കളമശ്ശേരി- ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവാവിനെ മയക്കുമരുന്ന് കുത്തിവെച്ച് കവര്‍ച്ച നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കുകയും ചെയ്ത കേസിലെ രണ്ടു പ്രതികളെ കളമശ്ശേരി പോലീസ് പിടികൂടി. മെയ് 15ന് രാവിലെ അഞ്ചരയ്ക്കാണ് സംഭവം. പത്തനംതിട്ട അത്തിക്കയം പുത്തന്‍വീട്ടില്‍ ഷിജിന്‍ പി ഷാജി (21), പട്ടാമ്പി വല്ലപ്പുഴ മനക്കത്തൊടി അനീസ് ബാബു എം ടി (24) എന്നിവരാണ് അറസ്റ്റിലായത്.
മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ട് പേര്‍ വീടിന് പുറത്തുനില്‍ക്കുകയായിരുന്ന യുവാവിനോട് വെള്ളം ആവശ്യപ്പെടുകയും അകത്തേക്ക് പോയ യുവാവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കയ്യില്‍ കരുതിയിരുന്ന മയക്കുമരുന്ന് ബലപ്രയോഗത്തിലൂടെ കുത്തിവെക്കുകയുമായിരുന്നു.
ബോധം നഷ്ടപ്പെട്ട യുവാവിനെ പ്രതികള്‍ ഇരുവരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ശേഷം വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. കയ്യില്‍ പണമില്ലാതിരുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം പണം എതെങ്കിലും സുഹൃത്തുക്കളില്‍ നിന്നും ഓണ്‍ലൈനായി കടം വാങ്ങുവാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, പണമടങ്ങിയ പേഴ്‌സ് എന്നിവയുമായി കടന്നു കളയുകയും ചെയ്തു. ബോധരഹിതനായി കാണപ്പെട്ട യുവാവിനെ വീട്ടുടമസ്ഥനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡുകളായി തിരിഞ്ഞ് സി. സി. ടി. വി ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പിടികൂടുകയായിരുന്നു.
ഷിജിന്‍ പി ഷാജി ഹോട്ടല്‍ ജീവനക്കാരനാണ്. പ്രതികളില്‍ നിന്നും ലാപ്‌ടോപ്പ്, പേഴ്‌സ്, ദേഹോപദ്രവത്തിന് ഉപയോഗിച്ച കത്തി എന്നിവ പോലീസ് കണ്ടെടുത്തു. 2019ല്‍ രണ്ട് കിലോ കഞ്ചാവ് കൈവശം വെച്ചതിനും നിരവധി വാഹന മോഷണ കേസിലെ പ്രതിയുമാണ് അനീഷ് ബാബു. ഇത്തരത്തില്‍ പ്രതികള്‍ മറ്റു കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന പോലീസ് അന്വേഷിച്ചു വരികയാണ്.
കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസിന്റെ നേതൃത്വത്തില്‍ എസ് ഐ നജീബ്, എസ് സി പി ഒ ജോസഫ്, സി പി ഒ അനില്‍ കുമാര്‍, ഷിബു, ശ്രീജീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.