അഴിമതിയും കമ്മീഷൻ പദ്ധതികളും സ്വജനപക്ഷപാതവും ഗുണ്ട - ലഹരി മാഫിയകളുമായുള്ള സി.പി.എം ബന്ധവും പോലീസിനെയും ഗുണ്ടകളെയും തിരിച്ചറിയാനാകാത്ത തരത്തിലുള്ള ക്രമസമാധാന തകർച്ചയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വ്യാപകമാകുന്ന അക്രമങ്ങൾ, സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതിക്കൊള്ള, രൂക്ഷമായ വിലക്കയറ്റം, കാർഷിക മേഖലയുടെ തകർച്ച... അങ്ങനെ ഭരണകൂട ഭീകരതയും അതിന്റെ പ്രത്യാഘാതങ്ങളും ചേർന്ന് ഭീതിദമായ ദിനങ്ങളിലൂടെയാണ് രണ്ടാം പിണറായി സർക്കാർ രണ്ടാം വർഷത്തിലെത്തി നിൽക്കുന്നത്. രക്ഷകരുടെ വേഷത്തിൽ നിന്നവർ മഹാമാരിക്കാലത്ത് ഖജനാവ് കൊള്ളയടിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ഭരണത്തുടർച്ചയുടെ ദുരന്ത ഫലങ്ങളാണ് കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റവാചകത്തിൽ പറഞ്ഞാൽ; ഇതൊരു സർക്കാരല്ല, കൊള്ളസംഘമാണ്.
അഴിമതി ക്യാമറ
റോഡ് സുരക്ഷയുടെ പേരിൽ എ.ഐ സാങ്കേതിക വിദ്യയുണ്ടെന്ന വ്യാജേന നിരത്തുകളിൽ ക്യാമറകൾ സ്ഥാപിച്ചതിന് പിന്നിൽ നടന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് വ്യക്തമായി. അഴിമതി ക്യാമറ ഇടപാടിലെ പകൽക്കൊള്ള തെളിവ് സഹിതമാണ് പ്രതിപക്ഷം തുറന്നു കാട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസും കടന്ന് പിണറായി വിജയന്റെ വീട്ടിനുള്ളിൽ വരെ ആരോപണങ്ങളെത്തി നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള കമ്പനിയുടെ ദുരൂഹമായ ഇടപെടലുകൾ സംബന്ധിച്ച തെളിവും പുറത്ത് വിട്ടു. എന്നിട്ടും ഭീരുവിനെ പോലെ മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
എസ്.ആർ.ഐ.ടിക്ക് കരാർ നൽകിയതിലൂടെ സിപി.എം ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉൾപ്പെടുന്ന കറക്കുകമ്പനികൾക്ക് അഴിമതി നടത്താൻ സർക്കാരും കെൽട്രോണും അവസരം ഒരുക്കിക്കൊടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഏത് പദ്ധതി നടപ്പാക്കിയാലും അതിന്റെ കമ്മീഷനും അഴിമതിപ്പണവും ഒരു പെട്ടിയിലേക്ക് എത്തിച്ചേരുന്ന രീതിയിൽ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയതും രണ്ടാം സർക്കാർ തുടരുന്നതും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധപ്പെട്ട പ്രസാഡിയോ എന്ന സ്ഥാപനമാണ് അഴിമതി ക്യാമറ പദ്ധതിയിൽ ഉപകരാർ നേടിയത്. ഒരു രൂപ പോലും മുടക്കില്ലാതെ വരുമാനത്തിന്റെ 60 ശതമാനമാണ് ഈ കറക്കുകമ്പനിയിലേക്കെത്തുന്നത്.
കെ ഫോൺ അഴിമതിയിലും പ്രസാഡിയോ
അഴിമതി ക്യാമറയെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണിൽ നടത്തിയത്. പദ്ധതി നടത്തിപ്പിന് ഭാരത് ഇലക്ട്രോണിക്സിനെയാണ് (ബെൽ) ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ കരാർ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിനാണ് നൽകിയത്. 1028.8 കോടിയുടെ പദ്ധതി കൺസോർഷ്യത്തിന് നൽകിയപ്പോൾ 1531 കോടി രൂപയായി ഉയർന്നു. പത്ത് ശതമാനത്തിൽ അധികം ടെൻഡർ എക്സസ് പാടില്ലെന്ന നിബന്ധന മറികടന്ന് 520 കോടിയോളമാണ് അധികമായി നൽകിയത്. ബെൽ, അഴിമതി ക്യാമറ ഇടപാടിൽ ഉൾപ്പെട്ട എസ്.ആർ.ഐ.ടി, റെയിൽടെൽ എന്നിവർ ഉൾപ്പെടുന്നതാണ് കൺസോർഷ്യം. എസ്.ആർ.ഐ.ടിക്ക് കിട്ടിയ കരാർ പാലങ്ങളും റോഡുകളും മാത്രം നിർമിക്കുന്ന അശോക ബിൽഡ്കോണിന് നൽകി. അശോക ബിൽഡ്കോൺ ഈ കരാർ മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള കമ്പനിയായ പ്രസാഡിയോക്ക് നൽകി. അഴിമതി ക്യാമറയിലെന്ന പോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്.
ധൂർത്തിന് നികുതിക്കൊള്ള
ഭരണപരാജയവും ധൂർത്തും ഉണ്ടാക്കിയ കടക്കെണിയിൽനിന്നു കരകയറുന്നതിനും സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ബജറ്റിലൂടെ മാത്രം ഇന്ധന സെസും മദ്യത്തിന്റെ വില വർധനയും ഉൾപ്പെടെ 4500 കോടിയുടെ അധിക നികുതിയാണ് അടിച്ചേൽപിച്ചത്. ഇതിന് പുറമെ വെള്ളം, വൈദ്യുതി നിരക്കുകളും കുത്തനെ വർധിപ്പിച്ചു. പ്രളയവും കോവിഡ് മഹാമാരിയും ഏൽപിച്ച ആഘാതത്തിൽ നിന്നും ജനം കരകയറുന്നതിനിടയിലാണ് നികുതിക്കൊള്ളയുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്. നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തിന് പുറമെ കെട്ടിട നിർമാണ പെർമിറ്റ് ഫീസും വർധിപ്പിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിലാണ് കരിനിഴൽ വീഴ്ത്തിയത്. പെർമിറ്റ് എടുക്കുന്നതിനുള്ള അപേക്ഷ ഫീസ് 30 രൂപയിൽനിന്നു 1000 മുതൽ 5000 രൂപ വരെയും പെർമിറ്റ് ഫീസ് പത്തിരട്ടിയുമായാണ് വർധിപ്പിച്ചത്.
ലഹരി മാഫിയക്കൊപ്പം
സംസ്ഥാനത്ത് എല്ലാ മേഖലകളിലും ലഹരി വ്യാപകമായി പടർന്നിരിക്കുകയാണ്. അത് തടയാനോ നിയന്ത്രിക്കാനോ ഒരു സംവിധാനങ്ങളുമില്ല. മാരകമായ രാസ മരുന്നുകളാണ് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ചെറിയ കാരിയേഴ്‌സിനെ മാത്രമാണ് പിടികൂടുന്നത്. ലഹരി മാഫിയക്കെതിരെ ഒരു നിയന്ത്രണവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കാരണം ലഹരി മാഫിയക്ക് സി.പി.എം രക്ഷാകർതൃത്വമുണ്ട്. സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ തന്നെ ലഹരിക്കടത്തിന്റെ ഭാഗമാകുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്.
സ്ത്രീസുരക്ഷയിൽ പരാജയം
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പോലീസിന്റെ തന്നെ കണക്കുകൾ. 2020 ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021 ൽ 16,199 ലേക്ക് ഉയരുകയും 2022 ൽ 18,943 ആകുകയും ചെയ്തു. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 2020 ൽ 3941 ആയിരുന്നത് 2022 ൽ 5315 ലേക്ക് ഉയർന്നു. ഒരു ദിവസം 47 സ്ത്രീകൾ വിവിധ അതിക്രമങ്ങൾക്ക് ഇരയാകുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തു സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ സർക്കാരിന് ഓശാന പാടാനുള്ള ഭക്തജനസംഘമായി നിൽക്കുകയാണ് പോലീസ്.
ലൈഫ് മിഷൻ തട്ടിപ്പ്
ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഇപ്പോഴും ജയിലിലാണ്. 20 കോടിയുടെ പദ്ധതിയിൽ 9 കോടിയും കമ്മീഷൻ ഇനത്തിൽ തട്ടിയെടുക്കുകയായിരുന്നു. കർണാടകത്തിലെ ബി.ജെ.പി സർക്കാർ 40% കമ്മീഷൻ സർക്കാരാണെങ്കിൽ കേരളത്തിലെ സി.പി.എം ഭരണത്തിൽ കമ്മീഷൻ അതിനേക്കാൾ ഉയർന്നതാണ്. കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയില്ലായിരുന്നുവെങ്കിൽ ലൈഫ് മിഷൻ സി.ഇ.ഒ ആയ മുഖ്യമന്ത്രി എന്നേ ആ കേസിൽ പ്രതിയാകുമായിരുന്നു.
പെൻഷനില്ല, മേനി പറച്ചിൽ മാത്രം
മത്സ്യത്തൊഴിലാളികൾക്കും എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകാതെ അവരെയും സർക്കാർ കബളിപ്പിക്കുന്നു. കെ.എസ്.ആർ.ടി.സിയെ തകർത്തു. യു.ഡി.എഫിന്റെ അഭിമാന പദ്ധതിയായ 'കാരുണ്യ' ഇല്ലാതാക്കി.
ആശ്വാസ കിരണം ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ മാസങ്ങളായി മുടങ്ങി. കെട്ടിട നിർമാണ തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചിട്ട് ഒരു വർഷത്തിലേറെയായി. ശമ്പളം നൽകാത്തതിനെ തുടർന്ന് കൊല്ലത്ത് സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു. പാചകത്തൊഴിലാളികൾക്ക് മാസങ്ങളായി വേതനമില്ല. എയ്ഡ്സ് രോഗികളുടെ പെൻഷനടക്കം മുടങ്ങിയിരിക്കുന്നു. എന്നിട്ടും സാമൂഹിക സുരക്ഷ പെൻഷന്റെ പേരിൽ ഊറ്റം കൊള്ളുന്ന പിണറായി സർക്കാർ ഒരു ദുരന്തമാണ്.
അനധികൃതമായി ലൈസൻസ് നൽകിയ ബോട്ട് മറിഞ്ഞ് താനൂരിൽ 22 പേർ മരിച്ച അതിദാരുണ സംഭവം സർക്കാർ സ്പോൺസേഡ് ദുരന്തമാണ്. വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി പോലീസിന്റെ കൺമുന്നിൽ വനിത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷം നമുക്ക് അഭിമാനിക്കാൻ എന്തുണ്ട്? അഴിമതിരാജായി മാറിയ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം. അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞ സർക്കാർ. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതി കൂടി പുറത്ത് വരുമ്പോൾ പിണറായി വിജയന് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. ജനദ്രോഹ ഭരണത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കാൻ പിണറായി സർക്കാരിന് അർഹതയും അവകാശവുമില്ല.






