തിരുവനന്തപുരം- കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ജയിച്ച കൗണ്‍സിലറെ മാറ്റി എസ്.എഫ്.ഐ നേതാവിനെ തിരുകിക്കയറ്റി ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആള്‍മാറാട്ടത്തില്‍ സര്‍വകലാശാല പോലീസില്‍ പരാതിപ്പെടാനൊരുങ്ങുന്നതായി സൂചന. സിന്‍ഡിക്കേറ്റ് യോഗം വിഷയത്തില്‍ തീരുമാനമെടുക്കും. ഗവര്‍ണര്‍ അടക്കം വിഷയത്തില്‍ പ്രതികരിച്ച സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാല നിര്‍ബന്ധിതമായിരിക്കുകയാണ്. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ഇടപെടുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. എസ്.എഫ്.ഐ നേതാവ് വിശാഖും പ്രിന്‍സിപ്പല്‍ ഷൈജുവും കുറ്റക്കാരാണെന്നാണ് കേരള സര്‍വകലാശാലയുടെ വിലയിരുത്തല്‍.
ആള്‍മാറാട്ട സംഭവത്തില്‍ എ.ബി.വി.പി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. എസ്.എഫ്.ഐ നേതാവായ വിശാഖിനെ യു.യു.സിയായി തിരുകി കയറ്റാന്‍ വ്യക്തമായ നീക്കമാണ് നടന്നിരിക്കുന്നതെന്ന് എ.ബി.വി.പി പരാതിയില്‍ ചൂണ്ടിക്കാട്ടി. കോളജ് പ്രിന്‍സിപ്പാളിന്റെ അനുവാദത്തോടെയാണ് തിരിമറി നടന്നിരിക്കുന്നതെന്നും വിശാഖിനെതിരെയും പ്രിന്‍സിപ്പാളിനെതിരെയും ഉചിതമായ നടപടി സ്വീകരിക്കണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.റ്റി. ശ്രീഹരി പരാതിയില്‍ ആവശ്യപ്പെട്ടു.