Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മേഖലയെ സംഘര്‍ഷഭൂമിയാക്കാന്‍ അനുവദിക്കില്ല; അറബ് ഉച്ചകോടിയിൽ സൗദി കിരീടാവകാശി

ജിദ്ദ- അറബ് രാജ്യങ്ങളെ സംഘര്‍ഷങ്ങളുടെ മേഖലയാക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് 32-ാമത് അറബ് ഉച്ചകോടിയില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു കിരീടാവകാശി. വികസന പ്രക്രിയ താറുമാറായ, സംഘര്‍ഷങ്ങളുടെ വേദനാജനകമായ വര്‍ഷങ്ങള്‍ ഓര്‍ത്തുകൊണ്ട് ഭൂതകാലത്തിന്റെ പേജുകള്‍ അടച്ചുവെക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
വികസിതവും നേതൃപരവുമായ സ്ഥാനം ഏറ്റെടുക്കാന്‍ അനുകൂലമായ ഘടകങ്ങള്‍ അറബ് ലോകത്തുണ്ട്. അറബ് ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന നിലക്ക് സമാധാനം, നന്മ, സഹകരണം, നിര്‍മാണം എന്നിവക്കായി അറബ് രാജ്യങ്ങള്‍ മുന്നോട്ടുപോവുകയാണെന്ന് അയല്‍ രാജ്യങ്ങള്‍ക്കും പടിഞ്ഞാറും കിഴക്കും ഉള്ള സുഹൃത്തുക്കള്‍ക്കും ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെയും സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിച്ചതിനെയും സ്വാഗതം ചെയ്യുന്നു. സിറിയയുടെ സ്ഥിരതക്കും സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാനും ഇത് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു.
അറബികളുടെയും മുസ്‌ലിംകളുടെയും കേന്ദ്ര പ്രശ്‌നമാണ് ഫലസ്തീന്‍. സൗദി അറേബ്യയുടെ വിദേശ നയത്തില്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നതും ഫലസ്തീന്‍ പ്രശ്‌നത്തിനാണ്. സ്വന്തം ഭൂമിയും അവകാശങ്ങളും വീണ്ടെടുക്കുന്ന കാര്യത്തിലും, യു.എന്‍ തീരുമാനങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലും ഫലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കാന്‍ സൗദി അറേബ്യ ഒരിക്കലും അമാന്തിച്ചു നിന്നിട്ടില്ല.
അറബ് പ്രശ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സൗദി അറേബ്യ തീവ്രപ്രയത്‌നങ്ങള്‍ നടത്തുന്നു. യെമന്‍ സംഘര്‍ഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരത്തിന് കാണാന്‍ ശ്രമിച്ച് യെമന്‍ കക്ഷികളെ സൗദി അറേബ്യ സഹായിക്കുന്നു. സുഡാന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും സുഡാന്‍ ജനതയുടെ സുരക്ഷയും ആര്‍ജിത നേട്ടങ്ങളും സംരക്ഷിക്കാനും സുഡാന്‍ സംഘര്‍ഷത്തിന് സംവാദത്തിലൂടെ പരിഹാരം കാണണം. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനുമുള്ള പ്രതിബദ്ധത വ്യക്തമാക്കി ജിദ്ദ പ്രഖ്യാപനത്തില്‍ സുഡാന്‍ കക്ഷികള്‍ ഒപ്പുവെച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. ചര്‍ച്ചകളിലൂടെ സുഡാന്‍ കക്ഷികള്‍ വെടിനിര്‍ത്തലിന് ഊന്നല്‍ നല്‍കണമെന്നാണ് പ്രത്യാശിക്കുന്നത്. സുഡാനില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹോദര, സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ് ട്ര സമൂഹവുമായും സഹകരിക്കുന്നത് സൗദി അറേബ്യ തുടരും.
ഉക്രൈന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങളെയും സൗദി അറേബ്യ പിന്തുണക്കും. റഷ്യക്കും ഉക്രൈനുമിടയില്‍ സൗദി അറേബ്യ മധ്യസ്ഥശ്രമങ്ങള്‍ തുടരും. ഉക്രൈന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ള മുഴുവന്‍ അന്താരാഷ്ട്ര ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കും. ആഗോള തലത്തില്‍ വികസിതവും നേതൃപരവുമായ സ്ഥാനം ഏറ്റെടുക്കാനും നമ്മുടെ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും എല്ലാ മേഖലകളിലും സമഗ്രമായ അഭിവൃദ്ധി കൈവരിക്കാനും മതിയായ നാഗരികവും സാംസ്‌കാരികവുമായ അടിത്തറയും മാനുഷിക, പ്രകൃതി വിഭവങ്ങളും അറബ് ലോകത്തുണ്ടെന്നും കിരീടാവകാശി പറഞ്ഞു.
പന്ത്രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം സിറിയയുടെ അറബ് ലീഗ് അംഗത്വം പുനഃസ്ഥാപിക്കുകയും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ സിറിയയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിക്കുകയും അറബ് രാജ്യങ്ങളും ഇറാനും തമ്മില്‍ അടുപ്പം സ്ഥാപിക്കുകയും യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷകള്‍ ഉയരുകയും ചെയ്തതിലൂടെ ഉടലെടുത്ത പ്രത്യാശകളുടെയും ആഴ്ചകള്‍ക്കു മുമ്പ് പൊട്ടിപ്പുറപ്പെട്ട സുഡാന്‍ ആഭ്യന്തര യുദ്ധം വീഴ്ത്തിയ കരിനിഴലിന്റെയും പശ്ചാത്തലത്തിലാണ് ജിദ്ദ അറബ് ഉച്ചകോടി അരങ്ങേറിയത്.

 

Latest News