Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ പങ്കാളികളെ കൈമാറാന്‍  14 ഗ്രൂപ്പുകള്‍ സജീവം, അന്വേഷണമില്ല  

കോട്ടയം- കഴിഞ്ഞ ജനുവരിയില്‍ കേരളത്തെയാകെ ഞെട്ടിച്ചതാണു കറുകച്ചാല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത പങ്കാളികളെ കൈമാറ്റം ചെയ്യല്‍ കേസ്. അന്നു പരാതിക്കാരിയായിരുന്ന യുവതിയുടെ കൊലപാതകം ഇന്നലെ മറ്റൊരു ഞെട്ടലായി.
സംഭവവുമായി ബന്ധപ്പെട്ട് അന്ന് 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചു വലിയസംഘം പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നെന്ന് അന്നു പോലീസ് കണ്ടെത്തിയെങ്കിലും പരാതികള്‍ ഇല്ലാതെ വന്നതോടെ അന്വേഷണം പ്രതിസന്ധിയിലായി.
അന്നു പത്തനാട് താമസിച്ചിരുന്ന യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണു പങ്കാളി കൈമാറ്റങ്ങളാണു നടന്നതെന്ന വിവരത്തിലേക്കെത്തിയത്. കപ്പിള്‍ മീറ്റ് കേരള എന്ന സമൂഹമാധ്യമ ഗ്രൂപ്പ് വഴിയാണു പ്രവര്‍ത്തനമെന്നും കണ്ടെത്തിയിരുന്നു. 14 ഗ്രൂപ്പുകള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി.
ഭര്‍ത്താവില്‍ നിന്നുള്ള പീഡനം ഒരു യുട്യൂബ് വ്ളോഗില്‍ യുവതി തുറന്നു പറയുകയായിരുന്നു. ഇതു കേട്ട യുവതിയുടെ ബന്ധുക്കള്‍ക്കു സംശയം തോന്നി ചോദിച്ചപ്പോഴാണു സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. തുടര്‍ന്നു കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രണയിച്ചു വിവാഹം കഴിച്ചതാണു യുവതിയും ഭര്‍ത്താവും. വിദേശത്തു ജോലി ചെയ്തിരുന്ന ഭര്‍ത്താവു തിരിച്ചെത്തിയ ശേഷമാണ് ഉപദ്രവങ്ങള്‍ ആരംഭിച്ചതെന്ന് അന്നു പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

Latest News