Sorry, you need to enable JavaScript to visit this website.

ഇറാന് പകരം സൗദി; എണ്ണ ഉല്‍പാദനം ഉയര്‍ത്തി

  • പ്രതിദിനം 10.7 ദശലക്ഷം ബാരൽ 
  • എണ്ണ വില പിടിച്ചുനിർത്തുക ലക്ഷ്യം

റിയാദ് - സൗദി അറേബ്യ എണ്ണയുൽപാദനം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്തി. ജൂണിൽ പ്രതിദിനം 10.7 ദശലക്ഷം ബാരൽ എന്ന തോതിലാണ് സൗദി അറേബ്യ എണ്ണ ഉൽപാദിപ്പിക്കുന്നത്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ പ്രതിദിന ഉൽപാദനത്തിൽ ഏഴു ലക്ഷം ബാരലിന്റെ വർധനവാണ് വരുത്തിയത്. ഇറാൻ അടക്കം ഒപെക്കിലെ മറ്റു രാജ്യങ്ങളിൽനിന്നുള്ള എണ്ണ ലഭ്യതയിലെ കുറവ് നികത്തുന്നതിനും ആഗോള വിപണിയിൽ വില കുതിച്ചുയരുന്നത് തടയിടുന്നതിനുമാണ് സൗദി അറേബ്യ ഉൽപാദനം വർധിപ്പിച്ചത്.
ശരാശരി 75 ഡോളറാണ് ഏതാനും മാസങ്ങളായി ബാരലിന് വില. ഇത് അടുത്ത വർഷം മധ്യത്തോടെ 80 ഡോളറായി ഉയരുമെന്നാണ് സൂചന. 
ഇറാനിൽനിന്നുള്ള ഉൽപാദനം കുറയുകയും ലിബിയയിൽനിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുകയും ചെയ്തിട്ടും ഒപെക് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി ജൂണിൽ റെക്കോർഡ് നിലയിൽ ഉയർന്നെന്നാണ് സൗദി അറേബ്യ ഉൽപാദനത്തിൽ വരുത്തിയ വർധനവ് വ്യക്തമാക്കുന്നത്. അടുത്ത മാസം പ്രതിദിന ഉൽപാദനം 1.1 കോടി ബാരലായി ഉയർത്തുന്നതിന് സൗദി അറേബ്യ ശ്രമിക്കുന്നതായി അഭിജ്ഞ വൃത്തങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതിദിന ഉൽപാദനത്തിൽ പത്തു ലക്ഷം ബാരലിന്റെ വർധനവ് ജൂലൈ മുതൽ വരുത്തുന്നതിന് കഴിഞ്ഞ ശനിയാഴ്ച ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ചേർന്ന ഒപെക്കിന്റെയും റഷ്യയുടെയും യോഗത്തിൽ ധാരണയിലെത്തിയിരുന്നു. ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയുന്നതിന് ഉൽപാദനം കുറയ്ക്കുന്നതിന് ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉൽപാദക രാജ്യങ്ങളും ഒരു വർഷത്തിലധികം മുമ്പ് ധാരണയിലെത്തിയിരുന്നു. 
യു.എസ് സമ്മർദത്തെ തുടർന്ന് ഇന്ത്യ ഇറാനിൽനിന്നുള്ള എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതിന്റെ നേട്ടവും സൗദി അറേബ്യക്കാവുമെന്നാണ് സൂചന. ഇന്ത്യ സൗദി അറേബ്യയിൽനിന്ന് കൂടുതൽ ക്രൂഡോയിൽ വാങ്ങാൻ സാധ്യതയേറി. ഇറാന് പകരം സൗദിയെന്ന നിർദേശം അമേരിക്ക തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. വിവിധ എണ്ണക്കമ്പനികളും പെട്രോളിയം മന്ത്രാലയവും ഇതിന്റെ സാധ്യതകൾ പരിശോധിച്ച് വരികയാണ്. 


 

Latest News