ഗ്യാന്‍വാപി മസ്ജിദിലെ ശിവലിംഗം; ശാസ്ത്രീയ പരിശോധന സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ വാരണസിയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയതും  ശിവലിംഗമെന്ന് അവകാശപ്പെടുന്നതുമായ വസ്തുവിന്റെ ശാസ്ത്രീയ പരിശോധനക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ.
ശ്രദ്ധാപൂര്‍വം ഇടപെടേണ്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി. നരസിംഹ, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരാണ് ഉത്തരവിട്ടത്. ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ്ങ് ഉള്‍പ്പെടെയുള്ള തീരുമാനത്തിനെതിരെയുള്ള മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
അലഹബാദ് കോടതിയിലെ ഉത്തരവുകള്‍ കുറ്റമറ്റതാണെന്ന് പരിശോധിച്ച്  ഉറപ്പുവരുത്തേണ്ടതിനാല്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നത് അടുത്ത തിയ്യതിയിലേക്ക് മാറ്റുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.  
കേന്ദ്ര സര്‍ക്കാറിനും ഉത്തര്‍പ്രദേശിനും ഹിന്ദു ഹരജിക്കാര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ശാസ്ത്രീയ സര്‍വേ മാറ്റി വെക്കാന്‍ കേന്ദ്രവും ഉത്തര്‍ പ്രദേശ് സര്‍ക്കാരും സമ്മതിച്ചു.

 

Latest News