സ്‌നേഹത്തിനും കരുതലിനും നന്ദി അറിയിച്ച് എം.കെ.മുനീര്‍

കോഴിക്കോട്- കഴിഞ്ഞ ദിവസം യു.ഡി.എഫ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധ പരിപാടിക്കിടെ എം.കെ.മുനീര്‍ എം.എല്‍.എക്ക് തളര്‍ച്ച അനുഭവപ്പെട്ടത് അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നില്ലെങ്കിലും ധാരാളം പേരാണ് വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് പ്രാര്‍ഥിച്ചത്. എല്ലാവര്‍ക്കും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ നന്ദി അറിയിച്ചു.

പ്രിയപ്പെട്ടവരെ,
നിങ്ങളുടെ ഈ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും എങ്ങിനെയാണ് നന്ദി പറയേണ്ടത്..?
ഈ പ്രാര്‍ത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊര്‍ജ്ജം. യു ഡി എഫ് സംഘടിപ്പിച്ച 'സെക്രട്ടറിയേറ്റ് വളയല്‍' പ്രതിഷേധ പരിപാടിയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ചെറിയൊരു തളര്‍ച്ച പോലെ അനുഭവപ്പെട്ടു. വളരെ വേഗത്തില്‍ അപകടങ്ങള്‍ ഒന്നുമില്ലാതെ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചതില്‍ സര്‍വ്വശക്തനോട് നന്ദി പറയുന്നു.
നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോണ്‍ കോളുകള്‍ എന്നോടുള്ള നിങ്ങളുടെ സ്‌നേഹവും കരുതലും എത്രത്തോളം ആഴത്തില്‍ ആണെന്നതിന്റെ തെളിവാണ്.
ഈ സ്‌നേഹവും കരുതലും എന്നെ നിങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ക്കിടയിലൊരാളായി പ്രവര്‍ത്തിക്കാന്‍ എനിക്കെന്നും ഊര്‍ജ്ജം നല്‍കിയതും ഇതുതന്നെയാണ്. ഇനിയും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ആരോഗ്യവും ആയുസ്സും സര്‍വശക്തന്‍ നല്‍കേണമേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന...
പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം.
ഡോ. എം കെ മുനീര്‍

 

Latest News