തായിഫില്‍ മരിച്ച അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ മയ്യിത്ത് ഖബറടക്കി

തായിഫ്- വെള്ളിയാഴ്ച തായിഫില്‍ വാഹനാപകടത്തില്‍ മരിച്ച ജിദ്ദ മൗലാന മദീന സിയാറ ഉടമ കോഴിക്കോട് കൊടുവള്ളി പുത്തൂര്‍ കുഞ്ഞിപള്ളില്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ (50) മയ്യിത്ത് ഖബറടക്കി. ഇന്ന് ളുഹര്‍ നമസ്‌കാരാനന്തരം തായിഫ് അബ്ദുല്ലാഹിബ്‌നു അബ്ബാസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്കത്തിലും ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര്‍ പങ്കെടുത്തു.
ത്വായിഫിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ രണ്ട് ബസുകളിലായി എത്തിയവരുമായി വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ്  തായിഇഫ് മത്‌നയിലെ ചരിത്ര ശേഷിപ്പിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ച് ഗുരുതര പരിക്കുപറ്റി അത്യാസന്ന നിലയില്‍ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും വൈകാതെ മരണം സംഭവിക്കുകയായിരുന്നു അപകട സമയം ഭാര്യയും മൂന്നു കുട്ടികളും കൂടെയുണ്ടായിരുന്നു.
മരണാനന്തര നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജിദ്ദയിലുള്ള സഹോദരന്‍ ഉനൈസിന്റെ പേരില്‍ ഭാര്യ വക്കാലത്ത് നല്‍കി. മദീനയിലുള്ള സഹോദരന്‍ ഔഫും ജിദ്ദയിലും മറ്റുമുള്ള ബന്ധുക്കളും തായിഫിലെത്തിയിരുന്നു.
ബന്ധുക്കള്‍ക്ക് ഹോസ്പിറ്റലിലും നിയമനടപടികള്‍ പൂര്‍ത്തികരിക്കാനും വേണ്ട എല്ലാ സഹായവുമായി തായിഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദ് സ്വാലിഹിന്റെയും ജനറല്‍ സെക്രട്ടറി ഷരീഫ് മണ്ണാര്‍ക്കാടിന്റെയും നേതൃത്വത്തില്‍ കെ.എം.സി.സി നേതാക്കള്‍ രംഗത്തുണ്ടായിരുന്നു.

 

 

 

Latest News