ദക്ഷിണ സിറിയ വന്‍ദുരന്തത്തിലേക്കെന്ന് യു.എന്‍ മുന്നറിയിപ്പ്
ജനീവ- ആക്രമണം രൂക്ഷമായ ദക്ഷിണ സിറിയയില്‍നിന്ന് രക്ഷപ്പെടുന്നവരില്‍നിന്ന് അസദ് സേനയും ഐ.എസും പണം ഈടുക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി വെളിപ്പെടുത്തി. സര്‍ക്കാര്‍ ചെക്ക് പോയന്റുകളിലും ഐ.എസ് ബ്ലോക്കുകളിലും പണം നല്‍കാതെ സിവിലിയന്മാര്‍ക്ക് പുറത്തേക്ക് കടക്കാനാവുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം ശരിവെച്ചു. റഷ്യയുടെ സഹായത്തോടെ ദക്ഷിണ സിറിയയിലെ ദര്‍ആ പ്രവശ്യയില്‍ അസദ് സേന കനത്ത ആക്രമണമാണ് നടത്തുന്നത്. ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിലും റോക്കറ്റ്, ബാരല്‍ ബോംബാക്രമണങ്ങളിലും പ്രവിശ്യ തകര്‍ന്നു തരിപ്പണമായിരിക്കയാണ്.
ഇവിടെനിന്ന് സുരക്ഷിത കേന്ദ്രങ്ങള്‍ തേടി 66,000 സിവിലിയന്മാരാണ് പലായനം ചെയ്തത്. ബാക്കിയുള്ളവര്‍ പുറത്തു കടക്കുന്നതിന് ആക്രമണത്തിന്റെ ഇടവേള കാത്തു കഴിയുകയാണെന്നും യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കേ ഇവിടെ കൂടുതല്‍ സിവിലിയന്മാരുടെ ജീവന്‍ അപകടത്തിലായിരിക്കയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു ഭാഗത്ത് സര്‍ക്കാര്‍ സേനയും മറുഭാഗത്ത് ഐ.എസ് പോരാളികളും സിവിലിയന്മാരെ പിടിച്ചുവെച്ചിരിക്കയാണ്. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വിവിധ കക്ഷികള്‍ സിവിലിയന്മാരെ വെച്ച് വിലപേശുന്നത്
അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ദര്‍ആയുടെ തെക്ക്, കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലെ സര്‍ക്കാര്‍ ചെക്ക് പോയന്റുകളിലൂടെ പണം വാങ്ങി മാത്രമാണ് ആളുകളെ കടത്തിവിടുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അസ്സുവൈദ ഗവര്‍ണറേറ്റില്‍നിന്നും ഇതേ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ഐ.എസ് നിയന്ത്രണത്തിലുള്ള ദര്‍ആ പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള യര്‍മൂക്ക് പ്രദേശത്ത് അവരും സിവിലിയന്മാരെ പോകാന്‍ അനുവദിക്കുന്നില്ല. യുദ്ധത്തിലേര്‍പ്പെടുന്ന എല്ലാ വിഭാഗങ്ങളും പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അവര്‍ക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അന്താരാഷ്ട്ര നിയമങ്ങളുടെ ഭാഗമാണെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി ഉണര്‍ത്തി. രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാതയൊരുക്കാനും തങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സുരക്ഷ നല്‍കാനും ബാധ്യതയുണ്ട്. ഈ മാസം 19 ന് പോരാട്ടം രൂക്ഷമായതിനു ശേഷം 49 പേര്‍ മരിച്ചുവെന്നാണ് തന്റെ ഓഫീസിനു ലഭിച്ച വിവരമെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ മരണ സംഖ്യ 96 ആണെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘം പറയുന്നു.
ദക്ഷിണ ഭാഗത്ത് ഏഴര ലക്ഷത്തോളം ജനങ്ങള്‍ ഭീഷണിയിലാണ്. കഴിഞ്ഞ വര്‍ഷം റഷ്യയും ജോര്‍ദാനും അമേരിക്കയും ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇവരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടതാണ്.
അലപ്പോയും കിഴക്കന്‍ ഗൗത്തയും കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചതു പോലുള്ള രൂക്ഷമായ ബോംബാക്രമണത്തെ കുറിച്ചുള്ള ഭീതിയിലാണ് വിമത നിയന്ത്രണത്തിലുള്ള ദക്ഷിണ സിറിയന്‍ പ്രദേശങ്ങള്‍. വന്‍തോതിലുള്ള ആളപായമാണ് ഭയപ്പെടുന്നതെന്നും ഭ്രാന്ത് അവസാനിപ്പിച്ചേ തീരൂവെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി പറഞ്ഞു.