Sorry, you need to enable JavaScript to visit this website.

സുഡാന്‍ വീണ്ടും അശാന്തം, പലേടത്തും വ്യോമാക്രമണം

ഖാര്‍ത്തൂം- ജനങ്ങളെ മാനുഷിക പ്രതിസന്ധിയില്‍ കുടുക്കുകയും ദശലക്ഷത്തിലധികം ആളുകളെ കുടിയിറക്കുകയും ചെയ്ത സംഘര്‍ഷം ആറാം ആഴ്ചയിലേക്ക് കടന്നിരിക്കെ, വെള്ളി രാത്രിയിലും ശനിയാഴ്ച രാവിലെയും സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശങ്ങളില്‍ കനത്ത വ്യോമാക്രമണം. സുഡാനിലെ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള പോരാട്ടം രാജ്യത്തെ പൂര്‍ണമായ ക്രമസമാധാന തകര്‍ച്ചയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. ഭക്ഷണം, പണം, അവശ്യവസ്തുക്കള്‍ എന്നിവയുടെ ശേഖരം അതിവേഗം കുറയുകയാണ്. രാജ്യത്ത് പലേടത്തും കൊള്ള വ്യാപകമായി.
നൈല്‍ നദിക്ക് കുറുകെ കിടക്കുന്ന രണ്ട് നഗരങ്ങളായ തെക്കന്‍ ഒംദുര്‍മാനും വടക്കന്‍ ബഹ്‌രിയിലും  വ്യോമാക്രമണമുണ്ടായി. ഒംദുര്‍മാനിലെ ഔദ്യോഗിക പ്രക്ഷേപണ നിലയത്തിന് സമീപമാണ് ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടയ്ക്കിടെ വെടിയൊച്ചകള്‍ കേള്‍ക്കാമെങ്കിലും സ്ഥിതിഗതികള്‍ താരതമ്യേന ശാന്തമായിരുന്നുവെന്ന് ഖാര്‍ത്തൂമിലെ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഏപ്രില്‍ 15 ന് ആരംഭിച്ച സംഘര്‍ഷം ഏകദേശം 1.1 ദശലക്ഷം ആളുകളെ രാജ്യത്തിനകത്തും അയല്‍രാജ്യങ്ങളിലേയ്ക്കും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 705 പേര്‍ കൊല്ലപ്പെടുകയും 5,287 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജിദ്ദയില്‍ അമേരിക്കയും സൗദി അറേബ്യയും മുന്‍കൈയെടുത്ത ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഒന്നിലധികം വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ചതായി ഇരുപക്ഷവും പരസ്പരം ആരോപിച്ചു.
'ഇന്ന് അതിരാവിലെ ഞങ്ങള്‍ കനത്ത പീരങ്കി ആക്രമണം നേരിട്ടു, വീട് മുഴുവന്‍ കുലുങ്ങി,' ഒംദുര്‍മാനിലെ അല്‍സല്‍ഹ പരിസരത്ത് താമസിക്കുന്ന 33 കാരിയായ സന ഹസ്സന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 'ഇത് ഭയങ്കരമായിരുന്നു, എല്ലാവരും അവരുടെ കട്ടിലിനടിയില്‍ കിടന്നു. ഇതൊരു  പേടിസ്വപ്നമാണ് - അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ദാര്‍ഫൂര്‍ മേഖലയില്‍, നിയാല, സലെന്‍ജെയ് നഗരങ്ങളില്‍ വീണ്ടും കരയുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ഉടമ്പടി മൂലം ആഴ്ചകളോളം താരതമ്യേന ശാന്തമായിരുന്ന ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ന്യാലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ ഉത്തരവാദിത്തം  വെള്ളിയാഴ്ച ഇരുപക്ഷവും പരസ്പരം ആരോപിച്ചു.
ശനിയാഴ്ച രാവിലെ സൈനിക ആസ്ഥാനത്തിന് സമീപമുള്ള നഗരത്തിലെ പ്രധാന മാര്‍ക്കറ്റിന് സമീപം ഇടയ്ക്കിടെ വെടിവെപ്പുണ്ടായതായി നാട്ടുകാര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ ഏകദേശം 30 പേര്‍ മരിച്ചതായി സമാധാന പ്രവര്‍ത്തകര്‍ പറയുന്നു.
പതിറ്റാണ്ടുകളുടെ സംഘര്‍ഷഭരിതമായ സ്വേച്ഛാധിപത്യത്തെത്തുടര്‍ന്ന് സുഡാനെ ജനാധിപത്യത്തിലേക്ക് മാറ്റുന്നതിനുള്ള അന്താരാഷ്ട്ര പിന്തുണയുള്ള കരാറിന് കീഴില്‍ ആര്‍.എസ്.എഫിനെ സൈന്യവുമായി സംയോജിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചുള്ള തര്‍ക്കമാണ് ഖാര്‍തൂമില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കാരണം. യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി) വെള്ളിയാഴ്ച പലായനം ചെയ്യുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും വൈദ്യസഹായവും ഉള്‍പ്പെടെ 100 മില്യണ്‍ ഡോളറിലധികം സഹായം പ്രഖ്യാപിച്ചു.
സുഡാനില്‍ ഇപ്പോള്‍ സംഭവിക്കുന്ന കഷ്ടപ്പാടുകളുടെ വ്യാപ്തി അറിയിക്കാന്‍ പ്രയാസമാണെന്ന് ഏജന്‍സി മേധാവി സാമന്ത പവര്‍ പറഞ്ഞു.

 

Latest News