കോഴിക്കോട് സ്വദേശിനിയായ യുവതി കൊച്ചിയിൽ മരിച്ച നിലയിൽ; കൂടെ താമസിച്ച യുവാവ് അത്യാസന്ന നിലയിൽ

കൊച്ചി - കോഴിക്കോട് സ്വദേശിനിയായ ഡിജിറ്റൽ മാർക്കറ്റിംഗ് ജീവനക്കാരിയെ കൊച്ചിയിലെ അപ്പാർട്ടുമെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഐ.ടി ജീവനക്കാരനായ യുവാവിനെ ആത്മഹത്യക്കു ശ്രമിച്ച നിലയിൽ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 കോഴിക്കോട് തലക്കുളത്തൂർ വി.കെ റോഡ് കുനിയിൽ വൈഷ്ണവിയെയാണ് (22) അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൂടെ താമസിച്ച ഇടുക്കി തങ്കമണി വെമ്പേലിൽ അലക്‌സ് ജേക്കബിനെ (24) കൈത്തണ്ട മുറിച്ച് മൃതദേഹം കെട്ടിപ്പിടിച്ച നിലയിലും കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊച്ചി കാക്കനാട് പാറക്കാട്ട് ടെമ്പിൾ എം.എൽ.എ റോഡിലെ മൂന്നുനില അപാർട്ട്‌മെന്റിലെ രണ്ടാം നിലയിലാണ് സംഭവമുണ്ടായത്. രണ്ടാഴ്ച മുമ്പാണ് ഇവർ ഇവിടെ റൂം എടുത്തതെന്ന് അപ്പാർട്ട്‌മെന്റ് ഉടമ പറഞ്ഞു. 
 വാട്ടർ അഥോറിറ്റിയിലെ ജീവനക്കാരൻ മീറ്റർ റീഡിംഗ് എടുക്കാനെത്തിയപ്പോൾ റൂമിൽനിന്നുണ്ടായ കരച്ചിലും ഞെരക്കവും കേട്ടുള്ള പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. വൈഷ്ണവിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു അലക്‌സ്. 
 രാത്രി വഴക്കിനെ തുടർന്ന് വൈഷ്ണവി തൊട്ടടുത്ത റൂമിൽ പോവുകയായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയത് ശ്രദ്ധയിൽ പെട്ടത്. ഉടനെ താൻ അഴിച്ചു താഴെ കിടത്തിയതാണെന്നാണ് യുവാവ് പോലീസിന് നൽകിയ മൊഴി. വൈഷ്ണവി പോയതിന്റെ സങ്കടത്തിലാണ് താൻ കൈത്തണ്ട മുറിച്ചതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് പറഞ്ഞു. യുവതിയുടെയും കൈത്തണ്ട മുറിച്ചിട്ടുണ്ട്. റൂമിൽ രക്തം തളം കെട്ടിയ സ്ഥിതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 

Latest News