Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്വദേശികളുടെ വേതനം വര്‍ധിച്ചു, 3000 റിയാല്‍ വാങ്ങുന്നവര്‍ 62 ശതമാനം കുറഞ്ഞു

ജിദ്ദ - സ്വകാര്യ മേഖലയില്‍ മൂവായിരം റിയാലും അതില്‍ കുറവും വേതനം ലഭിക്കുന്ന സ്വദേശികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നത് തുടരുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഏറ്റവും താഴ്ന്ന തോതിലേക്ക് കുറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ മൂവായിരം റിയാലും അതില്‍ കുറവും വേതനം ലഭിക്കുന്ന സ്വദേശികളുടെ എണ്ണം 62 ശതമാനം തോതില്‍ കുറഞ്ഞതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം മൂവായിരം റിയാലും അതില്‍ കുറവും വേതനം ലഭിക്കുന്ന 99,400 ഓളം സൗദി ജീവനക്കാരാണ് സ്വകാര്യ മേഖലയിലുള്ളത്. 2021 രണ്ടാം പാദത്തില്‍ ഈ വിഭാഗം തൊഴിലാളികള്‍ 2,58,400 ഓളം ആയിരുന്നു. രണ്ടു കൊല്ലത്തിനിടെ ഈ വിഭാഗം തൊഴിലാളികളില്‍ 1,59,000 ഓളം പേരുടെ കുറവാണുണ്ടായത്. കുറഞ്ഞ വേതനം ലഭിക്കുന്ന വിഭാഗത്തില്‍ നിന്ന് ഇവര്‍ ഉയര്‍ന്ന വേതനം ലഭിക്കുന്ന വിഭാഗത്തിലേക്ക് മാറുകയായിരുന്നു.
ഈ വിഭാഗം തൊഴിലാളികള്‍ 2021 മൂന്നാം പാദത്തില്‍ 2,04,900 ഉം നാലാം പാദത്തില്‍ 1,63,800 ഉം 2022 ആദ്യ പാദത്തില്‍ 1,34,600 ഉം രണ്ടാം പാദത്തില്‍ 1,20,100 ഉം മൂന്നാം പാദത്തില്‍ 1,11,100 ഉം നാലാം പാദത്തില്‍ 1,11,000 ഉം ആയിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം മൂവായിരം റിയാലും അതില്‍ കുറവും വേതനം ലഭിക്കുന്ന സ്വദേശികള്‍ സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരുടെ നാലര ശതമാനമാണ്. 2021 രണ്ടാം പാദത്തില്‍ സ്വദേശി ജീവനക്കാരില്‍ 14.6 ശതമാനം ഈ വിഭാഗത്തില്‍ പെട്ടവരായിരുന്നു.
സ്വകാര്യ മേഖലാ ജീവനക്കാരായ സ്വദേശികളുടെ ജീവിത നിലവാരം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്. കുറഞ്ഞ വേതനം ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം കുറയുകയും ഉയര്‍ന്ന വേതനം ലഭിക്കുന്ന സ്വദേശികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.
ഇക്കാലയളവില്‍ 3,001 റിയാല്‍ മുതല്‍ 4,999 റിയാല്‍ വരെ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം 43.4 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ഈ വിഭാഗത്തില്‍ പെട്ട 11,90,000 ഓളം ജീവനക്കാരുണ്ട്. 2021 രണ്ടാം പാദത്തില്‍ ഈ വിഭാഗം ജീവനക്കാര്‍ 8,23,900 ഓളം ആയിരുന്നു. സ്വകാര്യ മേഖലയിലെ ആകെ സൗദി ജീവനക്കാരില്‍ 53.7 ശതമാനം ഈ വിഭാഗത്തില്‍ പെടുന്നു. 2021 രണ്ടാം പാദത്തില്‍ ഈ വിഭാഗം ജീവനക്കാര്‍ 46.9 ശതമാനമായിരുന്നു.
5,000 റിയാല്‍ മുതല്‍ 9,999 റിയാല്‍ വരെ വേതനം ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം രണ്ടു വര്‍ഷത്തിനിടെ 42.9 ശതമാനം തോതിലും വര്‍ധിച്ചു. ഈ വിഭാഗം ജീവനക്കാരുടെ എണ്ണം 3,88,200 ല്‍ നിന്ന് 5,55,000 ആയാണ് ഉയര്‍ന്നത്. 5,000 റിയാല്‍ മുതല്‍ 9,999 റിയാല്‍ വരെ വേതനം ലഭിക്കുന്ന സൗദി ജീവനക്കാരുടെ അനുപാതം 22 ശതമാനത്തില്‍ നിന്ന് 25.1 ശതമാനമായി രണ്ടു വര്‍ഷത്തിനിടെ ഉയര്‍ന്നു.
10,000 റിയാലും അതില്‍ കൂടുതലും വേതനം ലഭിക്കുന്ന സൗദി ജീവനക്കാരുടെ എണ്ണം 26.6 ശതമാനം തോതില്‍ രണ്ടു വര്‍ഷത്തിനിടെ ഉയര്‍ന്നു. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം 10,000 റിയാലും അതില്‍ കൂടുതലും വേതനം ലഭിക്കുന്ന 3,69,500 ഓളം സ്വദേശികള്‍ സ്വകാര്യ മേഖലയിലുണ്ട്. 10,000 റിയാലും അതില്‍ കൂടുതലും വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരുടെ അനുപാതം 16.5 ശതമാനത്തില്‍ നിന്ന് 16.7 ശതമാനമായി രണ്ടു വര്‍ഷത്തിനിടെ ഉയര്‍ന്നു.

 

 

Latest News