Sorry, you need to enable JavaScript to visit this website.

നിതീഷിന്റെ മിഷന്‍ മോഡി


കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷം അതിന്റെ തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. കോണ്‍ഗ്രസിനെ അവഗണിക്കാനാവില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പിന്റെ സ്വാധീനമാണ് മമതയുടെ നിലപാട് മാറ്റം. കോണ്‍ഗ്രസിന് ശക്തിയുള്ളിടങ്ങൡ അവരെ ഒന്നിച്ചു പിന്തുണക്കുക, അല്ലാത്തിടങ്ങളില്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കുക. യാഥാര്‍ഥ്യ ബോധത്തോടെയുള്ള നിലപാടാണിത്. നിതീഷിന്റെ പരിശ്രമങ്ങള്‍ക്ക് ഇത് ശക്തി പകരും.

 

ലിയ വാതുവെപ്പിന് സമയമായിട്ടില്ല. എങ്കിലും വലിയൊരു പരിശ്രമത്തിന് നാന്ദി കുറിക്കപ്പെട്ടതിന്റെ സൂചനകള്‍ ദൃശ്യമാണ്. തെറ്റായ നിരവധി തുടക്കങ്ങള്‍ക്കും നീക്കങ്ങള്‍ക്കും ശേഷം 2024 ലെ വലിയ പോരാട്ടത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നീക്കമാകേണ്ട പ്രതിപക്ഷ ഐക്യം അവ്യക്തമായിട്ടെങ്കിലും ഒടുവില്‍ രൂപപ്പെടുന്നതായി തോന്നുന്നു. നരേന്ദ്ര മോഡി എന്ന മനുഷ്യനെതിരേ എല്ലാവരെയും ഒരുമിച്ചു നിര്‍ത്താന്‍ ഒരു ഇടയന്റെ വേഷം കെട്ടാന്‍ തീരുമാനിച്ചത് നിതീഷ് കുമാറാണ്. തന്റെ പുതിയ വേഷത്തില്‍ അദ്ദേഹം വിജയിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ അഭിപ്രായം പറയാനാകില്ല. പക്ഷേ അദ്ദേഹത്തിന് മികച്ച തുടക്കം ലഭിച്ചുവെന്ന് ആര്‍ക്കും പറയാം. ഐക്യത്തിന്റെ രൂപരേഖകള്‍ പ്രോത്സാഹജനകമായി കാണപ്പെടുന്നു,  പുകമറകളില്‍നിന്ന് ഒരു രൂപം ഉയര്‍ന്നുവരുന്നതായി കാണുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ഒരു ചൂണ്ടുപലകയാണ്. കോണ്‍ഗ്രസിനെ എഴുതിത്തള്ളാറായിട്ടില്ലെന്നും ജനങ്ങളെ ഒരുമിച്ചു നിര്‍ത്താനുള്ള ശേഷിയുണ്ടെങ്കില്‍ അസാധ്യമായത് സാധ്യമാകുമെന്നും അത് തെളിയിക്കുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പ്രതിപക്ഷ സഖ്യം എന്ന ചിന്തയില്‍നിന്ന് പ്രതിപക്ഷ നേതാക്കളെ അത്  സാമാന്യമായി മുക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് വിരുദ്ധത അടയാളമായി സ്വീകരിച്ചിട്ടുള്ള സി.പി.എമ്മിലെ ഒരു വിഭാഗം ഈ ചിന്തയെ സ്വാംശീകരിക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും കര്‍ണാടക ദേശീയ പ്രതിപക്ഷത്തിന് ഒരു ദിശാബോധം നല്‍കിയിട്ടുണ്ട്. മമതയുടെ നിലപാട് മാറ്റം അത് വ്യക്തമാക്കുന്നു.
മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും മമത ബാനര്‍ജിയുമായും ക്രിയാത്മകമായ കൂടിക്കാഴ്ചയാണ് നിതീഷ് കുമാര്‍ നടത്തിയത്. എങ്കിലും പ്രതിപക്ഷ ഐക്യം മൂര്‍ത്തമായ രൂപം കൈക്കൊള്ളണമെങ്കില്‍ നിതീഷ് കുമാറിന് ദല്‍ഹിയിലേക്കും മറ്റു സംസ്ഥാന തലസ്ഥാനങ്ങളിലേക്കും നിരവധി യാത്രകള്‍ നടത്തേണ്ടിവരും. അദ്ദേഹത്തിന്റെ കൊല്‍ക്കത്ത, ലഖ്നൗ സന്ദര്‍ശനങ്ങള്‍ ആദ്യഘട്ടം പൂര്‍ത്തിയായി. ബിഹാര്‍ മുഖ്യമന്ത്രി ആദ്യം കണ്ടത് മമത ബാനര്‍ജിയെയാണ്, അവര്‍ കോണ്‍ഗ്രസിനെ താഴ്ത്തിക്കെട്ടാന്‍ ഉദ്ദേശിക്കുന്നുവെന്ന ധാരണ തകര്‍ക്കാന്‍ കഴിഞ്ഞു. താന്‍ അഹംഭാവത്താല്‍ നയിക്കപ്പെടുന്നില്ലെന്ന് അവര്‍ സൂചന നല്‍കി. പ്രതിപക്ഷ ഐക്യം ഉണ്ടാകണമെങ്കില്‍, കോണ്‍ഗ്രസുമായി ചുമതല പങ്കിടണമെങ്കില്‍, അവര്‍ക്ക് അതില്‍ കുഴപ്പമില്ല. ഇതാണ് യഥാര്‍ഥ ബ്രേക്കിംഗ് ന്യൂസ്, ഇത് ബി.ജെ.പിയെ ശരിക്കും ആശങ്കപ്പെടുത്തും.

അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയുടെ ഉള്ളടക്കം അത്ര വ്യക്തമല്ലെങ്കിലും അദ്ദേഹത്തിന് ഈ ഗെയിമില്‍ സജീവമായ കളിക്കാരനാകാമെന്നുള്ള സൂചന നിതീഷ് നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് വല്യേട്ടനെപ്പോലെ പെരുമാറരുതെന്നും യു.പി സമാജ്വാദി പാര്‍ട്ടിക്ക് വിടണമെന്നുമാണ് അഖിലേഷിന്റെ ഒരേയൊരു ആവശ്യം. നിലവില്‍, തന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് യു.പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലായിരുന്നു എന്ന വസ്തുത അദ്ദേഹത്തിന് അറിയാം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അതിന്റെ സാമൂഹിക അടിത്തറ 10 ശതമാനം വര്‍ധിപ്പിച്ചു, ഇത് സമാജ്വാദി പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ട് ശതമാനമാണ്.

2019 ല്‍ അഖിലേഷ് യാദവ്, മായാവതിയുമായി ചേര്‍ന്നുനിന്നപ്പോഴും മോഡിയെ തടയാന്‍ കഴിഞ്ഞില്ല. മായാവതിയെ വിടുക, അഖിലേഷ് യാദവിനെ കുറിച്ച് ഒരാള്‍ക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരിക്കണമെന്ന് വാദിക്കാം. എന്നാല്‍ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും പരമ്പരാഗത എതിരാളികളാണെന്നും രണ്ട് പതിറ്റാണ്ടിലേറെയായി യു.പിയില്‍ അധികാരക്കസേര പിടിക്കാന്‍ പരസ്പരം പോരടിക്കുകയാണെന്നും നാം മറക്കരുത്. മായാവതി നാല് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കില്‍ മുലായം സിംഗും അഖിലേഷ് യാദവും സമാനമായി നാല് തവണ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അവരുടെ പാര്‍ട്ടി കാഡര്‍മാര്‍ വര്‍ഷങ്ങളായി പരസ്പരം പോരടിക്കുന്നു. അതിനാല്‍, ഇരുപാര്‍ട്ടികള്‍ക്കും ഒരുമിച്ച് വരാമെന്നും അവരുടെ പാര്‍ട്ടിക്കാരും അനുഭാവികളും തങ്ങളുടെ വോട്ടുകള്‍ പരസ്പരം കൈമാറുമെന്നും കരുതുന്നത് അമിത പ്രതീക്ഷയാകും. ദളിതരും ഒ.ബി.സിയും പ്രത്യേകിച്ച് യാദവ സമുദായവും സുഹൃത്തുക്കളല്ലെന്ന് യു.പിയില്‍ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് കേവലം നേതാക്കളുടെ യോഗം അണികളുടെ ഒരുമയിലേക്ക് നയിക്കില്ല. യു.പിയില്‍ മായാവതി ഒറ്റക്ക് മത്സരിച്ചാല്‍ ദളിത് വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നതിനാല്‍ അത് സമാജ്വാദി പാര്‍ട്ടിയെ പരോക്ഷമായി സഹായിച്ചേക്കാം എന്ന വാദത്തില്‍ അതിശയിക്കാനില്ല. മായാവതിയും അഖിലേഷും ഒന്നിച്ചു മത്സരിച്ചാല്‍ ദളിത് വോട്ട് ബി.ജെ.പിക്ക് പോയേക്കാം.

ഈ അഭ്യാസത്തില്‍, ഒരു വ്യക്തിയെ പൂര്‍ണമായും മറക്കരുത്. ആ വ്യക്തി തേജസ്വി യാദവ് ആണ്, അദ്ദേഹത്തിന്റെ കുടുംബം മോഡി സര്‍ക്കാരിന്റെ രോഷം നേരിടുന്നു. കുടുംബം മുഴുവന്‍ സി.ബി.ഐയുടെയും ഇ.ഡിയുടെയും നോട്ടീസുകളാല്‍ മുങ്ങുകയും റെയ്ഡുകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും വിധേയമാകുകയും ചെയ്തിട്ടുണ്ട്. നിതീഷ് കുമാറിന്റെ ദല്‍ഹി സന്ദര്‍ശനത്തിലും ഇത്തവണ കൊല്‍ക്കത്തയിലും ലഖ്നൗവിലും തേജസ്വി ഒപ്പമുണ്ടായിരുന്നു. ജെ.ഡി.യുവും ആര്‍.ജെ.ഡിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന അഭ്യൂഹം ഇല്ലാതാക്കാന്‍ നിതീഷ് കുമാര്‍ കിണഞ്ഞു ശ്രമിക്കുന്നു. എല്ലാ കിംവദന്തികളും ഗൂഢാലോചന സിദ്ധാന്തങ്ങളും ഉണ്ടായിരുന്നിട്ടും ഇരു പാര്‍ട്ടികളും ഉറച്ചുനില്‍ക്കുന്നതായി തോന്നുന്നു. തേജസ്വിയെ ഭാവിയിലേക്ക് പരിശീലിപ്പിക്കാന്‍ നിതീഷ് കുമാര്‍ തന്റെ ചിറകിന്‍കീഴിലാക്കിയതു കാണാം. ഈ സന്ദേശം കൂടുതല്‍ ശക്തമാണ്, അത് ശരിക്കും ബി.ജെ.പിയെ അസ്വസ്ഥരാക്കും.

