കോഴിക്കോട്- കാട്ടുപോത്ത് ആക്രമണത്തില്‍ കെസിബിസിയുടെ പ്രതികരണത്തിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍. കെസിബിസിയുടെ പ്രസ്താവന പ്രകോപനപരമാണ്. കെസിബിസിയുടെ പാരമ്പര്യത്തിന് ചേരാത്തതാണ് ഇത്തരം പ്രസ്താവനകള്‍. സമാധാന പാതയില്‍ നിന്നും കെസിബിസി പിന്മാറരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സര്‍ക്കാരിനോട് ഏറ്റുമുട്ടലിന് ചിലര്‍ നിരന്തരം ശ്രമിക്കുന്നു. മരിച്ചുപോയവരെ വെച്ച് ചിലര്‍ ഈ സന്ദര്‍ഭത്തില്‍ വിലപേശുകയാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന സമീപനം കെസിബിസിയുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. പക്വതയോടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടവരാണ് കെസിബിസി നേതൃത്വം. അങ്ങനെ നില്‍ക്കാന്‍ കെസിബിസിയോട് ആവശ്യപ്പെടുകയാണ്.
മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകളും വിലപേശുന്ന സമീപനമാണ് കാണിച്ചത്. ഇത് ആ കുടുംബത്തെയും മരിച്ചവരെയും അവഹേളിക്കുന്നതിന് തുല്യമാണ്. കാട്ടുപോത്ത് കാണിച്ച അതേ ക്രൂരത ചിലര്‍ ഈ കുടുംബത്തോട് കാണിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനംവകുപ്പ് ശക്തമായ നിരീക്ഷണം തുടരുകയാണ്. കാട്ടുപോത്ത് ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ രണ്ട് ആര്‍ആര്‍ടികളെയാണ് നിയോഗിച്ചിട്ടുള്ളത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രിയും പകലുമില്ലാതെ തിരച്ചില്‍ നടത്തുകയാണ്. കാട്ടില്‍ കണ്ടെത്തുന്ന പോത്ത് നാട്ടിലിറങ്ങി ആക്രമണം നടത്തിയതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അല്ലാതെ കണ്ണില്‍ കണ്ടതിനെയെല്ലാം വെടിവെച്ചു കൊല്ലാന്‍ പറ്റുമോയെന്ന് മന്ത്രി ചോദിച്ചു. അതിന് കുറേ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. വളരെ സൂക്ഷിച്ചും അവധാനതയോടെയും ചെയ്യേണ്ട ജോലിയാണ്, ആവേശത്തില്‍ എടുത്തുചാടി ചെയ്യേണ്ട ജോലിയല്ല വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു സിസിഎഫിനെ തന്നെയാണ് ഈ ഓപ്പറേഷന് ചുമതലപ്പെടുത്തിയിട്ടുള്ളത്. കാട്ടുപോത്തിന്റെ ആക്രമണം ഇനിയും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായി മന്ത്രി പറഞ്ഞു. ഇതിന് അപ്പുറമായ കാര്യങ്ങളെല്ലാം അനാവശ്യമായ വിവാദത്തിലേക്ക് പോകുന്നതാണ്. ഉചിതമായ നടപടികള്‍ സ്വീകരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാരും വനംവകുപ്പും ലക്ഷ്യമിടുന്നതെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
അരിക്കൊമ്പന്‍ കാര്യത്തിലുണ്ടായതുപോലെ പ്രതികൂലമായ കോടതി വിധി ഉണ്ടാകുമോ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊന്ന് നാട്ടിലിറങ്ങി ആളുകളെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്തുകയും അതിനെ തിരിച്ചറിയുകയും ചെയ്യുക എന്ന ശ്രമകരമായ ജോലിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നവരെ നിരാശപ്പെടുത്തുന്ന വിധത്തിലുള്ള വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്നത് അവരെ സമ്മര്‍ദ്ദത്തിലാക്കും. അത്തരത്തിലുള്ള നടപടികള്‍ ആളുകളുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല. ജില്ലാ കലക്ടറും പ്രശ്നം പരിഹരിക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്, അല്ലാതെ സങ്കീര്‍ണ്ണമാക്കാനല്ലെന്നും മന്ത്രി പറഞ്ഞു.