വിമാനം ആമസോണ്‍ കാട്ടില്‍ തകര്‍ന്നു വീണു,  രണ്ടാഴ്ച കഴിഞ്ഞ് കുട്ടികളെ ജീവനോടെ കണ്ടെത്തി 

ബഗോട്ട- രണ്ടാഴ്ച മുന്‍പ് നടന്ന വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം നാല് കുട്ടികള്‍ കൊളംബിയന്‍ മേഖലയിലുള്ള ആമസോണ്‍ കാട്ടില്‍ ജീവനോടെയുള്ളതായി കണ്ടെത്തി. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആണ് ഇക്കാര്യം അറിയിച്ചത്. 
തെക്കന്‍ കാക്വെറ്റ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആമസോണ്‍ വനമേഖലയിലൂടെ പറന്ന കൊളംബിയയുടെ വിമാനം മെയ് 1നാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. 
ഹ്യുട്ടോട്ടോ സ്വദേശികളായ പതിമൂന്നും, ഒന്‍പതും, നാലും, പതിനൊന്ന് മാസവും പ്രായമുള്ള കുഞ്ഞുങ്ങളാണ് കാട്ടിലുള്ളത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പൈലറ്റും രണ്ട് മുതിര്‍ന്നവരും അടക്കം മൂന്നുപേരുടെ മൃതദേഹങ്ങള്‍ കാട്ടില്‍ നിന്ന് സൈനികര്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ ഒരാളായ റാനോഖ് മുകുട്ടുയി ജീവനോടെയുണ്ടെന്ന് കണ്ടെത്തിയ നാല് കുട്ടികളുടെ അമ്മയാണ്. കാട്ടില്‍ നിന്ന് കൊളംബിയന്‍ ആമസോണ്‍ കാട്ടിലെ പ്രധാന നഗരങ്ങളിലൊന്നായ സാന്‍ ജോസ് ഡെല്‍ ഗൗവൈയാരെയിലേയ്ക്ക് വിമാനത്തില്‍ പോകവേയാണ് അപകടമുണ്ടായത്. 
നാല് കുട്ടികളും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. ബുധനാഴ്ച തെരച്ചില്‍ നടത്തുന്നതിനിടെ ചില്ലകളും കമ്പുകളും വച്ചുണ്ടാക്കിയ വീടുപോലുള്ള നിര്‍മാണം കണ്ടതിനുപിന്നാലെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതാണ് കാട്ടിനുള്ളില്‍ വിമാനാപകടത്തില്‍ രക്ഷപ്പെട്ടവരുണ്ടാകാമെന്ന നിഗമനത്തില്‍ സൈനികര്‍ എത്താന്‍ കാരണമായത്. കത്രിക, കുഞ്ഞിന് വെള്ളം കുടിക്കാനുള്ള ബോട്ടില്‍, പകുതി കഴിച്ച പഴം എന്നിവയും കണ്ടെത്തി.കൂറ്റന്‍ മരങ്ങളും, കാട്ടുമൃഗങ്ങളും, കനത്ത മഴയും തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് കുഞ്ഞുങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചത്. നാല് ഹെലികോപ്ടറുകള്‍ കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതിലൊന്നില്‍ നിന്ന് കുട്ടികളുടെ അമ്മൂമ്മയുടെ ശബ്ദസന്ദേശവും പുറപ്പെടുവിച്ചു. കാട്ടിലൂടെ സഞ്ചരിക്കരുതെന്ന് കുഞ്ഞുങ്ങളോട് പറയുന്ന സന്ദേശമാണ് പുറത്തുവിട്ടത്. കാടിനോട് ചേര്‍ന്ന് ജീവിക്കുന്നവരാണ് ഹ്യുട്ടോട്ടോയിലെ ജനങ്ങള്‍. വേട്ടയാടാനും, മീന്‍പിടിക്കാനും മറ്റുമുള്ള അവരുടെ കഴിവുകളാകാം കുട്ടികളെ അതിജീവിക്കാന്‍ സഹായിച്ചതെന്നാണ് അധികൃതരുടെ നിഗമനം.
 

Latest News