Sorry, you need to enable JavaScript to visit this website.

എം എ യൂസുഫലി സൃഷ്ടിക്കുന്നത്  പോസിറ്റീവ് വൈബ് -ഉപരാഷ്ട്രപതി 

തിരുവനന്തപുരം-: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. മലയാളികള്‍ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ മന്ദിരം രജതജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക സ്‌കൂളില്‍ തന്നെ പഠിപ്പിച്ച മലയാളി അദ്ധ്യാപികയെ അനുസ്മരിച്ചുകൊണ്ടാണ് ജഗദീപ് ധന്‍കര്‍ ഇക്കാര്യം പറഞ്ഞത്. കേരള നിയമസഭ മന്ദിരം മലയാളികളുടെ ഉയര്‍ന്ന ജനാധിപത്യ ചിന്തയുടെ പ്രതിരൂപം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ വ്യവസായി എം എ യൂസുഫലി എത്രത്തോളം പോസിറ്റീവ് വൈബ് ഉണ്ടാക്കുന്നുണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനിടെ താന്‍ മനസിലാക്കിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. യേശുദാസ്, പി ടി ഉഷ, ഡോ. വര്‍ഗീസ് കുര്യന്‍, ഇ ശ്രീധരന്‍, ജി മാധവന്‍ നായര്‍, എം ഫാത്തിമ ബീവി, മാനുവല്‍ ഫെഡ്രിക്, അഞ്ജു ബോബി ജോര്‍ജ്, കെ എസ് ചിത്ര എന്നിവരെ അദ്ദേഹം പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.
മമ്മൂട്ടിയോടും മോഹന്‍ലാലിനോടും മതിപ്പുണ്ടെന്നും അദ്ദേഹംപറഞ്ഞു. പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം കേരളത്തെ പ്രശംസിച്ചത്. കേരളത്തിലെ ആദ്യ സര്‍ക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരമാണെന്നും പ്രസംഗത്തില്‍ ഉപരാഷ്ട്രപതി പറഞ്ഞു.
പ്രസംഗത്തില്‍ കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളെ അനുസ്മരിക്കുകയും വിവിധ മേഖലകളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച മലയാളികളെ അഭിനന്ദിക്കുകയും ചെയ്തു. ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, ചാവറയച്ഛന്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, ചിത്തിര തിരുനാള്‍ ബാലരാമവര്‍മ, കെ ആര്‍ നാരായണന്‍, എ പി ജെ അബ്ദുള്‍ കലാം എന്നിവര്‍ക്ക് ഉപരാഷ്ട്രപതി അഭിവാദ്യവും അര്‍പ്പിച്ചു.

Latest News