ഹിരോഷിമ- ഞങ്ങളുടെ രാജ്യത്ത് പോലും നിങ്ങൾക്ക് എന്തൊരു ജനപ്രീതിയാണ്. ഞാൻ നിങ്ങളുടെ ഓട്ടോഗ്രാഫ് എടുക്കേണ്ടി വരുമോ എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് അമേരിക്കൻ പ്രസിഡന്റ് ചോദിച്ചുവെന്ന് റിപ്പോർട്ട്.
ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ഉച്ചകോടിക്കിടെയാണ് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി മോഡിയോട് ഇങ്ങിനെ പറഞ്ഞത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി മോഡിക്ക് ബൈഡൻ അടുത്ത മാസം നൽകാനിരിക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കാൻ പല പ്രമുഖരും അപേക്ഷ നൽകുന്നതായും എന്നാൽ ടിക്കറ്റ് എല്ലാം കഴിഞ്ഞുവെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
ഹിരോഷിമയിൽ നടന്ന ജി 7 സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്വാഡ് മീറ്റിംഗിലാണ് ജോ ബൈഡൻ പ്രധാനമന്ത്രി മോഡിയെ കണ്ടത്.
ജനാധിപത്യം പ്രധാനമാണെന്ന് നിങ്ങൾ തെളിയിക്കുകയാണെന്നും പ്രസിഡന്റ് ബൈഡൻ പ്രധാനമന്ത്രി മോഡിയോട് പറഞ്ഞതായി വൃത്തങ്ങൾ പറഞ്ഞു.
ബൈഡനൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ഉണ്ടായിരുന്നു, അദ്ദേഹവും യുഎസ് പ്രസിഡന്റുമായി യോജിച്ചു. നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ 90,000 പേർ പങ്കെടുത്തതിനെ കുറിച്ച് ഓസ്ട്രേലിയൻ നേതാവ് അനുസ്മരിച്ചു. പ്രധാനമന്ത്രി മോഡി ജൂൺ 22 മുതൽ അമേരിക്കയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്താൻ ഒരുങ്ങുകയാണ്. അദ്ദേഹത്തെ പ്രസിഡന്റ് ബൈഡനും പ്രഥമ വനിതയും ചേർന്ന് സ്വീകരിക്കും. വൈറ്റ് ഹൗസിൽ അത്താഴവിരുന്നും ഏർപ്പെടുത്തും.