മക്ക- നടി സഞ്ജന ഗല്‍റാണി ആദ്യ ഉംറ നിര്‍വഹിച്ച നിര്‍വൃതിയില്‍. ഭര്‍ത്താവിനും മകനുമൊപ്പം വിശുദ്ധി ഭൂമിയിലെത്തിയ സഞ്ജന മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി.
ഹിന്ദു കുടുംബത്തില്‍ ജനിച്ച സഞ്ജന ഏതാനും വര്‍ഷം മുമ്പാണ് ഇസ്ലാം സ്വീകരിച്ച ശേഷം ഡോ.അസീസ് പാഷയെ വിവാഹം ചെയ്തത്. തെന്നിന്ത്യന്‍ സിനിമകളിലൂടെ പ്രശസ്തയായ സഞ്ജന തന്റെ മതംമാറ്റം വിവാദമാക്കുന്നവര്‍ക്ക് നീണ്ട മറുപടി നല്‍കിയിരുന്നു. സെക്കുലറല്ലാത്തവരാണ് തനിക്കെതിരെ വാളോങ്ങുന്നതെന്നും താന്‍ എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നുവെന്നുമാണ് സഞ്ജന വ്യക്തമാക്കിയിരുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ജീവിതം പ്രശ്‌നസങ്കീര്‍ണമായപ്പോള്‍ ആത്മീയതയിലൂടെയാണ് പരിഹാരം കണ്ടതെന്നും അവധിക്കാല യാത്രകള്‍ക്കുമുമ്പ് ഭര്‍ത്താവിനൊപ്പം കാരുണ്യവാന്റെ ഭവനത്തിലെത്തുമെന്ന് തീരുമാനിച്ചിരുന്നുവെന്നും സഞ്ജന ഉംറക്കു പുറപ്പെടുന്നതിനുമുമ്പ് ഇന്‍സ്റ്റഗ്രാം പോസിറ്റില്‍ പറഞ്ഞിരുന്നു.
എല്ലാ പ്രശ്‌നങ്ങളില്‍നിന്നും അല്ലാഹുവിലാണ് അഭയം തേടിയതെന്നും അവന്‍ തന്റെ പ്രാര്‍ഥനകള്‍ സ്വീകരിച്ചുവെന്നും നടി പറഞ്ഞു.
തന്റെ സ്വാതന്ത്യത്തെയും സ്വകാര്യതയേയും മാനിക്കണമെന്നാണ് അവര്‍ വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടി. ഇസ്ലാം സ്വീകരിച്ച ശേഷം വലിയ വിമര്‍ശനമാണ് നടി സോഷ്യല്‍ മീഡിയയില്‍ നേരിട്ടത്.
ഹിന്ദു കുടുംബത്തില്‍ ജനിച്ച താന്‍ ക്രിസ്ത്യന്‍ വിദ്യാലായത്തിലാണ് പഠിച്ചതെന്നും ജീവിതത്തില്‍ ധാരാളം തവണ ചാപ്പലുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. ഇതിനുശേഷമാണ് ഇസ്ലാം തന്നെ പ്രചോദിപ്പിച്ചതെന്നും എല്ലാ മതങ്ങളെയും ആദരിക്കുന്ന തന്നെ തീര്‍ത്തും സെക്കുലര്‍ അല്ലാത്തവരാണ് വിമര്‍ശിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആത്മീയതയില്‍നിന്ന് തനിക്ക് ധാരാളം പോസിറ്റീവിറ്റിയാണ് തനിക്ക് ലഭിച്ചത്. ഈ പോസിറ്റീവിറ്റിയും സന്തോഷവും തന്നാലാകും വിധം പ്രസരിപ്പിക്കാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
പ്രഭാസിന്റെ ബുജ്ജിഗഡു, രാജശേഖറിന്റെ സത്യമേവ ജയതേ, പൃഥ്വിരാജിന്റെ പോലീസ് പോലീസ്, രമേഷ് അരവിന്ദിന്റെ രംഗപ്പ് ഹോഗ്ബിത്‌ന തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളാണ് സജ്ഞന ഗല്‍റാണി കാഴ്ചവെച്ചത്. തമിഴില്‍ പ്രശസ്തയായ നക്കി ഗല്‍റാണി അടുത്തിടെയാണ് നടി ആദി പിനിസെട്ടിയെ വിവാഹം ചെയ്തത്.
പ്രശസ്ത മോഡല്‍ കൂടിയായ സഞ്ജന ഗല്‍റാണി 2006ല്‍ ഒരു കാതല്‍ സെല്‍വേര്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ ജാക്ക്‌പോട്ട്, ഗണ്ട ഹേണ്ടാതി എന്നീ കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 2007ല്‍ ഓട്ടോഗ്രാഫ് പ്ലീസ് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് കന്നട, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കസനോവ,ചില നേരങ്ങളില്‍ ചിലര്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.