റായ്ഗഡ്- ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ 18 കാരന്റെ മരണത്തില്‍ മതാപിതാക്കള്‍ അറസ്റ്റില്‍. മകനെ കൊലപ്പെടുത്തി മൃതദേഹവും മോട്ടോര്‍ സൈക്കിളും റോഡരികില്‍ ഉപേക്ഷിച്ച് അപകടമായി മാറ്റാന്‍ ശ്രമിച്ച സംഭവത്തിലാണ് ഒടുവില്‍ മതാപിതാക്കള്‍ കുറ്റം സമ്മതിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലൈലുംഗ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ലോഹ്ദപാനി ഗ്രാമത്തില്‍ കുഹ്രു സിങ്കറിന്റെ മകന്‍ തെക്മണി പൈകരയുടെ മൃതദേഹം മെയ് അഞ്ചിന് ലക്ര ടോക്രി റോഡിലാണ് കണ്ടെത്തിയതെന്ന് ലൈലുംഗ പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ ദീപക് മിശ്ര പറഞ്ഞു.
മേയ് ആറിന് ബൈക്കപകടത്തില്‍ തെക്മണി മരിച്ചതായി അമ്മാവനാണ് പോലീസിനെ അറിയിച്ചത്. 11ാം ക്ലാസ് വിദ്യാര്‍ത്ഥിയായ തെക്മണി ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമെന്ന് മാതാപിതാക്കള്‍ പ്രാഥമിക മൊഴിയില്‍ പറഞ്ഞു. കുട്ടിയുടെ അമ്മ കരംവതി പൈക്കര (40) യാണ് വീടിനടുത്തുള്ള ലക്ര ടോക്രി റോഡില്‍ മകന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസിന് സംശയം തോന്നി അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ വീട്ടില്‍ പലയിടത്തും പുതുതായി പെയിന്റ് ചെയ്തതായി കണ്ടെത്തി. മുറ്റത്ത് രക്തക്കറ മനുഷ്യന്റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.
തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ തെക്മണിയുടെ മാതാപിതാക്കള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പഠനത്തില്‍ താല്‍പര്യം കാണിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദിച്ചതായി പിതാവ് സമ്മതിച്ചു. മോട്ടോര്‍ സൈക്കിള്‍ സവാരി കഴിഞ്ഞ് വീട്ടിലെത്താന്‍ വൈകിയതാണ് പെട്ടെന്നുള്ള പ്രകോപനമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മേയ് അഞ്ചിനാണ് തെക്മണി മരിച്ചത്. കൊലപാതകം മറച്ചുവെക്കാനായി മാതാപിതാക്കള്‍ മൃതദേഹവും മോട്ടോര്‍ സൈക്കിളും റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് പറഞ്ഞു.






