Sorry, you need to enable JavaScript to visit this website.

കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് യുവതിക്ക് നേരെ അതിക്രമം, ഫാം ഹൗസ് ജോലിക്കാരന്‍ അറസ്റ്റില്‍

ചെന്നൈ- കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് ഉറങ്ങുകയായിരുന്ന യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ ഫാംഹൗസ് ജീവനക്കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കൂവത്തൂരിലെ സ്വകാര്യ ഫാംഹൗസിലെ ജീവനക്കാരനായ സുഭാഷി(25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ കടന്നുപിടിച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ  യുവതിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്താണ് പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറിയത്. പ്രതിയായ സുഭാഷ് ഫാംഹൗസിലെ ശുചീകരണത്തൊഴിലാളിയാണ്. വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ മുറില്‍ കയറിയ കട്ടിലിനടിയില്‍ ഒളിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.  
പ്രതി ശരീരത്തില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് യുവതി ഉറക്കമുണര്‍ന്നിരുന്നുവെങ്കിലും സംശയാസ്പദമായി ഒന്നും കാണാത്താതിനാല്‍ വീണ്ടും ഉറങ്ങി.  പ്രതി വീണ്ടും യുവതിയെ കടന്നുപിടിച്ചതോടെയാണ് യുവതി ബഹളം വെച്ച് ആണ്‍സുഹൃത്തിനെ ഉണര്‍ത്തിയത്.  തുടര്‍ന്ന് ആണ്‍സുഹൃത്ത് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയും കൈകാര്യം ചെയ്യുകയുമായിരുന്നു. ഇതിനുശേഷമാണ് പോലീസില്‍ വിവരമറിയിച്ചത്.
മര്‍ദനത്തില്‍ പരിക്കേറ്റ സുഭാഷിനെ പോലീസ് ചെങ്കല്‍പ്പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇയാളുടെ ഫോണില്‍നിന്ന് നിരവധി അശ്ലീല വീഡിയോകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇത്തരം കേസുകളില്‍ നേരത്തെ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറയുന്നു.  ചോദ്യംചെയ്യലില്‍ ഫാംഹൗസിലെ കുളിമുറി ദൃശ്യങ്ങളടക്കം രഹസ്യമായി പകര്‍ത്തിയതായി പ്രതി സമ്മതിച്ചു.
കിടപ്പുമുറികളും കുളിമുറിയും വൃത്തിയാക്കുന്ന ജോലിക്കിടെയാണ് പ്രതി രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ഇത്തരത്തില്‍ നിരവധി യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ യുവാവ് പകര്‍ത്തിയിരുന്നു. യുവതികള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളും പങ്കാളികള്‍ക്കൊപ്പമുള്ള സ്വകാര്യരംഗങ്ങളും ഇയാളുടെ ഒളിക്യാമറയിലുണ്ടെന്ന്  പോലീസ് പറഞ്ഞു. സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ പണം തട്ടിയെടുത്തതായും പോലീസ് സംശയിക്കുന്നു.
സുഭാഷിനെ മര്‍ദിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതോടെ പ്രതിയെ മര്‍ദിച്ചതിന് യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.

 

Latest News