നിതീഷ് കുമാറിന്റെയും തേജസ്വിയുടെയും കൂട്ടുകെട്ട് ബി.ജെ.പിയുടെ 'കമണ്ഡല'ത്തിനെതിരെ മണ്ഡല്‍ രാഷ്ട്രീയത്തിന്റെ ഒരു പുതിയ ശില്‍പം പണിയുകയാണ്. മോഡിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വം അഭൂതപൂര്‍വമായ ഔന്നത്യം കൈവരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ബി.ജെ.പിയുടെ സാമൂഹിക അടിത്തറ കൂടുതല്‍ ഉറപ്പിച്ചു. യു.പിയിലും ബിഹാറിലും ഒ.ബി.സി വോട്ടര്‍മാരില്‍ ഒരു വിഭാഗം ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലുമായി 120 ലോക്സഭാ സീറ്റുകളാണുള്ളത്. സാമൂഹ്യ നീതിയുടെ അവബോധം വീണ്ടും ശക്തമായി പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെങ്കില്‍, അത് മണ്ഡല രാഷ്ട്രീയത്തിന്റെ കോട്ടയില്‍ ഹിന്ദുത്വത്തിന്റെ ആത്മാവിനെ തളര്‍ത്താന്‍ സാധ്യതയുണ്ട്.

ലഖ്നൗവില്‍ നിതീഷ് കുമാറിന്റെയും തേജസ്വിയുടെയും അഖിലേഷ് യാദവിന്റെയും ഒരു ഫ്രെയിമിലെ കൂട്ടായ സാന്നിധ്യം പ്രതീകാത്മകമാണ്. ഒ.ബി.സി രാഷ്ട്രീയത്തിന്റെ യഥാര്‍ഥ പ്രതിനിധികള്‍ ഒരിക്കല്‍ കൂടി ഒന്നിച്ചിരിക്കുന്നു എന്ന സൂചന ഇത് ഒ.ബി.സി വോട്ടര്‍മാര്‍ക്ക് നല്‍കുന്നു.  മോഡി സര്‍ക്കാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്ന് മൂവരും ആവശ്യപ്പെട്ടത് യാദൃഛികമല്ല. ഈ സംഭവ വികാസത്തില്‍ ബി.ജെ.പിക്ക് അതൃപ്തിയുണ്ട്, കാരണം ഇത് ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഘടകത്തിന് എതിരാണ്. ജാതി സെന്‍സസിന് രാഹുല്‍ ഗാന്ധിയും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അതേസമയം, 2024 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമല്ലെങ്കില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്റെ പാര്‍ട്ടിയായ ബി.ആര്‍.എസ് തയാറാണെന്നു കെ. ചന്ദ്രശേഖര്‍ റാവു പറയുന്നു. പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് ആധിപത്യത്തിനായി നിര്‍ബന്ധം പിടിക്കില്ലെന്ന് ഖാര്‍ഗെ  പ്രഖ്യാപിച്ചിട്ടുണ്ട്. കെ.സി.ആര്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവര്‍ ഇതുവരെ കോണ്‍ഗ്രസിനൊപ്പം നടക്കാന്‍ തയാറായിരുന്നില്ല. അതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്.

നിതീഷ് കുമാറിന്റെ ഉദ്യമം അടുത്ത കാലം വരെ കാണാതെ പോയ ഒരു തരം കെട്ടുറപ്പിന് കാരണമാകുന്നു എന്നത് ഈ നിലപാട് മാറ്റങ്ങളില്‍നിന്ന് വ്യക്തമാണ്. പ്രത്യയശാസ്ത്രപരമായ ഒരു ധാരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നുണ്ട്. വര്‍ഗീയ വിരുദ്ധമായ മതേതര രാഷ്ട്രീയം ഭരണഘടന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സാമൂഹിക നീതിയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതായത് സംഖ്യകള്‍ മാത്രമല്ല, സാമൂഹിക രസതന്ത്രവും പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരീക്ഷണ ശാലയില്‍ പാകം ചെയ്യപ്പെടുന്നു. എളുപ്പത്തില്‍ അവഗണിക്കാവുന്നതല്ല അതെന്ന് ചുരുക്കം.

 

Latest News