VIDEO - ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി, മലേഷ്യയില്‍ നിന്ന് 567 പേര്‍

മദീന- ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം രണ്ട് വിമാനങ്ങളിലായി സൗദി അറേബ്യയിലെത്തി. മലേഷ്യയില്‍ നിന്നുള്ള 567 അംഗ സംഘമാണ് ഇന്ന് രാവിലെ മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇവരെ മദീന ജവാസാത്ത് ഡയറക്ടര്‍ മേജര്‍ ജനറല്‍ തലാല്‍ ബിന്‍ അബ്ദുല്ല അല്‍ദബാസി, ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ബീജാവി എന്നിവര്‍ പൂച്ചെണ്ട് നല്‍കിയും മധുരപലഹാരങ്ങള്‍ നല്‍കിയും സ്വീകരിച്ചു. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കമായി.

കുലാലംപൂർ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെത്തിയത്. വൈകാതെ ബംഗ്ലാദേശ് സംഘവും ഇവിടെയെത്തും.
സൗദി ഹജ്ജ് മന്ത്രാലയം ഹജ് യാത്ര സുഗമമാക്കുന്നതിന് നടപ്പാക്കിയ മക്ക റോഡ് പദ്ധതിപ്രകാരമാണ് ഇവര്‍ സൗദിയിലെത്തിയത്. മെഡിക്കല്‍ പരിശോധനക്ക് ശേഷം ഓണ്‍ലൈനില്‍ ലഭിച്ച വിസയുമായി കുലാലംപൂർ വിമാനത്താവളത്തില്‍ നിന്ന് വിരലടയാളമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിമാനം കയറിയത്. സൗദിയിലെ ഗതാഗത, പാര്‍പ്പിട ക്രമീകരണങ്ങള്‍ക്കനുസരിച്ച് അവരുടെ രാജ്യത്തെ വിമാനത്താവളത്തില്‍ നിന്ന് തന്നെ ലഗേജുകള്‍ കോഡ് ചെയ്തു തരംതിരിച്ചിരുന്നു. സൗദിയിലെത്തിയ ശേഷം അവര്‍ നേരെ പ്രത്യേക ബസുകളില്‍ അവരുടെ താമസ സ്ഥലത്തേക്ക് പോയി. ബന്ധപ്പെട്ട വകുപ്പുകള്‍ അവരുടെ ലഗേജുകള്‍ റൂമുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്തു.

 

Latest News