്ടികജാതി, പട്ടിക വർഗ പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ഈ ചടങ്ങിൽ സംബന്ധിക്കും.
പത്താം കേരള നിയമസഭയുടെ കാലത്ത് (1996-2001) ഇ.കെ. നായനാർ മുഖ്യമന്ത്രിയും എം. വിജയകുമാർ സ്പീക്കറുമായിരിക്കേ 1998 ജൂൺ 29 മുതലാണ് പുതിയ മന്ദിരത്തിൽ സഭ സമ്മേളിച്ചു തുടങ്ങിയത്.
സെക്രട്ടറിയേറ്റിനോട് ചേർന്നുള്ള മന്ദിരത്തിലായിരുന്നു അതുവരെ സമ്മേളനം നടന്നത്. 1939 മുതൽ അര നൂറ്റാണ്ട് സഭ നടന്ന ഹാളിൽ നിന്ന് പുതിയ മന്ദിരത്തിലേക്കുള്ള മാറ്റം അന്നത്തെ തലമുറക്ക് വൈകാരികമായി ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. കണ്വാശ്രമം വിട്ടുപോകുന്ന ശകുന്തളയുടെ മാനസികാവസ്ഥയിലാണ് താൻ സഭ ഹാളിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് മാറുന്നതെന്ന്, പതിറ്റാണ്ടുകൾ പഴയ സഭയിലിരുന്ന കെ.എം. മാണി അന്ന് സഭയിൽ വികാരം കൊള്ളുകയുണ്ടായി. ഇത്തരം വിഷയങ്ങളിൽ അൽപം പോലും വൈകാരികമായി പ്രതികരിക്കാത്ത പ്രായോഗിക വാദിയായ ടി.എം.ജേക്കബ് മാണിയെ അന്ന് തന്നെ തിരുത്തിയിരുന്നു. കെട്ടിട ഭീകരത എന്നായിരുന്നു ഇപ്പോൾ രജതജൂബിലി ആഘോഷിക്കുന്ന മന്ദിരത്തെ അന്ന് മാധ്യമങ്ങളും വിശേഷിപ്പിച്ചത്. ഇത്രയും വലിയയൊരു കെട്ടിടം തന്നെ ഭാവിയിൽ വേണ്ടി വരുമെന്ന വാദക്കാരനായിരുന്നു ടി.എം. ജേക്കബ്. ജേക്കബിന്റെ നിലാപാടാണ് കാലം ശരിവെച്ചത്.
കേരള നിയമസഭയുടെ തുടക്കം മുതൽ സ്വതന്ത്ര കെട്ടിടം എന്ന ആശയമുണ്ടായിരുന്നു. 1979 ൽ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരിക്കേ ഈ പറഞ്ഞ ആശയം യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചുള്ള ചിന്ത വന്നപ്പോൾ മറ്റൊരാശയം അന്ന് പൊങ്ങിവന്നു. ഇന്ത്യൻ പാർലമെന്റിന്റെ സമ്മേളനം തെക്കേ ഇന്ത്യയിൽ ചേരേണ്ടി വന്നാലോ എന്നതായിരുന്നു ഈ ചിന്ത. വേണ്ടിവന്നാൽ പാർലമെന്റും ചേരാൻ പറ്റുന്ന വിധമുള്ള മന്ദിരം ഇതനുസരിച്ച് പ്ലാൻ ചെയ്്തു. 25 കോടിയായിരുന്നു അന്ന് ഈ കെട്ടിടത്തിന്റെ നിർമാണത്തിന് ചെലവായത്.
നിയമസഭ നടപടികൾ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾക്ക് തുടക്കമായത് പുതിയ മന്ദിരത്തിലാണ്. ഇലക്‌ട്രോണിക് മാധ്യമങ്ങൾ തത്സമയ സംപ്രേഷണം തുടങ്ങിയതും പുതിയ മന്ദിരത്തിൽ തന്നെ. ഗവർണറുടെ നയപ്രഖ്യാപനം, ബജറ്റവതരണം, ചോദ്യോത്തര വേള തുടങ്ങിയവയായിരുന്നു തുടക്കത്തിൽ അനുവദിച്ചത്. ആദ്യ ഘട്ടത്തിൽ ദൂരദർശന് മാത്രമായിരുന്നു അനുവാദം. പിന്നീട് സ്വകാര്യ ചാനലുകൾക്കും അനുവാദം ലഭിച്ചു തുടങ്ങി. സംപ്രേഷണ അനുമതി ലഭിച്ചതു കാരണമാണ് വിവാദമായ പല കാര്യങ്ങളും ജനങ്ങൾ കാണാനിടയായത്. കെ.എം. മാണിയുടെ ബജറ്റവതരണവും തുടർന്ന് നടന്ന സംഭവങ്ങളും ഉദാഹരണം. നിയമസഭക്ക് തന്നെ ഇന്ന് ടി.വിയുണ്ട്. നിയമസഭ ടി.വി പ്രതിപക്ഷ പ്രതിഷേധം സംപ്രേഷണം ചെയ്യുന്നില്ലെന്ന പരാതി ഇതിനോടകം ഉയർന്നു കഴിഞ്ഞു. സഭ ടി.വി നൽകുന്ന വിഷ്വലുകളായിരുന്നു കോവിഡ് നിയന്ത്രണ കാലം മുതൽ ചാനലുകൾക്ക് ലഭിച്ചു വന്നത്. സഭ ടി.വി പ്രതിപക്ഷ പ്രതിഷേധം കാണിക്കാതെ വരുന്നതോടെ അതൊരു തിരിച്ചു പോക്കായി മാറുമോ എന്ന് മാധ്യമ പ്രവർത്തകർക്ക് ആശങ്കയുണ്ട്.
