Sorry, you need to enable JavaScript to visit this website.

മലബാറിൽ അധിക ബാച്ചുകൾ അനുവദിക്കാതെ പ്ലസ് വൺ അലോട്ട്‌മെന്റ് നടത്തിയാൽ പ്രക്ഷോഭം -ഫ്രറ്റേണിറ്റി

ഫ്രറ്റേണിറ്റി നേതാക്കൾ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ

കോഴിക്കോട് - മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ അലോട്ട്‌മെന്റ് നടത്തുന്നത് വിദ്യാർഥികളോടുള്ള വഞ്ചനയാണെന്നും അതു കാരണം അലോട്ട്‌മെന്റ് ലഭിക്കാതെ വിദ്യാർഥികൾ പുറത്താകുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. ആവശ്യമായ ബാച്ചുകൾ അനുവദിച്ചും ഹയർ സെക്കന്ററി ഇല്ലാത്ത ഹൈസ്‌കൂളുകൾ ഉടൻ ഹയർസെക്കന്ററി ആയി ഉയർത്തിയും പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിന് പകരം മാർജിനൽ ഇൻക്രീസ് പോലുള്ള പൊടിക്കൈകൾ കൊണ്ട് കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമമെങ്കിൽ വിദ്യാർഥികളെയും പൊതുസമൂഹത്തെയും അണി നിരത്തിക്കൊണ്ടുള്ള ശക്തമായ സമര പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ഈ വർഷത്തെ എസ് എസ് എൽ സി ഫലം പുറത്തു വന്നപ്പോൾ പരീഷ എഴുതിയ 4,19,128 വിദ്യാർത്ഥികളിൽ 4,17,864 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹരായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടിയത് മലപ്പുറം ജില്ലയിലാണ്.  മലപ്പുറമടക്കമുള്ള മലബാർ മേഖലയിലാണ് കൂടുതൽ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിനുള്ള കടമ്പ കടന്നിട്ടുള്ളത്. എസ്.എസ്.എൽ.സി വിജയിച്ചവരുടെ ഉപരിപഠനത്തിനായി സംസ്ഥാനത്ത് 4,65,141 സീറ്റുകളുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിച്ച് കൊണ്ട് സൂചിപ്പിച്ചത്. എന്നാൽ മലബാർ മേഖലയിൽ വിജയം നേടിയ വിദ്യാർത്ഥികളെ ഉൾക്കൊള്ളാനുള്ള സീറ്റ് അപര്യാപ്തത മുൻവർഷങ്ങളിലെതെന്ന പോലെ ഈ വർഷവും നിലനിൽക്കുന്നുണ്ട്.
 2022 ലെ കണക്ക് പ്രകാരം മലപ്പുറം ജില്ലയിൽ മാത്രം 30941 പേരാണ് സീറ്റില്ലാതെ പുറത്തായത്. മലബാർ മേഖലയിലെ സീറ്റിൽ അപര്യാപ്തതയുണ്ടെന്ന് സർക്കാർ തന്നെ നിയോഗിച്ച കാർത്തികേയൻ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട് എന്നാണ് മാധ്യമങ്ങൾ പുറത്ത് വിട്ട വാർത്തകൾ സൂചിപ്പിക്കുന്നത്. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാനോ മലബാറിലെ സീറ്റ് അപര്യാപ്തതക്ക് പരിഹാരം കാണാനോ തയ്യാറാകാതെ പ്ലസ് വൺ അലോട്ട്‌മെന്റ് ആരംഭിക്കുന്നത് വിദ്യാർഥികളുടെ സ്‌കൂൾ പ്രവേശനത്തെ സർക്കാർ ബോധപൂർവ്വം തടയുന്നതിന് തുല്യമാണ്. 

ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള സംഘടനകൾ നിരന്തരമായി ഉന്നയിക്കുന്ന വാദങ്ങൾ സർക്കാർ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് സർക്കാർ പ്രൊഫ. വി കാർത്തികേയൻ അധ്യക്ഷനായ പഠന കമ്മിറ്റിയെ നിശ്ചയിച്ചതിലൂടെ തെളിയുന്നത്. മലബാർ ജില്ലകളിൽ സീറ്റ് അപര്യാപ്തത ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെ സമ്മതിച്ചതുമാണ്. കാർത്തികേയൻ കമ്മിറ്റി പഠന റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ റിപ്പോർട്ടിലെ ചില സുപ്രധാന പരാമർശങ്ങൾ മാധ്യമങ്ങൾ വഴി നിലവിൽ പുറത്തു വന്നിട്ടുമുണ്ട്. മലബാർ ജില്ലകളിൽ സീറ്റ് അപര്യാപ്തത ഉണ്ടെന്ന വർഷങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങൾ അടിവരയിട്ട് ഉറപ്പിക്കുന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. മലബാറിൽ 150 പുതിയ ബാച്ചുകൾ അനുവദിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ കമ്മീഷൻ മുന്നോട്ട് വെച്ചതായാണ് സൂചനകൾ. പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ചപ്പായടിക്കുന്ന എസ്.എഫ്.ഐ പോലുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്കും ഇടതുപക്ഷത്തിന് തന്നെയും ഏറ്റ പ്രഹരമായാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ റിപ്പോർട്ടിനെ വിലയിരുത്തുന്നത്.

എസ്.എസ്.എൽ.സി റിസൾട്ട് പ്രഖ്യാപിച്ച സന്ദർഭത്തിൽ വി കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തു വിടണമെന്നും ഈ അധ്യയന വർഷം മുതൽ തന്നെ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ അവസരത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, തുടങ്ങിയ നാല് ജില്ലകളിൽ ബാച്ച് വർധനവിനോടൊപ്പം ആവശ്യമെങ്കിൽ മാർജിനൽ വർദ്ധനവ് കൂടി നടത്താം എന്ന് കൂടി റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. കാലങ്ങളായി നടത്തിവരുന്ന മാർജിനൽ ഇൻക്രീസ് എന്ന കണ്ണിൽ പൊടിയിടൽ  മലബാറിലെ ക്ലാസ്സ് മുറികളിൽ 60 ഉം 70 ഉം വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് ക്ലാസ്സ് മുറികളെ കൂടുതൽ കുടുസ്സതയിൽ ആക്കുകയും വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുകയും അല്ലാതെ മലബാറിലെ സീറ്റ് അപര്യാപ്തതക്ക് യാതൊരു വിധത്തിലും പരിഹാര മാർഗമല്ല എന്നാണ് ഫ്രറ്റേണിറ്റി നിലപാട്. ഈ ശുപാർശ ഒരു വിധത്തിലും അംഗീകരിക്കാൻ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഒരുക്കമല്ല. മാർജിനൽ ഇന്ക്രീസ് അല്ല മറിച്ച് പുതിയ ബാചുകൾ മാത്രമാണ് മലബാറിലെ സീറ്റ് അപര്യാപ്തതക്ക് പരിഹാരം.

അഡ്മിഷൻ നടപടികൾ തുടങ്ങുന്നതിനു മുൻപ് തന്നെ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിച്ചു സർക്കാൻ ഉത്തരവാകണമെന്നും മലബാറിലെ സീറ്റ് വിഷയത്തിൽ ഈ വർഷം തന്നെ ശാശ്വത പരിഹാരം കാണണം  -നേതാക്കൾ പറഞ്ഞു. 

വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, ജില്ലാ വൈസ് പ്രസിഡന്റ് അയിഷ മന്ന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 
 

Latest News