കർണാടകയിൽ കോൺഗ്രസ് നേടിയ തകർപ്പൻ വിജയത്തിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതോടെ ഭരണചക്രം തിരിയാൻ തുടങ്ങുകയാണ്. കർണാടകയിൽ കോൺഗ്രസ് മികച്ച വിജയം നേടിയെന്നതിനേക്കാൾ വലിയൊരു വിഭാഗത്തെയും ആഹഌദ ഭരിതരാക്കുന്നത് ബി.ജെ.പി ഇവിടെ പടുകുഴിയിലേക്ക് വീണുവെന്നതാണ്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് കർണാടകയിൽ തിരശ്ശീലയിടാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നത് വലിയ കാര്യം തന്നെയാണ്. ദക്ഷിണേന്ത്യയിൽ താമര കൊഴിഞ്ഞു പോയിരിക്കുന്നു. കർണാടകയിലെ കോൺഗ്രസിന്റെ വിജയം രാജ്യത്താകെ പ്രതിപക്ഷ കക്ഷികൾക്ക് വലിയ ഉന്മേഷമാണ് സമ്മാനിച്ചിട്ടുള്ളത്. ഒത്തുപിടിച്ചാൽ മലയും പോരുമെന്ന തോന്നൽ ഉളവാക്കാൻ ഈ വിജയത്തിലൂടെ കഴിഞ്ഞു.
എന്നാൽ അതുകൊണ്ട് മാത്രമായില്ല, അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ഒത്തുപിടിക്കാനാകുമോ? ഇന്ത്യൻ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യമതാണ്. ദക്ഷിണേന്ത്യയിൽ മാത്രം താമര വാടിയതുകൊണ്ടായില്ല. രാജ്യത്തിന്റെ അധികാര കസേരയിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കണമെങ്കിൽ ഒരു കർണാടക കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വെന്നിക്കൊടി പാറിക്കാനാകണം. എന്നാൽ മാത്രമേ രാജ്യത്തിന്റെ അധികാരം പ്രതിപക്ഷത്തിന്റെ കൈയിലേക്ക് വരൂ. കർണാടകയിലെ വിജയത്തിൽ മതിമറന്നതുകൊണ്ട് മാത്രം കാര്യമില്ല. കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും യാഥാർത്ഥ്യത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു വരികയാണ് വേണ്ടത്.
കർണാടക നേടിയതുപോലെ ഒറ്റയടിക്ക് നേടാവുന്നതല്ല പാർലമെന്റ് തെരഞ്ഞെടുപ്പ്. അതിന് വളരെ കഠിനമായ ഒരുപാട് ഹോംവർക്കുകൾ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ചെയ്തു തീർക്കേണ്ടതുണ്ട്. ദക്ഷിണേന്ത്യയിൽ താമരയുടെ തണ്ടൊടിഞ്ഞുവെന്നത് ശരി തന്നെയാണ്. എന്നാൽ രാജ്യത്തിന്റെ ഭരണ ചക്രം ആര് തിരിക്കണമെന്ന് തീരുമാനിക്കപ്പെടുന്ന ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലുമെല്ലാം താമര ഇപ്പോഴും വാടാതെ വിടർന്നു നിൽക്കുന്നുണ്ട്. പച്ചയായ വർഗീയ രാഷ്ട്രീയം അതിനെ വെള്ളവും വളവും നൽകി വളർത്തി വലുതാക്കുന്നുണ്ട്. അതിന്റെ തണ്ടൊടിച്ചു കളയുകയെന്നത് അത്ര എളുപ്പത്തിൽ സാധ്യമല്ല.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക്, പ്രത്യേകിച്ച് കോൺഗ്രസിന് വളരെ ശക്തമായ അടിത്തറ രാജ്യത്ത് കെട്ടിപ്പടുക്കാനാകണം. അതു സാധ്യമാകുന്നില്ലായെന്നത് തന്നെയാണ് പ്രശ്‌നം. കർണാടകയിലെ കോൺഗ്രസിന്റെ വിജയം ലോക്‌സഭ തെരഞ്ഞെടുപ്പിലും സ്വാഭാവികമായും ആവർത്തിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കർണാടക അവർക്ക് കാലങ്ങളായി ശക്തമായ അടിത്തറയുള്ള മണ്ണാണ്. സംഘടനാപരമായ വീഴ്ചകൾ കൊണ്ട് മാത്രമാണ് കഴിഞ്ഞ കാലങ്ങളിൽ ബി.ജെ.പിക്ക് ഭരണം അടിയറവെക്കേണ്ടി വന്നുവെന്നതാണ് സത്യം. എന്നാൽ ഇത്തവണ സംഘടന സംവിധാനത്തെ വളരെ ശക്തമായിത്തന്നെ ചലിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ബി.ജെ.പിയെ ബഹൂദൂരം പിന്നിലാക്കിക്കൊണ്ട് ഭരണം തിരിച്ചുപിടിക്കാൻ സഹായകമായത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സംഘടന സംവിധാനത്തെ മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത രീതിയിൽ കർണാടകയിൽ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ അവർക്ക് സാധിച്ചുവെന്നതിൽ തർക്കമില്ല. വലിയ പരാജയം കർണാടകയിൽ സംഭവിച്ചിട്ടും ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. ഇത് കേവലമൊരു വീരവാദമായി മാത്രം തള്ളിക്കളയാനാകില്ല. കാരണം ഒരു വലിയ പാഠമാണ് കർണാടകയിലെ തോൽവി ബി.ജെ.പിയെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തിരുത്തേണ്ട തെറ്റുകൾ തിരുത്തി, കേന്ദ്ര സർക്കാർ സംവിധാനത്തെയാകെ ഉപയോഗപ്പെടുത്തി, വർഗീയ രാഷ്ട്രീയത്തെ കൂടുതൽ ആളിക്കത്തിച്ച് ബി.ജെ.പി ലോക്‌സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഒരു തിരിച്ചുവരവിന് തയാറെടുക്കുമെന്ന കാര്യം ഉറപ്പാണ്. അതിനുള്ള ശേഷിയും നേതൃത്വവും അവർക്കുണ്ടെന്നത് സമ്മതിക്കാതിരിക്കാൻ കഴിയില്ല.