പുതിയ മന്ദിരം സഭ നടക്കുന്ന കാലത്ത് സന്ദർശിക്കുന്നവർക്ക് ഒരു കാര്യം ബോധ്യപ്പെടും- ഇങ്ങനെയൊരു വലിയ കെട്ടിടം നാടിന് അത്യാവശ്യമായിരുന്നു എന്നതാണത്. മീഡിയ റൂമുകൾ തന്നെ രണ്ടെണ്ണമുണ്ട്, ഇലക്‌ട്രോണക്കിനും പ്രിന്റിനുമായി. പ്രധാനപ്പെട്ട ദിവസങ്ങളിൽ മീഡിയ റൂമുകൾ നിറഞ്ഞു കവിയും. കോവിഡ് കാലം ചില മാറ്റങ്ങളൊക്കെ കൊണ്ടുവന്നെങ്കിലും സന്ദർശക ഗാലറികളും നിറയാറുണ്ട്. കെട്ടിടത്തിന്റെ നിർമിതിയുമായി ബന്ധപ്പെട്ടും ചില കൗതുക കാര്യങ്ങളുണ്ട്. അവയിലൊന്ന് കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള ഭാഗമാണ്. താഴെ നിന്ന് ഈ ഭാഗത്തേക്ക് നോക്കിയാൽ തേച്ചു മിനുക്കാതെ വൃത്തിയില്ലാത്ത തായി അനുഭവപ്പെടും. പക്ഷികൾക്ക് ചേക്കേറാൻ സാധിക്കാത്ത മെറ്റീരിയൽ കൊണ്ടാണ് ഇവയുടെ നിർമിതി. അതാണ് കാഴ്ചയിലെ ഈ അലങ്കോലാവസ്ഥ. അങ്ങനെയല്ലെങ്കിൽ വലിയൊരു പക്ഷിക്കൂടായി കെട്ടിടം മാറുമായിരുന്നു. നിയമസഭ അംഗമായ ഒരാൾ ഇവിടെ കെട്ടിടം പണി ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു കൗതുകം. പിന്നീട് സി.പി.ഐയുടെ വൈക്കം എം.എൽ .എ ആയി മാറിയ ടി. നാരായണനാണ് നിയമസഭ മന്ദിരം പണിയാൻ കല്ലും മണ്ണും ചുമന്നത്. നാരായണൻ ഒരു പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെത്തിയതായിരുന്നു. കാഴ്ചകൾ കണ്ട് തീർന്നപ്പോഴേക്കും ഇങ്ങോട്ടേക്ക് വന്ന വണ്ടി പോയി. ആരോടെങ്കിലും കാശു ചോദിക്കാൻ നാരായണന്റെ അഭിമാനം അനുവദിച്ചില്ല. കുറച്ചു ദിവസം നിയമസഭ മന്ദിരത്തിന്റെ പണിയിൽ പങ്കാളിയായി കിട്ടിയ തുകയുമായി നാരായൺ വൈക്കത്തേക്ക് പോയി. ചങ്ങാത്ത മുതലാളിത്ത പൂർവകാലത്തെ രാഷ്ട്രീയക്കാർ അങ്ങനെയായിരുന്നു. രണ്ട് തവണ നാരായണൻ വൈക്കത്തെ പ്രതിനിധീകരിച്ചു. 2020 ലാണ് മരിച്ചത്.
135 വർഷത്തെ ദീർഘ ചരിത്രമുണ്ട് കേരള നിയമസഭക്ക്. ആ ചരിത്രത്തിലെ ഒരു കണ്ണിയാവുകയാണ് പാളയത്തെ നിയമസഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം. അലക്‌സാണ്ടർ പറമ്പിത്തറയിൽ തുടങ്ങുന്നു ജനാധിപത്യ കാല സ്പീക്കർമാരുടെ നിര. പുതിയ സഭ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ നായകത്വം വഹിക്കാനുള്ള ഭാഗ്യം എ.എൻ. ഷംസീറിനാണ്. ഷംസീർ ദൗത്യം നന്നായി നിർവഹിക്കുന്നുണ്ട്.






