പട്ടാളത്തെ കുറിച്ച് തമാശ; കോമഡി സംഘത്തിന് ചൈനയില്‍ 21 ലക്ഷം ഡോളര്‍ പിഴ

ബെയ്ജിങ്- ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ (പി.എല്‍.എ.) കുറിച്ച് തമാശ അവതരിപ്പിച്ചതിന് കോമഡി സംഘത്തിന് 21 ലക്ഷം ഡോളര്‍ പിഴ. ഷാങ്ഹായ് സിയാഗുവോ കള്‍ച്ചര്‍ മീഡിയ കമ്പനി അംഗമായ ലി ഹാവോഷി തന്റെ നായയുടെ പെരുമാറ്റത്തെ പട്ടാളച്ചിട്ടയോട് ഉപമിച്ചതാണ് വിവാദമായത്.
കമ്പനിയും ലി ഹാവോഷിയും സൈന്യത്തെ അപമാനിച്ചെന്നാരോപിച്ചാണ് അധികൃതര്‍ പിഴവിധിച്ചത്. നടപടിയെ സ്വാഗതംചെയ്ത കമ്പനി ലിയുമായുള്ള കരാര്‍ റദ്ദാക്കി.
ശനിയാഴ്ച ബെയ്ജിങ്ങിലെ സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടിയിലായിരുന്നു ചൈനീസ് സൈന്യത്തോട് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞ ഒരു വാചകം പരാമര്‍ശിച്ചുള്ള ലിയുടെ വിവാദ തമാശ.
ഇതിന്റെ ശബ്ദരേഖ ചൈനീസ് സാമൂഹികമാധ്യമമായ വെയ്‌ബോയില്‍ പ്രചരിച്ചു. ഒരാള്‍ പരാതി നല്‍കിയതോടെ അധികൃതര്‍ അന്വേഷണം തുടങ്ങുകയായിരുന്നു.
അനധികൃതസമ്പാദ്യമെന്നു പറഞ്ഞ് കോമഡി കമ്പനിയില്‍നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. പിന്നീടാണ് പിഴചുമത്തിയത്. കമ്പനിക്ക് ബെയ്ജിങ്ങില്‍ പരിപാടികള്‍ അവതരിപ്പിക്കാനുള്ള അനുമതിയും നിഷേധിച്ചു. സംഭവത്തില്‍ ലി ഹാവോഷി തന്റെ വെയ്‌ബോ അക്കൗണ്ടിലൂടെ ക്ഷമാപണം നടത്തി.

 

Latest News