നിയമന കുംഭകോണക്കേസില്‍ അഭിഷേക് ബാനര്‍ജിയെ സി.ബി.ഐ ചോദ്യം ചെയ്തു

കൊല്‍ക്കത്ത - ബംഗാളിലെ നിയമന കുംഭകോണക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എം.പിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയായ അഭിഷേകിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
രാവിലെ 10.58ന് സ്വന്തമായി വാഹനം ഓടിച്ചാണ് സി.ബി.ഐ ഓഫിസില്‍ അഭിഷേക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ ഉന്നതരുമായി അടുപ്പമുള്ള സുജയ് കൃഷ്ണ ഭദ്രയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത നിയമനങ്ങളില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന ഭദ്ര മാര്‍ച്ച് 15ന് സി.ബി.ഐക്ക് മുന്‍പാകെ ഹാജരായിരുന്നു.
അഴിമതിയുടെ ക്രിമിനല്‍ വശമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. നിയമന ക്രമക്കേടുകളില്‍ ഉള്‍പ്പെട്ട പണമിടപാടാണ് ഇ.ഡി പരിശോധിക്കുന്നത്. താന്‍ അഴിമതി നടത്തിയതായി തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ അഭിഷേക് ബാനര്‍ജി സി.ബി.ഐയെ നേരത്തേ വെല്ലുവിളിച്ചിരുന്നു.

 

Latest News