ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 2026 മുതല്‍ 48 ആക്കാന്‍ പോവുകയാണ്. ഇപ്പോള്‍ 32 ടീമുകളാണ് കളിക്കുന്നത്. പാനമയെ പോലുള്ള ചില ടീമുകളുടെ പ്രകടനം ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കുന്നതിനെതിരായ വികാരത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. തുല്യശക്തികളുടെ പോരാട്ടമാവുന്നതിനാലാണ് ലോകകപ്പ് ആവേശകരമാവുന്നതെന്നും ഏകപക്ഷീയ മത്സരങ്ങള്‍ ഏറുന്നതോടെ രസച്ചരട് മുറിയുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. നോക്കൗട്ട് റൗണ്ട് യഥാര്‍ഥത്തില്‍ യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള പോരാട്ടമാണ്. 14 യൂറോപ്യന്‍ ടീമുകളില്‍ നാലെണ്ണം മാത്രമാണ് പുറത്തായത്. അഞ്ച് ലാറ്റിനമേരിക്കന്‍ ടീമുകളില്‍ നാലും മുന്നേറി.
എന്നാല്‍ ഈ വാദത്തെ ശക്തിയുക്തം എതിര്‍ക്കുന്നവരുമുണ്ട്. അമേരിക്കയെ പോലെ ഒരു ടീമിനെ മറികടന്നാണ് പാനമ ലോകകപ്പിന് യോഗ്യത നേടിയത്. ഇംഗ്ലണ്ടിനെതിരായ അവരുടെ ഗോള്‍ രാജ്യത്ത് ആഘോഷിക്കപ്പെട്ടു. ആറ് ഗോള്‍ വാങ്ങിയ ശേഷമായിരുന്നു ആ ഗോള്‍ എന്നതൊന്നും ആഘോഷത്തെ തണുപ്പിച്ചില്ല.
കൂടുതല്‍ ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോഴും അത് ലോകകപ്പിന്റെ ആവേശം തണുപ്പിക്കുമെന്ന പരാതി ഉയര്‍ന്നിരുന്നു. ഇന്ന് ഏഷ്യന്‍ ടീമുകള്‍ യൂറോപ്യന്‍ ടീമുകളോട് ഒപ്പത്തിനൊപ്പം പൊരുതുന്നുണ്ട്. യൂറോപ്യന്‍ വമ്പന്മാരായ സ്‌പെയിനിനെയും പോര്‍ചുഗലിനെയും മൊറോക്കൊ വിറപ്പിച്ചു. പോര്‍ചുഗലിനെ തളക്കുകയും സ്‌പെയിനിനോട് ഒപ്പത്തിനൊപ്പം നില്‍ക്കുകയും ചെയ്തു ഇറാന്‍. തെക്കന്‍ കൊറിയ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ചു. ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകള്‍ സമീപകാലത്ത് നേടിയ പുരോഗതിയുടെ സൂചനയായിരുന്നു ഇതെല്ലാം.
48 ടീമുകളുടെ ലോകകപ്പ് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് പ്രതീക്ഷയാണ്. ഇപ്പോഴത്തെ രീതിയിലുള്ള 32 ടീമുകളുടെ ലോകകപ്പില്‍ സമീപകാലത്തൊന്നും യോഗ്യത നേടാന്‍ ഇന്ത്യക്കു സാധിക്കില്ല. അതേസമയം ഏഷ്യക്ക് കൂടുതല്‍ ബെര്‍ത്ത് കിട്ടുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും.