പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍  വിളിച്ചു, തീപടര്‍ന്ന് പതിനെട്ടുകാരി മരിച്ചു

ബെംഗളൂരു- പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പതിനെട്ടുകാരി മരിച്ചു. കര്‍ണാടകയിലെ തുംകുര്‍ ജില്ലയിലാണ് സംഭവം. പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ ഭവ്യയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച ഭവ്യയും അമ്മ രത്നമ്മയും (46) ഇരുചക്ര വാഹനത്തില്‍ പെട്രോള്‍ വാങ്ങാന്‍ എത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഭവ്യ മോട്ടര്‍ ബൈക്കില്‍ ഇരിക്കുന്നതും അമ്മ സമീപത്തു നില്‍ക്കുന്നതും വ്യക്തമാണ്. പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പ്ലാസ്റ്റിക് കാനില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഭവ്യ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കാണാം. ഇതിനിടെയാണ് പെട്ടെന്ന് തീപടര്‍ന്നത്.
മൊബൈല്‍ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ഗുരുതരമായി പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. അമ്മ രത്നമ്മയ്ക്ക് സാരമായ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ ബഡവനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News