കർണാടകയിലെ കോൺഗ്രസ് വിജയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് മുന്നോട്ട് കുതിക്കാനുള്ള ഉത്തേജക മരുന്നായി മാത്രമേ കാണാൻ പാടുള്ളൂ. ലക്ഷ്യത്തിലെത്തണമെങ്കിൽ ഒറ്റക്ക് പോരാടിയിട്ട് കാര്യമില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒറ്റക്കുള്ള ഏത് കക്ഷികളുടെയും പോരാട്ടത്തെ നേരിടാനുള്ള കരുത്ത് സംഘപരിവാറിന്റെ രാഷ്ട്രീയ സംവിധാനത്തിനുണ്ട്. കർണാടകയിലെ കോൺഗ്രസിന്റെ വിജയം ഈ സംവിധാനത്തെ വിലകുറച്ച് കാണാനുള്ള ഉപാധിയായി മാറരുത്.
തങ്ങളെ തള്ളിപ്പറയുന്ന പ്രതിപക്ഷ കക്ഷികൾക്കിടയിൽ തലയുയർത്തിപ്പിടിച്ച് നിൽക്കാൻ കർണാടകയിലെ വിജയം കോൺഗ്രസിനെ പ്രാപ്തരാക്കിയിട്ടുണ്ട്. കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ വിശാല ഐക്യം കെട്ടിപ്പടുക്കാൻ ശ്രമിച്ച പ്രാദേശിക പാർട്ടി നേതാക്കൾ പോലും കർണാടകയിലെ കോൺഗ്രസിന്റെ ആധികാരിക വിജയത്തെ അംഗീകരിക്കുകയും പ്രതിപക്ഷ കൂട്ടുകെട്ടിൽ കോൺഗ്രസ് നിർണായക ശക്തിയാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കർണാടകയിൽ ഭരണം തിരിച്ചുപിടിച്ചുവെന്നതിനേക്കാൾ കോൺഗ്രസിന് കിട്ടിയ ഏറ്റവും വലിയ നേട്ടം ഇതാണ്.
കോൺഗ്രസില്ലാത്ത പ്രതിപക്ഷ സഖ്യത്തിന് കരുത്തുണ്ടാകില്ലെന്ന് മറ്റു പ്രതിപക്ഷ കക്ഷികൾക്ക് ബോധ്യമായ സാഹചര്യത്തിൽ ഇനി കളത്തിലേക്കിറങ്ങുകയും പ്രതിപക്ഷ സഖ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയുമാണ് കോൺഗ്രസ് നേതൃത്വത്തിന് ചെയ്യാനുള്ളത്. അതിനുള്ള ആർജവവും കഴിവും കോൺഗ്രസ് ദേശീയ നേതാക്കൾ പ്രകടിപ്പിക്കേണ്ടതുണ്ട്. ഒരു സംസ്ഥാനത്തെ തോൽവി കൊണ്ട് മാത്രം തകർന്നു പോകുന്നതല്ല ബി.ജെ.പിയുടെ സംഘടന സംവിധാനമെന്ന തിരിച്ചറിവാണ് ആദ്യം കോൺഗ്രസ് നേതാക്കൾക്കുണ്ടാകേണ്ടത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന സന്ദേശമാണ് കർണാടക തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നൽകിയിട്ടുള്ളത്. കർണാടകയിലെ തങ്ങളുടെ പരാജയം ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തുമെന്നും അവർക്കറിയാം. അതുകൊണ്ട് തന്നെ പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കാനുള്ള എല്ലാ തന്ത്രങ്ങളും അവർ പയറ്റുമെന്ന കാര്യം ഉറപ്പാണ്. അതിനുള്ള ആളും അർത്ഥവും സംഘപരിവാറിനുണ്ട്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ കഴിയുമ്പോൾ മാത്രമേ പ്രതിപക്ഷത്തിന് പിടിച്ചുനിൽപ് സാധ്യമാകുകയുള്ളൂ.
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ വലിയ പ്രതീക്ഷ മുന്നോട്ട് വെക്കുന്നുണ്ട്. കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നടക്കം വലിയൊരു ശതമാനം സീറ്റുകൾ പ്രതിപക്ഷത്തിന് ഇവിടെ നിന്ന് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനൊപ്പം ഉത്തരേന്ത്യയിലടക്കം മറ്റു ചില സംസ്ഥാനങ്ങളിൽ കൂടി ആധിപത്യം പുലർത്താനായാൽ മോഡിയെയും കൂട്ടരെയും കെട്ടുകെട്ടിക്കാം. ഒന്നിച്ച,് കാലിടറാതെയും കെണികളിൽ വീഴാതെയും മുന്നോട്ട് പോയാലേ അത് യാഥാർത്ഥ്യമാകൂ.






