കണമലയില്‍ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ ഉത്തരവ്

കോട്ടയം -കണമലയില്‍ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ ഉത്തരവിറക്കി.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.ജനവാസ മേഖലയില്‍ ഇറങ്ങി ശല്യം തുടര്‍ന്നാല്‍ വെടിവെക്കാനാണ് ഉത്തരവ്.കോട്ടയം ഡിഫ്ഒക്കാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍ദേശം നല്‍കിയത്.കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ആകില്ലെന്നാണ് വനം വകുപ്പ് നിലപാട്.വന്യജീവികളെ വെടിവെക്കാന്‍ സിആര്‍പിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാന്‍ കളക്ടര്‍ക്ക് ആകില്ല.പകരം ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പ് നീക്കം.അതേസമയം, വനം വകുപ്പ് നിലപാടിനെതിരെ വീണ്ടും പ്രതിഷേധം തുടങ്ങാനുള്ള ആലോചനയിലാണ് നാട്ടുകാര്‍.
അതിനിടെ കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് എരുമേലി പോലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് കണമലയില്‍ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയല്‍, ഗതാഗതം തടസപ്പെടുതല്‍ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 45 ഓളം ആളുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കാട്ടാന മുതല്‍ കാട്ടുപന്നി വരെയുള്ളവയുടെ ശല്യത്തില്‍ പൊറുതിമുട്ടുകയാണ് എരുമേലി പ്രദേശവാസികള്‍. മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, വണ്ടന്‍പതാല്‍, കണമല, എരുമേലി, മുക്കൂട്ടുതറ, പൊന്തന്‍പുഴ, മണിപ്പുഴ തുടങ്ങിയിടങ്ങളിലെല്ലാം കാട്ടുമൃഗശല്യം രൂക്ഷമാണ്. എരുമേലി പഞ്ചായത്തില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ നാലിടങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. പമ്പാവാലി, എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, കണമല തുടങ്ങി പെരിയാര്‍ കടുവാസങ്കേതത്തിന്റെ പരിസര പ്രദേശങ്ങളിലും ഇരുമ്പൂന്നിക്കര മേഖലയിലുമാണ് പുലിയെ കണ്ടത്. ആദിവാസികള്‍ ഉള്‍പ്പെടെ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ വന്യമൃഗ ശല്യം ഭയന്ന് രാത്രികാലങ്ങളില്‍ വീടുവിട്ടു പേകേണ്ട സാഹചര്യമാണ്.ആറുമാസത്തിനിടെ മലയോരമേഖലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മാത്രം പരിക്കേറ്റത് 10 പേര്‍ക്കാണ്. ഒരുവര്‍ഷം മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. തോട്ടം തൊഴിലാളികളടക്കം ഭീതിയോടെയാണ് പുലര്‍ച്ചെ പണിയ്ക്ക് പോകുന്നത്.
കഴിഞ്ഞ ഒരുമാസത്തിനിടെ എരുമേലി പഞ്ചായത്തില്‍ ഒമ്പത് സ്ഥലങ്ങളിലാണ് വളര്‍ത്തുമൃഗങ്ങള്‍ വന്യജീവി ആക്രമണത്തില്‍ ചത്തത്. കഴിഞ്ഞദിവസം ഇരുമ്പൂന്നിക്കര ആശാന്‍ കോളനി പതാപ്പറമ്പില്‍ ജയകുമാര്‍, തടത്തില്‍ ഷിബു, പറപ്പള്ളില്‍ ബിബിന്‍ എന്നിവരുടെ വളര്‍ത്തുനായയെ അജ്ഞാതജീവി ആക്രമിച്ചു. മൂക്കന്‍പെട്ടി അരുവിക്കല്‍ കീരിത്തോട് ഈറയ്ക്കല്‍ ജ്ഞാനകുമാറിന്റെ വീട്ടിലെ കൂട്ടില്‍നിന്ന് ഗര്‍ഭിണിയായ ആടിനെ കടിച്ചുകൊന്നു. കഴിഞ്ഞ ആഴ്ച്ച കീരിത്തോട് പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. രണ്ടുമാസം മുന്‍പ് ടി.ആര്‍.ടി എസ്റ്റേറ്റിലെ ഇ.ഡി.കെ ഡിവിഷനില്‍ പശുക്കിടാവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു. മുയല്‍, നായ അടക്കമുള്ള നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ആറുമാസത്തിനിടെ കൂട്ടില്‍ നിന്ന് കാണാതായത്.
എന്നാല്‍ വന്യമൃഗങ്ങള്‍ മൂലം കൃഷി ഉപേക്ഷിക്കുകയാണ് പലരും. ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലികള്‍ നശിച്ചിട്ടും പുതിയത് ഇതുവരെ സ്ഥാപിച്ചിട്ടില്ല. വന്യജീവി ആക്രമണങ്ങളെ ചെറുക്കാന്‍ കര്‍ഷകര്‍ക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഒരു വര്‍ഷമായി നല്‍കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കര്‍ഷകര്‍ക്കുണ്ടാകുന്ന നാശത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും നഷ്ടപരിഹാരം നല്‍കുന്നത്. കൃഷിയിടങ്ങളിലും ഇതിനോട് ചേര്‍ന്ന പ്രദേശങ്ങളിലും കാട്ടുമൃഗങ്ങള്‍ അപായപ്പെട്ടാല്‍ കുറ്റം കര്‍ഷകര്‍ക്കുമേല്‍ ചുമത്തുന്നതും പതിവാണ്.

 

 

Latest News